Friday, June 17, 2011

മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി...

കുറച്ചുനാളായിട്ടില്ലാതിരിക്കുവാരുന്നു...

വീണ്ടും തുടങ്ങി... എന്തുവാ... ആ അത് തന്നെ..

ജീവിതം മടുത്ത് തുടങ്ങിയെന്ന്....

ഇമ്മടെ സലിംകുമാറണ്ണന്‍,,, അയ്യൊ സോറി... ഭരത് സലിം കുമാറണ്ണന്‍ പറഞ്ഞത് പോലെ... “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍...”

മനുഷേന് ജീവിക്കാന്‍ എന്തൊക്കെ വേണം... ജലം, വായു, ഭക്ഷണം... മതിയോ..

അയ്യോ അല്ലേ... നമ്മളും രണ്ടാം തരത്തില്‍ 'ചയന്‍സ്സ്' പഠിച്ചതാണേ.... അന്ന് റോസി ടീച്ചറ് പറഞ്ഞത് വസ്ത്രവും പാര്‍പ്പിടവും കൂടി വേണമെന്നാ... (അതില്‍ വസ്ത്രത്തിനു പിന്നിലെ സൈക്കോളജി അന്നും ഇന്നും എനിക്കത്ര ദഹിച്ചിട്ടില്ലെങ്കിലും.. ആ അത് പോട്ടെ..)

എന്നാലും ഇത്രയും മതിയോ... വെറും നിലനില്പ്പാണ് ആവശ്യമെങ്കില്‍ ശരി സമ്മതിച്ചു,, ഇതൊക്കെ തന്നെ ധാരാളം. പക്ഷെ ജീവിക്കുവാന്‍ എന്ന് പറയുമ്പോള്‍ അതില്‍ ജീവിതം എന്നൊരു ഘടകം കൂടി നുഴഞ്ഞു കയറി വരുന്നില്ലെ...?

അതവിടുന്നും പോയി...

അപ്പോഴിനി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുവാന്‍ പോകണം.. ജീവന് വളമായി ആഗ്രഹങ്ങള്‍ വേണം... കനിയായി അംഗീകാരം വിളയണം...


അല്ലേലും എനിക്കന്നേ തോന്നിയതാ.. എന്തുവാ... ആ അത് തന്നെ...

ബുദ്ധനു വട്ടാണെന്ന്..

ആഗ്രഹങ്ങള്‍ പാടില്ല പോലും...

ആ പാടില്ല കോയാ... നല്ല എളുപ്പമാണെന്ന്, അതന്നെയല്ലെ നമ്മളും പറഞ്ഞു വരേണത്..

ഓ എന്നതാ, അതിനിടയ്ക്കും അളിഞ്ഞ കോമഡി.. നിര്‍ത്തീട്ടെണീച്ച് പോഴെ.....

അല്ല അതായത്,, കഷ്ടതകള്‍ക്കാധാരമാകുന്നത് ആഗ്രഹങ്ങളാണെന്നൊക്കെ പറഞ്ഞാല്‍,, ഹാ എന്നതാ ഇത്.. ആഗ്രഹങ്ങളില്ലാതെ മനുഷേനെങ്ങനെ ജീവിക്കുമെന്നാ ഈ പറേണത്..

ജീവിക്കുവാന്‍ ഒരു ഒരു ഇത് വേണ്ടായോ.. ഏത്... ആ അത് തന്നെ..

ഹല്ലാതെ പിന്നെ...!!!

നീ നിന്റെ ഈഗോയെ ചാമ്പലാക്കൂ... എന്നിട്ട് നീ എല്ലാമെല്ലാമായ ഒന്നുമില്ലായ്മയുടെ അനന്തതയിലേയ്ക്ക് അലിഞ്ഞു ചേരൂ എന്നൊക്കെ പറഞ്ഞാല്‍...

ആ കേള്‍ക്കാന്‍ സുഖമുണ്ട്... എന്നും വെച്ചോണ്ട് അണ്ടര്‍വെയറൂരിയെറിയുന്ന പോലെ എറിഞ്ഞാല്‍ പോകുന്ന സാധനമല്ലേ ഈ ഈഗോ... പിന്നെ അലിഞ്ഞ് ചേരാന്‍ അങ്ങോട്ട് ചെല്ല്... ഒന്നുമില്ലായ്മയവിടെ വായും പോളിച്ച് അനന്തതയും കാണിച്ച് നില്പ്പോണ്ടാരിക്കും അലിയിച്ച് ചേര്‍ക്കാന്‍... ഒന്നു പോടാപ്പാ...

ങ്ങാ എനിക്കപ്പഴേ തോന്നിയതാ ഈ ബുദ്ധന്മാര്‍ക്കെല്ലാം വട്ടാണെന്ന്... പക്ഷെ ഉള്ളത് പറയണം കെട്ടൊ, ആരും കൊതിക്കുന്ന സുഖമുള്ള ഒരു വട്ട്...


യൂണിവേഴ്സിങ്ങനെ വലുതായി വലുതായി വരാത്രെ... ഞാനല്ല,, ചയന്‍സറിയാവുന്ന ലോ ലാ ചേച്ചിയാ പറഞ്ഞത്..

ബ്രഹ്മണും ഇങ്ങനെ വലുതായി വലുതായി വരാത്രെ... ഇതും ഞാനല്ല,, അനന്തതയിലേയ്ക്ക് പണ്ടെങ്ങാണ്ടോ ഊളിയിട്ടിറങ്ങി അലിഞ്ഞ് ചേര്‍ന്ന ലോ ലാ ചേട്ടനാ പറഞ്ഞത്..


അങ്ങനൊരു കാര്യത്തിലെങ്കിലും തീരുമാനമുണ്ടായി.. മനുഷേനിനി എങ്ങനൊക്കെ തലകുത്തി നിന്ന് തല പുണ്ണാക്കിയാലും ഇതിന്റൊന്നും അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും കണ്ട് പിടിക്കാന്‍ പോണില്ലെന്റപ്പനേ...

ആകുമായിരുന്നെങ്കില്‍ എന്നേ ആകാമായിരുന്നു..

അല്ല അതിപ്പൊ എങ്ങനാ... അറ്റോം മുറീം തപ്പി ഒരു മൂലയ്ക്കെത്താറാകുമ്പോഴത്തേക്കും മൂല മൂലത്തിലെ പോടീം തട്ടീ ദാ ദതിന്റെ ദപ്പുറത്ത് വരെ എത്തിയിട്ടുണ്ടാവും... ഹാ ഇതിങ്ങനെ വലുതായിക്കോണ്ട് വലുതായിക്കോണ്ട് ഇരിക്കുവല്ലിയോ.. പിന്നെങ്ങനെ തപ്പി തപ്പി ഒരറ്റത്തോട്ടെത്താനാണെന്ന്...


"എന്താണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല ആവി വന്നീല്ല... പുട്ടിന് ആവി വന്നീല്ല...”.. വെറുതെ, ഒരു പാട്ട് മൂളിയതാ... എന്തെ ഇട്ടപ്പെട്ടില്ലെ....


മനുഷേന്‍ പിന്നേം ഇങ്ങനെ ജീവിച്ചുകൊണ്ടേ ഇരിക്കും... ആവശ്യമില്ലാത്ത ആദര്‍ശങ്ങളും കെട്ടിപ്പിടിച്ച്, ആഗ്രഹങ്ങളുടെ വിഴുപ്പു ഭാണ്ടവും ചുമന്ന്, മൊറാലിറ്റിയുടെ മുഖം മൂടിയുമണിഞ്ഞ്, ആരോ വലിക്കുന്ന ചരടിനു ചുവട്ടില്‍ പാവക്കൂത്താടി ഇങ്ങനെ ഇങ്ങനെ...


അല്ലേലും എനിക്ക് പലപ്പോഴും തോന്നിയതാ...

എന്തുവാ.. ആ അത് തന്നെ...

മനുഷേന്‍ ഈ ലോകത്തിനു ഏറ്റവും അനുയോജ്യനല്ലാത്ത ഒരു ഹതഭാഗ്യനാണെന്ന്...

ജനിച്ച് വീണയുടന്‍ സ്വയം അമ്മിഞ്ഞ തേടി പാല്‍നുണയാന്‍ പോലും കഴിവില്ലാത്ത, കരയാന്‍ മാത്രമറിഞ്ഞുകൊണ്ട് ഭൂമിയിലേയ്ക്ക് കെട്ടിയെടുക്കുന്ന കൊച്ച് കഴുവേറി... എന്നിട്ടും most adaptable among all living species എന്ന ഖ്യാതി ബാക്കി... ലോകത്തിനു ജന്മി താനെന്ന അഹങ്കാരവും കൂടെപ്പിറപ്പായപ്പോള്‍ പൂര്‍ത്തിയായി...

എന്തിനാ ജീവിക്കുന്നതെന്നു പോലുമറിയാത്ത മരപ്പൊട്ടന്‍.... എന്നിട്ടും പിന്നേം pro-create ചെയ്ത് ജീനും propagate ചെയ്ത് നടക്കുവാ... മരമണ്ടന്‍... മരപ്പൊട്ടന്‍... !!!

എടോ ദൈവം എന്ന് പേരുള്ള തേര്‍ഡ് റേയ്റ്റ് ചെറ്റെ.... തനിക്കെന്നെ വല്ല പട്ടിയായി ജനിപ്പിച്ചൂടാരുന്നൊ... ഈ നൂലാമാലകളൊന്നും അറിയേണ്ടായിരുന്നല്ലൊ...

വേണ്ട... ഒന്നുമില്ലേലും കന്നിമാസത്തിലെങ്കിലും ഒന്ന് അര്‍മാദിക്കാരുന്നല്ലൊ.... !!!

Sunday, March 20, 2011

ഹോളി ഹേ... !!!

രാവിലെ ഒന്ന് പല്ല് തേക്കാന്‍ മുറിക്ക് പുറത്തിറങ്ങിയ ഞാനാ.... ലവന്മാര്‍ വന്ന് പൊക്കിക്കോണ്ട് പോയത് മാത്രം ഓര്‍മയുണ്ട്... പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു..... അല്ല... ഈ ഹോളിയേ..... !!!

രണ്ടാം ക്ളാസ്സ് മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഈ ഹോളി ഹോളി എന്നു കേട്ട് വന്നിരുന്നെങ്കിലും, വടക്കേ ഇന്ത്യക്കാര്‍ക്ക് ഹോളിഡേ കിട്ടുന്ന ഒരു ദിവസം എന്നതിനേക്കാളുപരി അപ്പറഞ്ഞ സാധനത്തെപ്പറ്റി യാതൊരുവിധ ബോധവും ഉള്ളതിന്‍റെ അഹങ്കാരം എനിക്കില്ലായിരുന്നു...

അതുകൊണ്ട് തന്നെ ഇങ്ങ് കാണ്‍പൂര്‍ എത്തി പണ്ടാരടങ്ങി കിടക്കുന്ന ഈ വര്‍ഷവും ‘ഹോളി വരുന്നേ... ഹോളി വരുന്നേ’ എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു ദക്ഷിണേന്ത്യക്കാരനായിപ്പോയതു കൊണ്ട് മാത്രം കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷമായി നിഷേധിക്കപ്പെട്ട ആ ഹോളിഡേ ആദ്യമായി കിട്ടാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ... കൂട്ടത്തില്‍ എന്താണ് ഈ ഹോളി എന്നറിയാന്‍ ചെറിയ ഒരു ആകാംക്ഷയും....

പക്ഷെ ഹോളി പുറപ്പെടുവിച്ച ആ ആകാംക്ഷയ്ക്ക് കാലത്ത് കട്ടിലില്‍ നിന്നും എന്റെ കാലൊന്ന് പൊക്കി നിലത്തേക്കെത്തിക്കാന്‍ മാത്രം കെല്പൊന്നും ഇല്ലാത്തത് കൊണ്ടൊ എന്തോ, എണീറ്റ് പിടിച്ച് വന്നപ്പോഴത്തേക്കും സ്ഥിരം സംഭവിക്കാറുള്ളത് പോലെ തന്നെ ചെറിയ സൂചി പത്തും വലിയ സൂചി മുപ്പതും പിടിച്ചിരുന്നു...

“എന്നാല്‍ പിന്നെ ഏതായാലും ഹോളി ഒക്കെയല്ലെ, ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടെ, രാവിലെ തന്നെ ഒന്ന് പല്ലു തേച്ച് കളയാം” എന്ന തീരുമാനത്തില്‍ അടിയുറച്ച് ഞാന്‍ മുറി വിട്ടിറങ്ങി....

ഇറങ്ങിയപാടെ നാല് പാടും കണ്ണോടിച്ചെങ്കിലും ഹോളിയുടേതായ ബഹളമൊന്നും ഒരിടത്തും കാണാനില്ല... ഓഹോ... അപ്പൊ ഇത്രെ ഒക്കയെ ഉള്ളു... ഇതിപ്പൊ ‘പുലി വരുന്നേ പുലി വരുന്നേ’ എന്ന് പറഞ്ഞ പോലെ ആയല്ലൊ... വെറുതെ നേരത്തെ എണീറ്റ് ഹോളി കാണാന്‍ ഉറക്കം വേയ്സ്റ്റ് ആക്കാഞ്ഞത് നന്നായി.....

മനസ്സ് നിറഞ്ഞ് പല്ലുതേച്ച് , മൂന്നാം നിലയിലെ എന്‍റെ കൊച്ച് മുറിയിലേക്ക് തിരിച്ച് നടക്കുന്ന വഴി താഴെ നിന്ന് ആരോ നീട്ടി വിളിച്ച് ചോദിക്കുന്നത് കേട്ടു... “ലിയോ.... ദിലീപ് കാ റൂം കോന്‍സാ ഹേ... ???”

“ഉയ്യോടാ, ആരോ എന്നെ തേടി ഹോളി ആശംസിക്കാന്‍ വരുന്നുണ്ട്... ശ്ശൊ, ഈ ഹിന്ദിക്കാരുടെ ഒരു കാര്യം... എന്നാ ചെയ്യാനാ.... വെറുതെ കയറി അങ്ങ് ആശംസിച്ച് കളയും......!!!...”

ഏതായാലും ആ പാവത്തിനെ മേലോട്ട് നടത്തി ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് കരുതി ഞാന്‍ മനസ്സ് നിറഞ്ഞ് ആശംസ വാങ്ങുവാനായി പടവുകള്‍ ഓരോന്നായി തുള്ളിച്ചാടി താഴോട്ടിറങ്ങി....

പാതി വഴിയെ വച്ച്, മേലോട്ട് എന്നെയും തേടി കൈയ്യും പിറകില്‍ കെട്ടി നടന്ന് വന്ന ഹിന്ദിക്കാരന്, ഒരു ഹോളി ഹഗ്ഗ് കൊടുത്തേക്കാം എന്ന് കരുതി കൈകളും നീട്ടി വിടര്‍ത്തി “ഹാപ്പി ഹോളി” എന്ന് പറയാന്‍ “ഹാ...” പറഞ്ഞതും ഒരു കിലോ ചായം എന്‍റെ മുഖത്തും വായിലും....!!!

കൂട്ടത്തില്‍ ഡാഷുമോന്‍റെ ഒരു ഉപദേശവും.. “Hahaa… Happy Holi man… Better go and change your dress immediately…. The whole group is coming in search of you… !!!”…

“ഓഹോ... അതെ അല്ലെ... ഇനീം വരുന്നുണ്ടല്ലെ... ഒരു നടയ്ക്ക് തീരുന്ന ലക്ഷണമില്ലല്ലൊ എന്‍റെ കര്‍ത്താവേ” എന്ന് ‘ആത്മഗതിച്ച്’ കൊണ്ട് ഞാന്‍ ലവന്‍റെ അടുത്ത് അന്വേഷിച്ചു...

Between, where is Leo…???”

ചോദിച്ച് നാവെടുത്തതും ഹിന്ദിക്കാരന്‍റെ സൈഡില്‍ അവതാര്‍ സിനിമയിലെ കുട്ടിത്തേവാങ്കിനെ പോലെ നീല പൂശി നിന്ന ഒരു രൂപം എന്നോടായി ദയനീയാവസ്ഥയില്‍ മെല്ലെ മൊഴിഞ്ഞു...

“അളിയാ... ഞാന്‍ ലിയൊ ആണെടാ... യെവന്‍മാര്‍ എന്നെ ആദ്യമെ തന്നെ പൊക്കി ഈ കോലത്തില്‍ ആക്കി... നീ വേഗം പോയി ഡ്രെസ്സ് മാറി വാ... ഇപ്പൊ കിട്ടിയതൊന്നും ഒന്നുമല്ലാ.. ഇനി വരാന്‍ ഇരിക്കുന്നതെ ഉള്ളു...”

മുറിയിലെത്തി, കോപ്പന്മാരുടെ പെട്ടെന്നുള്ള ആക്രമണം മുന്നില്‍ കണ്ട് വാതിലുമടച്ച്, കണ്ണാടിക്ക് മുന്നില്‍ പൊയി ഒന്ന് കണ്ണോടിച്ചു...

ആഹാ മനോഹരം.... ഏഷ്യന്‍ പേയിന്‍റ്സിന്‍റെ പരസ്യത്തിനയക്കാന്‍ പറ്റിയ കോലത്തില്‍ ആയിട്ടുണ്ട്.... രാവിലെ തേച്ച് വെളുപ്പിച്ച ടൂത്ത് ഒക്കെ ഇപ്പൊ ദേ ‘ബ്ളൂ-ടൂത്ത്’ ആയിരിക്കുന്നു.... ഈശ്വരാ, അങ്ങനെ ആറ്റ്നോറ്റ് ഒന്ന് പല്ല് തേച്ചതും വേയ്സ്റ്റ് ആയി.... അങ്ങനെ ഹോളി എന്താണെന്ന് ഞാന്‍ കണ്ടറിഞ്ഞ് തുടങ്ങി.... !!!

അങ്ങനെ കണ്ടറിഞ്ഞ് അറിഞ്ഞ്, ഏതായാലും ഏന്തിടണം എന്ന കണ്‍ഫ്യൂഷനില്‍ തുണിപ്പെട്ടി തപ്പിയ എനിക്ക്, വരാനിരിക്കുന്ന മേളവും പുകിലും മുന്നില്‍ കണ്ട്, എന്തിട്ടില്ലെങ്കിലും സെക്കന്ഡ് പേപ്പറായി ഒരു ബോക്സര്‍ ഇടുന്നത് അത്യാവശ്യം ആണെന്ന തോന്നല്‍ പെട്ടെന്ന് തന്നെ ഉദിച്ചു...

ഉദിച്ച തോന്നല്‍ ഏതായാലും വേയ്സ്റ്റ് ആയില്ലാ... പിറകെ വന്ന വന്‍ പടയ്ക്ക് മുന്നില്‍ ധൈര്യസമേതം മുറി അടച്ചുള്ള ആ പ്രതിഷേധത്തിന്‍റെ പ്രത്യാഖാതമായി ‘കരിവീപ്പയില്‍ ഇട്ട് പെരട്ടി എടുക്കുന്ന’ വഴി ഇട്ടിരുന്ന ട്രാക്ക് സ്യൂട്ട് ഒക്കെ എവിടെയോ ഊരിപ്പോയിരുന്നു....

പക്ഷെ ഒരു ദുരനുഭവം കഴിഞ്ഞിട്ടും ആ ബുദ്ധി തല തൊട്ട് തീണ്ടാഞ്ഞതിനാല്‍, കണാരന്‍ ഹിന്ദിക്കാരുടെ അടുത്ത് നിന്നും ആ പഴയ ചോദ്യം ഇപ്രാവശ്യവും വീണ്ടും മനസ്സ് നിറഞ്ഞ് കേട്ടു നിര്‍വൃതി പൂണ്ടു...(“തനിക്കൊരു ജെട്ടിയിട്ട് കൂടേടോ...???”)...

എന്നാല്‍ അത് വരെ കാര്യമായ പരുക്കുകള്‍ ഒന്നും തന്നെ പറ്റാതെ, എല്ലാം കണ്ട് രസിച്ച് അര്‍മാദിച്ച് നിന്ന മുരിങ്ങയാകട്ടെ, പെട്ടെന്നൊരുത്തന്‍ ഒരു ചെറിയ കപ്പില്‍ ചായം കലക്കിയൊഴിക്കാന്‍ അതിക്രമിച്ചെത്തിയപ്പോള്‍ കുരുട്ട് ബുദ്ധി കാട്ടി കേണപേക്ഷിച്ചു.... “No no… Please don’t do it… I am having fever”

“Ohh… so you are having fever…. ???... Abhei…. BRING THE BUCKET... The mug doesn’t seem to suit him…”

ഒരു ബക്കറ്റ് കനത്ത ചായം മുരിങ്ങയുടെ തല വഴി ഒലിച്ചിറങ്ങി താഴേയ്ക്ക് പോകുന്ന സുന്ദരമായ കാഴ്ച.... ആഹാ... മുരിങ്ങയങ്ങനെ എട്ടിന്‍റെ പണി ചൊദിച്ച് വാങ്ങിച്ചു... പിന്നീട് ഓരോരുത്തരായി മന്ദം മന്ദം കടന്ന് വന്ന അവരവരുടെ വീതം വേറെയും മനസ്സ് നിറഞ്ഞ് നല്കിയപ്പോള്‍ ആ ക്യൂവില്‍ അവസാനം നിന്നവര്‍ക്ക് മുരിങ്ങയുടെ ശരീരത്തില്‍ ഇനി ചായം പൂശാന്‍ സൂചി കുത്താന്‍ സ്ഥലം പോലും തേടിപ്പിടിക്കണം എന്ന ദുരവസ്ഥയായി...

ഏതായാലും ചായവും ചെളിയും സമാസമം കലര്‍ന്ന ഹോസ്റ്റല്‍ ലോവ്ണിലെ (lawn) വെള്ളത്തിലേയ്ക്ക് പിന്നീട് കളിയും കുളിയും പുരോഗമിച്ചപ്പോഴത്തേയ്ക്കും ഹോളി എന്താണെന്ന് തൊട്ടറിഞ്ഞ് തുടങ്ങി...!!!

അങ്ങനെ തൊട്ടറിഞ്ഞ് അറിഞ്ഞ് വന്ന വഴി, കടി മൂത്ത നടന്ന ഒരുത്തന്‍ വന്ന് ഞാന്‍ ഇട്ടിരുന്ന എന്‍റെ പ്രിയപ്പെട്ട ടീ-ഷര്‍ട്ടും വലിച്ച് കീറി പറിച്ച്കൊണ്ട് ഒരു ഭ്രാന്തനെ പോലെ ഓടി അകന്നു... ഇതും ഹോളിയുടെ ഒരു ഭാഗമാണത്രെ... ഈശ്വരാ...

ഇനിയും അങ്ങോട്ട് കാണാന്‍ എന്തോക്കെ ബാക്കിയുണ്ട് എന്ന അമ്പരപ്പില്‍ കണ്ണ് മിഴിച്ച് നിന്ന ഞാന്‍, എന്‍റേത് പോലെ തന്നെ ടീ-ഷര്‍ട്ട് നഷ്ടപ്പെട്ട രണ്ട് മൂന്ന് ഹതഭാഗ്യന്മാരുടെ കീറിയെടുത്ത തുണികള്‍, നടുക്കു നിന്ന വേറൊരു കടിയന്‍ കൂട്ടിക്കെട്ടി വെള്ളത്തിലും മുക്കി പന്ത് രൂപത്തില്‍ ആക്കുന്നത് കണ്ട് വീണ്ടും അമ്പരന്നു... ഇതിപ്പൊ ഇനി എന്തിനാണാവോ...!!!

ആ തുണിപ്പന്ത് മേലോട്ട് നീട്ടിയെറിഞ്ഞ് അവന്‍ ആര്‍ത്തട്ടഹസിച്ചതും കൂട്ടത്തില്‍ നിന്ന പത്ത് മുപ്പതെണ്ണം ദേ തിരിഞ്ഞ് നാല് പാടും ചിതറിയോടുന്നു...

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഓടണമെന്ന് മാത്രം മനസ്സിലാക്കിയ ഞാന്‍, “ഏതായാലും ഓടുവല്ലെ... ഇനി ആ പന്തിനകത്ത് എന്താണെന്നും കൂടി അറിയാമല്ലൊ” എന്നും കരുതി പന്തും ലക്ഷ്യമാക്കി ഓടി...

പെട്ടെന്ന് എവിടുന്നോ ഓടിയെത്തി പന്ത് ചാടിപ്പിടിച്ച കുത്തബ്-മിനാറിന്‍റെ അത്രയും പൊക്കവും വെച്ച് നടക്കുന്ന ഒരു ജാഡ തെണ്ടി, കല്ലിന്‍റെ കനത്തില്‍ ചുരുട്ടിക്കൂട്ടിയ ആ തുണിപ്പന്ത് കയ്യിലേന്തി എനിക്ക് നേരെ എറിയാനോങ്ങി.... പന്തികേട് മണത്ത് തിരിഞ്ഞോടിയ എന്‍റെ പുറത്ത് തന്നെ കൃത്യമായി കാലമാടന്‍ ഉള്ള ഊരെല്ലാം എടുത്ത് നീട്ടിയൊരു ഡൈറെക്റ്റ് ഹിറ്റ് പരിശീലിച്ചതും തെറിച്ച് നിലത്ത് വീണ ഞാന്‍ സന്തോഷത്താല്‍ ‘ചിരിച്ച്’ മണ്ണ് തപ്പി.... പുറം പൊളിഞ്ഞ വേദനയില്‍ ചുറ്റിനും ദയനീയാവസ്ഥയില്‍ നോക്കിയ എനിക്ക് നേരെ വീണ്ടും അതേ ഉത്തരം ലവന്മാര്‍ നീട്ടിയെറിഞ്ഞു,,, ഇതും ഹോളിയുടെ ഒരു ഭാഗമാണത്രെ.... അങ്ങനെ ഹോളിയെന്താണെന്ന് കൊണ്ടും അറിഞ്ഞ് തുടങ്ങി... !!!

അങ്ങനെ കൊണ്ടറിഞ്ഞ് അറിഞ്ഞ്, ചറപറാ ഏറും പിടിയും കഴിഞ്ഞ്, ട്രിപ്പിള്‍ കോട്ടായി അടിച്ച കളറുകള്‍ ഓരോന്നായി ഉരച്ച് തേച്ച് കഴുകി കളയുന്ന വഴി, അടുത്ത് നിന്ന് തന്‍റെ ഡബിള്‍ കോട്ട് ആവേശത്തില്‍ ഉരച്ച്കൊണ്ടിരുന്ന ചാച്ചന്‍ ഉപദേശിച്ചു...

“ഡാ.... നിന്‍റെ പുറത്ത് തേങ്ങയുടെ വലിപ്പത്തില്‍ ചുവന്ന് തുടുത്ത് കിടക്കുന്നത് അധികം ഉരയ്ക്കണ്ടാ... അത് ചായമല്ലാ... ഏറ് കൊണ്ട് ചതഞ്ഞ പാടാ...”

ഹമ്മേ... അപ്പൊ ഇതായിരുന്നല്ലെ ഈ ഹോളി ഹോളി എന്ന് പറയുന്നത്.... ഇത് ഞാന്‍ ഉദ്ദേശിച്ച ഐറ്റം അല്ല.... ഇനിയും ഇതു പോലത്തെ വേറെന്തെങ്കിലുമൊക്കെ വരാനുണ്ടോ ആവോ...!!!!

Friday, January 21, 2011

കല്ല്യാണ-കണാരന്‍

ഇത് തികച്ചും ഒരു സാങ്കല്പിക കഥയേ അല്ല... അതുകൊണ്ട് തന്നെ കേന്ദ്ര കഥാപാത്രത്തിന്‍റെ പേര് ഉള്ളത് പോലെ തന്നെ പരാമര്‍ശിച്ചാല്‍ പിന്നെ ഞാന്‍ ഇവിടെ ജീവനോടെ ഉണ്ടാവണമെന്നില്ല... നമുക്കവനെ കണാരന്‍ എന്ന് വിളിക്കാം.... വെറും കണാരനല്ലാ... പറന്ന് പോകുന്ന വയ്യാവേലി ഗോവിണി വച്ച് പിടിക്കുന്ന കണാരന്‍...

മറ്റ് പ്രസക്ത കഥാപാത്രങ്ങള്‍ :

ചാച്ചന്‍

ഉക്കു

മാവേറി

ദിലീപ് മോന്‍

മുരിങ്ങ

മെല്ബിന്‍

അങ്കിള്‍ : മെല്ബിന്‍റെ അച്ഛന്‍

______________________________________________________________________

എന്നെ പോലെയുള്ള അപ്പാവികള്‍ മാത്രമെ അവനിപ്പൊഴും സുഹൃത്തുക്കളായി ഉള്ളു എന്ന തെറ്റിദ്ധാരണ കൊണ്ട് തന്നെ ആവണം, അങ്കിള്‍ ഹോസ്റ്റലിലെ ഞങ്ങള്‍ മല്ലു ഗാംഗിനെ മുഴുവനായി ബോംബേയിലോട്ട് മെല്ബിന്‍റെ ചേച്ചിയുടെ കല്ല്യാണത്തിന് ക്ഷണിച്ചത്...

പനന്തടി പോലത്തെ ഏഴെണ്ണവും പിന്നെ ഞാനും.... (ശാരീരിക വളര്‍ച്ച മാത്രം... എട്ടെണ്ണത്തിനും ബുദ്ധിവളര്‍ച്ച ഏഴയലത്തൂടെ പോയിട്ടില്ലാ...!!!)... എന്തെങ്കിലുമൊക്കെ സംഭവിച്ചില്ലെങ്കിലെ ആശ്ചര്യത്തിന് വഴിയുള്ളു എന്ന് ഞാന്‍ അപ്പഴേ കണക്ക് കൂട്ടിയതാണ്...

കണക്ക് കൂട്ടല്‍ പൂ‍ര്‍ണ്ണമായി ശരി വച്ച് കൊണ്ട് തന്നെ ട്രെയ്‍ന്‍ ടിക്കറ്റെടുക്കാം എന്ന് സ്വമേധയാ ഏറ്റിരുന്ന കണാരന്‍, തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ദിവസം നട്ടുച്ച വരെ രജായിക്കടിയില്‍ കൂര്‍ക്കം വലിച്ചു... അങ്ങനെ കണാരന്‍റെ പിടിപ്പ് കേടുകൊണ്ട് ടിക്കറ്റ് വേറെ ആണുങ്ങള്‍ കൊണ്ട്പോയി...

എങ്കിലും ഉറ്റ തോഴന്‍റെ ചേച്ചിയുടെ കല്ല്യാണത്തിന് തറ ടിക്കറ്റിലും ബോംബേയ്ക്ക് പിടിപ്പിക്കും എന്ന ദൃഢനിശ്ചയത്തില്‍ എട്ടെണ്ണത്തിനും ഒത്തൊരുമയുണ്ടായിരുന്നു...

സ്ളീപ്പര്‍ ടിക്കറ്റിന് പകരം ആ ദൃഢനിശ്ചയവും പോക്കറ്റിലിട്ട് കാണ്‍പൂര്‍ സെന്‍ട്രലില്‍ നിന്ന് ബോംബേയ്ക്ക് ട്രെയ്ന്‍ കയറിയ ഉടന്‍ തന്നെ, ഉത്തര്‍ പ്രദേശിന്‍റെ യഥാര്‍ത്ഥ മുഖം ഒട്ടിച്ച് വെച്ചപോല്‍ തിങ്ങിനിറഞ്ഞ് ഒട്ടിയൊട്ടി ഇരുന്ന ജനക്കൂട്ടം, ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങളുടെ ദൃഢനിശ്ചയത്തിന് നേരെ കൊഞ്ഞനംകുത്തി... ആസനം വയ്ക്കാന്‍ പോയിട്ട് കാല് കുത്താന്‍ പോലും ഒരിഞ്ച് ഗ്യാപ്പില്ലാ...

കണാരനോടപ്പൊ തോന്നിയ കലി... !!!

“എടാ പുല്ലന്‍ കണാരാ.... !!!!!!”... ഏഴെണ്ണവും കണാരന്‍റെ കരണത്തൊന്നു പൊട്ടിക്കാന്‍ കൈ ഓങ്ങി...

ഏതായാലും കാര്യങ്ങള്‍ വഷളാകുന്നതിന് മുന്നെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഫെവിക്കോള്‍ പരസ്യം പോലെ എട്ടെണ്ണവും ഒരു മൂലയ്ക്ക് ഒട്ടിക്കൂടി...

ഇനിയുള്ള ഇരുപത്തിനാല് മണിക്കൂര്‍ ഇതിനകത്ത് എങ്ങനെ തള്ളി നീക്കും എന്ന അങ്കലാപ്പില്‍ പൂണ്ട നിശബ്ദതയ്ക്ക് അന്ത്യം കുറിച്ചതും കണാരന്‍ തന്നെയായിരുന്നു...

“ഭയ്യാ.... ചാര്‍ ആലു വടെയ്....!!!!”...... “അല്ല നിങ്ങള്‍ക്കൊന്നും വിശക്കുന്നില്ലേ... എന്താ എല്ലാവരുടെയും മുഖത്തൊരു മ്ളാനത... ???”

ചോദ്യം കേട്ട് കലി പൂണ്ട ഉക്കുവിന്‍റെ വക ഇപ്രാവശ്യം കണാരന്‍റെ കരണത്തൊരടി ഞാന്‍ പ്രതീക്ഷിച്ചെങ്കിലും... അതുണ്ടായില്ലാ...

ഉക്കു കണാരനെ ചൊറിഞ്ഞ് നോക്കിക്കൊണ്ടും, കണാരന്‍ ആലു വട ഒന്നൊന്നായി അകത്താക്കിക്കൊണ്ടും ഇരുന്നു....

കൃത്യം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും നിശബ്ദത മുറിഞ്ഞു...

ചാച്ചനായിരുന്നു ഇപ്രാവശ്യം ‘മുറിക്കാനുള്ള’ അവസരം..

“ഹും.... എന്താടാ പെട്ടെന്ന് ഒരു നാറ്റം....”

പറഞ്ഞ് നാവെടുത്തതും ചാച്ചന്‍റെ ഡയലോഗിന്‍റെ പൊരുള്‍ ഞങ്ങള്‍ ഏഴു പേരുടെ മുഖത്ത് പ്രതിഫലിച്ചു ....

പ്രതിഫലിക്കാതിരുന്ന കണാരന്‍റെ എട്ടാമത്തെ മുഖത്തിന് നേരെ ആ ചോദ്യമെറിഞ്ഞ് കൊണ്ട് ഞങ്ങള്‍ നെറ്റി ചുളിച്ചു...

“കണാരാ... ആലു വടാ....????”

“ഞാനല്ലാ..... എന്‍റെ ഇങ്ങനെയല്ലാ.... !!!!” നിഷ്‍ക്കളങ്ക ഭാവത്തില്‍ കണാരന്‍ നിരപരാധിത്വം സ്ഥാപിക്കുവാന്‍ കേണു കെഞ്ചി....

ഏതായാലും ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഉടമ വരെ മടിച്ച ആ ഗീര്‍വാണമടിച്ച് സഹികെട്ട്, നിശബ്ദത വരെ കംപാര്‍ട്ട്മെന്‍റ് വിട്ടു..... !!!

ഒന്നും രണ്ടും പറഞ്ഞിരിക്കാന്‍ എട്ടുകൂട്ടത്തിന് കാരണങ്ങള്‍ എണ്ണാവതിലപ്പുറമുള്ളതിനാല്‍ പിന്നീട് രാത്രി വരെയുള്ള സമയം ഓടിയത് ട്രെയ്നിന്‍റെ എട്ടിരട്ടി വേഗത്തിലായിരുന്നു...

അങ്ങനെ രാത്രിയായി...

ഇനിയുള്ള പ്രശ്നം കണാരന്‍ തന്നെ സഭയില്‍ ഉന്നയിച്ചു...

“എടാ അതേയ്... നമ്മള്‍ ട്രെയ്നിലെവിടെ തലവയ്ക്കും..... അല്ലാ... തലചായ്ക്കും... ഉറങ്ങണ്ടേ...???”

വഴികള്‍ ഒന്നൊന്നായി ഓരോരുത്തരുടെ മുന്നില്‍ പെട്ടെന്ന് മിന്നിത്തെളിഞ്ഞു...

ചാച്ചന്‍ ഒരു പെട്ടിക്ക് മുകളില്‍ ഒട്ടിക്കൂടി.... കണാരന്‍ അത് കണ്ട് രണ്ട് പെട്ടിക്കിടയില്‍ ഒതുങ്ങിക്കൂടി.... മാവേറി സീറ്റിനറ്റത്തെ കമ്പിയില്‍ അലക്കി പിഴിഞ്ഞ് അഴയില്‍ വിരിച്ച ഷര്‍ട്ട്പോല്‍ തൂങ്ങി പടര്‍ന്നു.... ഞാനും മുരിങ്ങയും രണ്ട് സീറ്റിനിടയ്ക്കുള്ള ഗ്യാപ്പില്‍ അടിഞ്ഞു കൂടി....

അങ്ങനെ അങ്ങനെ ഓരോരുത്തരും ഓരോയിടത്തായി അഭയം പ്രാപിച്ചു...

പക്ഷെ കൂട്ടത്തില്‍ ഏറ്റവും ‘മെലിഞ്ഞ’ ഉക്കുവിന് മാത്രം തലചായ്ക്കാന്‍ ട്രെയ്നിലിടമില്ലാ.... ആ ചെറിയ ശരീരം ഏത് ഗ്യാപ്പിലൊതുങ്ങാന്‍.. ??

അവസാനം ഉക്കു തന്നെ പോംവഴി കണ്ട് പിടിച്ചു.... എനിക്കും മുരിങ്ങയ്ക്കും പെര്‍പ്പെന്ഡിക്കുലര്‍ (perpendicular) ആയി നടവഴിയില്‍ നെഞ്ചും വിരിച്ച് കിടക്കുക...

“കൊള്ളാം ബലേ ഭേഷ്.... പെരു വഴിയില്‍ തന്നെ ഈ ‘ചെറിയ’ നെഞ്ചും വിരിച്ച് കിടന്നോണം.... ഹിന്ദിക്കാര്‍ ചവിട്ടി പേസ്റ്റാക്കും പറഞ്ഞേക്കാം” ഞാനും മുരിങ്ങയും പുച്ഛിച്ചു....

ഞങ്ങളുടെ പുച്ഛം കാറ്റില്‍ പറത്തിക്കൊണ്ട് ഉക്കു വഴിനടപ്പുകാരുടെ ചവിട്ട് കൊള്ളാന്‍ തന്നെ തീരുമാനിച്ച് രണ്ടും കല്പിച്ച് പത്രവും നെഞ്ചും മുട്ടനെ വിരിച്ചു...

എന്നിട്ടോ.....???

“അയ്യോ.......!!!! മൈ**മാര്‍... ഇവന്മാര്‍ക്ക് വഴിയില്ക്കൂടി മാത്രെ നടക്കത്തുള്ളൊ...” എന്നുള്ള രസകരമായ, പരാതിയില്‍ കുളിച്ച നിലവിളി കേട്ട് ഞങ്ങള്‍ ഞെട്ടിയെണീറ്റുകൊണ്ടേ ഇരുന്നു....!!!!

അങ്ങനെ ചുരുക്കത്തില്‍ ഉറക്കം കുശാലായി....

രാവിലെ ബോംബേയിലെത്തി, സ്റ്റേഷനില്‍ കാത്തുനിന്ന മെല്ബിന്‍റെ അകമ്പടിയോടെ, ഞങ്ങള്‍ക്ക് ഒരുങ്ങിയിറങ്ങാനായി അന്ന് രാവിലത്തേയ്ക്ക് ഒഴിച്ചിട്ടിരുന്ന ഫ്ളാറ്റില്‍ ചെന്ന് മുട്ടിയതും വരവേല്ക്കാന്‍ അങ്കിളും ആന്‍റിയും (മെല്ബിന്‍സ് ഡാഡ് ആന്‍റ് മോം) കാത്ത് നില്പ്പുണ്ടായിരുന്നു...

“അരേ ദിലീപ്.... ആപ് ബഹുത് കാലാ ഹോ ഗയാ... ക്യാ ഹുവാ...???”

കണ്ടപാടേ അങ്കിളിന്‍റെ ഹിന്ദിയിലുള്ള കുശലാന്വേഷണം...

വന്നിട്ട് മാസം ആറായെങ്കിലും ഹിന്ദിയില്‍ ഇന്നും ശിശുവായ,,, ധോബി ഭയ്യയുടെ “യേ കപ്ടാ ആപ്കാ ഹേയ് ??” എന്ന ചോദ്യത്തിന് ഇന്നലെയും കൂടി “മേം കാ നഹീ” എന്ന് മറുപടി പറഞ്ഞ് പ്രാവിണ്യം തെളിയിച്ച ഞാന്‍,,, എന്ത് പറയണം എന്നറിയാതെ വായും പൊളിച്ച് നോക്കി നിന്നു...

കാഞ്ഞിരപ്പള്ളിക്കാരന്‍ അങ്കിള്‍ വീണ്ടും ഹിന്ദിയില്‍ ഓരോരുത്തരോടായി കുശലാന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു...

ഇത് കേട്ട് എവിടെ എന്ത് പറയണം എന്ന് യാതൊരുവിധ ബോധവുമില്ലാത്ത ചാച്ചന്‍ ചിരിച്ച് കൊണ്ട് ‘കുശലിച്ചിരുന്ന’ അങ്കിളിനിട്ട് നൈസായി ഒന്ന് കൊട്ടി...

“അതേയ് അങ്കിളേ... ഞങ്ങളെല്ലാം മലയാളികള്‍ തന്നാ..!!!”

കൊട്ട് കേട്ട് ചിരി മങ്ങി, മുഖം ചുവന്ന്, അശരീരിയുടെ ഉറവിടം തേടി തല തിരിച്ച അങ്കിള്‍ കണ്ടത് മുപ്പത്തിരണ്ട് പല്ലും കാണിച്ച് നൈസായി ചിരിച്ച് കൊണ്ട് നില്ക്കുന്ന കണാരനെയാണ്... (ചാച്ചന്‍ ഒതുങ്ങി ഒരു സൈഡ് പിടിച്ച് കഴിഞ്ഞിരുന്നു...)

അങ്കിള്‍ ചൊറിഞ്ഞൊന്ന് നോക്കിയെങ്കിലും, എപ്പഴത്തേയും പോലെ ഒന്നും മനസ്സിലാകാത്ത കണാരന്‍, വീണ്ടും ചിരിച്ച് കൊണ്ട് തന്നെ നിന്നു....

“അപ്പഴെ എല്ലാവരും വേഗം കുളിച്ചൊരുങ്ങണം കെട്ടോ.... കല്ല്യാണത്തിന് പള്ളിയിലേയ്ക്ക് പോകാന്‍ ഒന്നരയ്ക്ക് ബസ്സ് വരും... താമസിപ്പിക്കണ്ടാ...” അങ്കിള്‍ കഷ്ടപ്പെട്ട് ചിരി വീണ്ടെടുത്ത് പറഞ്ഞു...

“പിന്നയേ... ഉച്ച ഭക്ഷണം നമ്മള്‍ ഇവിടെയാ അറേയ്ഞ്ച് (arrange) ചെയ്തിരിക്കുന്നത്... ഒരു പന്ത്രണ്ട് കഴിയുമ്പോഴത്തേയ്ക്കും എല്ലാവരും ഇങ്ങെത്തും... അതിന് മുന്‍പേ നിങ്ങള്‍ ഒരുങ്ങി നില്ക്ക് കെട്ടോ...” അങ്കിള്‍ കൂട്ടിച്ചേര്‍ത്തു...

അങ്കിളും, ആന്‍റിയും, മെല്‍ബിനും പടിയിറങ്ങി...

ഇനിയും ഒരുങ്ങിയിറങ്ങാന്‍ ഒന്നരമണിക്കൂര്‍....

ഞങ്ങള്‍ എപ്പോഴത്തേയും പോലെ സാ മട്ടില്‍ കുളിയും തേവാരവും തുടങ്ങി....

ഓരോരുത്തരായി കയറിയിറങ്ങിയപ്പോഴത്തേയ്ക്കും മണി പന്ത്രണ്ടിനോടടുത്തിരുന്നു....

ബാക്കിയെല്ലാവരും ഒരുവിധം ഒരുങ്ങിയിറങ്ങിയെങ്കിലും കണാരന്‍ ഇനിയും കുളിയും തേവാരവും തുടങ്ങിയിട്ടില്ല...

പെട്ടെന്ന് കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട്, അത് മെല്ബിന്‍ തന്നെയാവണം എന്ന് മനസ്സിലുറപ്പിച്ച്, പേരിന് ഒരു ചെറിയ കഷ്ണം തോര്‍ത്ത് മുണ്ട് മാത്രമുടുത്ത് കുളിക്കാന്‍ ഒരുങ്ങി നിന്ന കണാരന്‍ ഓടിപ്പോയി കതക് തുറന്നു...

പെട്ടെന്ന് ഒരലര്‍ച്ച കേട്ട് ഓടിയെത്തിയ ഞങ്ങള്‍ കാണുന്നത് കണ്ണ് പൊത്തി നില്ക്കുന്ന ആന്‍റിമാരും, കസിന്‍സും ഒക്കെ അടങ്ങുന്ന ഒരു വലിയ പടയെയാണ്...

അപ്പോഴും ഒന്നും മനസ്സിലാകാത്ത കണാരന്‍, വീണ്ടും തന്‍റെ മുപ്പത്തിരണ്ട് പല്ലും, പിന്നെ കാണാന്‍ ആള് കൂടിയത് കാരണം ഒരു ഭംഗിക്ക് മോണയും കൂടെ കാട്ടി, ചിരിച്ച് കൊണ്ട് നിഷ്കളങ്കനായി ചോദിച്ചു....

“ആഹാ... എല്ലാവരും വന്നിട്ടുണ്ടല്ലെ.... ???”

മെല്ബിന്‍റെയും ഞങ്ങളുടെയും കണ്ണ് തള്ളി....!!!

അങ്കിളിന്‍റെ മുഖമാകട്ടെ ആരോ മുളക് പൊടി വിതറിയ പോല്‍ വീണ്ടും ‘സന്തോഷം’ കൊണ്ട് ചുവന്നു...

അവിടെ നിന്ന് ഇനിയും അവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ഞങ്ങള്‍ ഉടന്‍ തന്നെ സദുദ്ദേശത്തില്‍ വെഡ്ഡിംഗ് ഗിഫ്റ്റ് (wedding gift) വാങ്ങുന്നതിനായി മാവേറി നിര്‍ദേശിച്ച ഇന്‍-ഓര്‍ബിറ്റ് മാളിലേയ്ക്ക് ഓട്ടോ കയറി...

എന്നത്തേയും പോലെ തന്നെ മാവേറിയും പന്ത്രണ്ടാം മണിക്കൂറില്‍ മാത്രം ജനിക്കാറുള്ള തന്‍റെ ഷോപ്പിംഗ് മാനിയക്ക് തിരികൊളുത്തിക്കൊണ്ട് ഗിഫ്റ്റിന്‍റെ കൂട്ടത്തില്‍ കല്ല്യാണത്തിനിടാന്‍ ഒരു ഷര്‍ട്ടും കൂടി എടുക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ മണി ഒന്നര കഴിഞ്ഞു...

തിരിച്ചെത്താന്‍ താമസിക്കുന്നതിന് ഫോണില്‍ കൂടി മെല്ബിന്‍റെ തെറി കേള്‍ക്കേണ്ട ബാധ്യത ഇക്കുറി എനിക്ക്....

തെറിയും കേട്ട്, ഗിഫ്റ്റും വാങ്ങി, മാവേറി തന്‍റെ ഷര്‍ട്ടും പേറി, ഓടിക്കിതച്ച് ഫ്ളാറ്റിലെത്തിയപ്പോഴത്തേയ്ക്കും പൂട്ടിക്കെട്ടിയിറങ്ങിയ ഫാമിലി മുഴുവനായി പള്ളിയിലോട്ട് വണ്ടിയെടുക്കാന്‍ ഞങ്ങളെ മാത്രം കാത്ത് നില്പ്പുണ്ടായിരുന്നു...

യെവന്‍മാരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയിട്ടൊ എന്തോ... അങ്കിള്‍ ഒന്നുമേ പറഞ്ഞില്ലാ...

പന്തികേട് മണത്ത് മെല്ബിനോട് നൈസായിട്ടൊന്ന് ചോദിച്ചു...

“എടാ... വീട്ടുകാര്‍ക്കെല്ലാം ഞങ്ങളേക്കുറിച്ച് നല്ല അഭിപ്രായം ആയിക്കാണും അല്ലെ... ???”

മെല്ബിന്‍ വരെ ചൊറിഞ്ഞ് ഒരു നോട്ടം നോക്കിയതോടെ എല്ലാവരും ഹാപ്പിയായി... “എവിടെ പോയി കെടക്കുവാരുന്നു ??.. എല്ലായെണ്ണവും കൂടി വെള്ളമടിക്കാന്‍ പോയി എന്നാ ഇവിടെല്ലാവരും വിചാരിച്ചിരിക്കുന്നത്... ഞാന്‍ പിന്നെ മാറ്റി പറയാന്‍ പോയില്ലാ...!!!!”

“അതെ അല്ലെ അളിയാ.... വലിയ ഉപകാരം... !!!”

ഇങ്ങനെയൊക്കെയായെങ്കിലും കല്ല്യാണവും, പാര്‍ട്ടിയും, ഡിന്നറും പൊടിപൊടിച്ചു...

പൊടിച്ച പൊടിയും ചുമന്ന് രാത്രി തിരിച്ച് ഫ്ളാറ്റില്‍ എത്തിയപ്പോഴത്തേയ്ക്കും യാത്രാക്ഷീണവും ഉറക്കക്ഷീണവും കൊണ്ട് എല്ലാവരും പട്ടിയായിരുന്നു.....

അതുകൊണ്ട് തന്നെ കയറിയ പാടെ എട്ടെണ്ണവും ഒരു മുറിയില്‍ ചുരുണ്ട് കൂടി...

പെട്ടെന്നങ്ങോട്ട് “ആര്‍ക്കെങ്കിലും ഡൈജഷന്‍ പ്രോബ്ളം ഉണ്ടെങ്കില്‍ രണ്ടെണ്ണം........... വേണോ..???” എന്ന ഓഫറുമായി അങ്കിള്‍ പ്രത്യക്ഷപ്പെടുമെന്ന് ആരും ഒട്ടും തന്നെ പ്രതീക്ഷിച്ചില്ലാ...

ഓഫറ് കേട്ടപാടെ മുരിങ്ങയുടെ മുഖത്ത് ഒരു പൂര്‍ണ്ണചന്ദ്രന്‍ തിളങ്ങി.... !!!

പക്ഷെ ചാച്ചന്‍ വല്ലാണ്ടങ്ങു വിനയിച്ചു....

“ഓ വേണ്ടാ അങ്കിളേ... എല്ലാവരും ക്ഷീണിച്ചിരിക്കുവല്ലെ...”

“ആ അതുകൊണ്ട് തന്നാ ചോദിച്ചത്.... ക്ഷീണം മാറ്റാന്‍ രണ്ടെണ്ണം... ???”..

“ഓ ഇല്ല അങ്കിളേ... അങ്കിള് വിചാരിക്കുന്ന പോലെ ഞങ്ങള്‍ അത്രയ്ക്കും ആ ടൈപ്പല്ലാ...” ചാച്ചന്‍ വീണ്ടും വിനയിച്ചു...

“മ്മ്മ്...”

അങ്കിളൊന്നു നീട്ടി മൂളിക്കൊണ്ട് റൂം വിട്ടു...

മുരിങ്ങയുടെ മുഖത്തെ പൂര്‍ണ്ണചന്ദ്രന്‍ മങ്ങി.... !!!

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴത്തേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മെല്ബിന്‍ രണ്ട് ഫുള്ളുമായി റൂമില്‍...

“അളിയാ മുത്തേ... ഇതെവിടുന്നൊപ്പിച്ചു... ചാത്തന്‍ സാധനം വെല്ലതുമാണോടെയ്... ??” മുരിങ്ങയ്ക്ക് ആക്രാന്തം....

“ഹാഹാഹാ... നിങ്ങള്‍ രാത്രി വീശണം എന്ന് നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ പപ്പയുടെ കയ്യില്‍ നിന്നൊപ്പിച്ചെടുത്തു.... എന്നെ സമ്മതിക്കണം...”

“ജങ്ക ജഗ ജഗാ... !!! അങ്കിളിന്‍റെ മുന്നില്‍ ഇട്ട വിനയം ഒക്കെ വെറുതേ വേസ്റ്റ് ആയി.. നിന്നെ സമ്മതിക്കണം അളിയാ... ഇപ്പൊ,,, ശരിക്കും,,, പുള്ളിക്ക് ഞങ്ങളെക്കുറിച്ച് നല്ല ബെസ്റ്റ് അഭിപ്രായം ആയിട്ടൊണ്ട്... !!!”

ഏതായാലും അതൊന്നും വെള്ളമടിയെ തീര്‍ത്തും ബാധിച്ചില്ലാ...

രണ്ടാം റൗണ്ട് തുടങ്ങും മുന്നെ ഇരുട്ടത്ത് ബീഫെടുക്കാന്‍ അടുക്കള തേടി തപ്പി തടഞ്ഞ് പോണ വഴി അറിയാതെ ഹാളില്‍ പാ വിരിച്ച് കിടന്ന് കൂര്‍ക്കം വലിച്ച അങ്കിളിനും കൊടുത്തു ഒരു ചവിട്ട്....

“ങ്ങേ ആരാ...??” ഞെട്ടിപ്പിടഞ്ഞ് അങ്കിള്‍...

“അങ്കിളേയ് .... ഉച്ചക്കത്തെ ബീഫിനിയും ഇരിപ്പൊണ്ട്... അല്ലിയോ... ???”

“ഓ ചെല്ല് ചെല്ല്... അടുക്കളേലാ കുട്ടകത്തിലൊണ്ട്........

ഓസിന് കിട്ടിയാല്‍ ആസിഡ് വരെ കുടിച്ചോളും.... കര്‍ത്താവേ...” അങ്കിള് പിറുപിറുത്ത് കൊണ്ട് ചരിഞ്ഞ് കിടന്നു....

ഓ... നമ്മളിതെത്ര കേട്ടിരിക്കുന്നു... ഞങ്ങള്‍ കേള്‍ക്കാത്ത ഭാവത്തില്‍ ബീഫ് ലക്ഷ്യമാക്കി നടന്നു.... !!!

അര്‍ദ്ധരാത്രിയില്‍ അങ്കത്തിനു ശേഷം മര്യാദരാമന്മാരായി ഓരോരുത്തരും വീണ്ടും ചുരുണ്ട്കൂടി...

പക്ഷെ രാവിലെ ചുരുള് നിവര്‍ന്നപ്പോള്‍ കൈലിയുടുത്ത് ഉറങ്ങാന്‍ കിടന്ന കണാരനെ മാത്രം റൂമില്‍ കാണ്മാനില്ലാ...

വെളുപ്പിനെ തന്നെ കെട്ട് വിട്ടെണീറ്റ ചാച്ചന്‍ തന്നെയാണ് ആ സത്യം ആദ്യം തിരിച്ചറിഞ്ഞത്....

“അവന്‍റെ കൈലി കിടന്നിടത്ത് തന്നെ കിടപ്പുണ്ട്... കൈലി ഇവിടെ ഇട്ടിട്ട് അവന്‍ എവിടെ റോന്ത് ചുറ്റാന്‍ പോയി... ???” ചാച്ചനു സംശയം...

സംശയ നിവാരണത്തിനായി കണാരനെ തേടി മുറി വിട്ടിറങ്ങിയ ചാച്ചന്‍ കാണുന്ന സുന്ദരമായ കാഴ്ച ഹാളില്‍ മെല്ബിന്‍റെ അങ്കിളുമാര്‍ക്കിടയില്‍ പിറന്ന പടി കിടന്നു കൂര്‍ക്കം വലിക്കുന്ന കണാരനെയാണ്...

ഭാഗ്യം ആരോ അത്യാവശ്യത്തിന് ഒരു പുതപ്പ് പുതപ്പിച്ചിട്ടുണ്ട്....

{ ഫ്ളാഷ് ബാക്ക് : അടിച്ച് വീലായ കണാരന്‍ നിരന്ന് കിടന്ന ഞങ്ങള്‍ ഏഴെണ്ണത്തിനെ കവച്ച് വച്ച് ഉടു തുണിയും ഉപേക്ഷിച്ച് ഏത് ബോധത്തിലാണ് അത് സാധിച്ചെടുത്തത് എന്ന് ഇന്നും അവ്യക്തം... ഏതായാലും അപ്പുറത്തെ ഹാളില്‍ ചെന്ന് കൃത്യമായി രണ്ട് അങ്കിളുമാര്‍ക്കിടയില്‍ തന്നെ പോയി പിറന്ന പടി കിടന്നു.... ഫിറ്റായി ഫ്ളാറ്റു വിട്ടിറങ്ങാന്‍ തോന്നിക്കാത്തതിന് കര്‍ത്താവിന് സ്തോത്രം...

വെളുപ്പിനെ ഒന്ന് മൂത്രമൊഴിക്കാന്‍ എണീറ്റ മെല്ബിന്‍റെ അങ്കിളാണ് കണ്ണ് തള്ളിക്കുന്ന കാഴ്ച ആദ്യമായി കാണുന്നത്... (‘പിള്ളേര് കണി കാണിച്ചു..!!!’)

പുള്ളിക്കാരനു സന്ദേഹം “ങേ... ഈ തോമസ്കുട്ടിച്ചായന്‍ എന്താ തുണിയില്ലാണ്ടു കിടക്കുന്നത്... ???”

സൂക്ഷ്മ നിരീക്ഷണത്തില്‍ സന്ദേഹം മാറിക്കിട്ടി.. “കര്‍ത്താവേ.... ഇത് ഈ തറവാട്ടിലെ കുണ്ടിയല്ലല്ലോ... !!!!”

ഏതായാലും ഒരു പുതപ്പെടുത്ത് കണാരനെ പുതപ്പിക്കാനുള്ള മാന്യത പുള്ളി കാണിച്ചു....}

കെട്ടിറങ്ങിയ കണാരന്‍ രാവിലെ കണ്ണാടിയില്‍ നോക്കി പല്ല് തേച്ച് കൊണ്ടിരുന്നപ്പോള്‍ പിറകില്‍ വന്ന് അങ്കിളും നൈസായി ഒന്ന് കൊട്ടിക്കൊണ്ട് മൂളി പാടി..

“പുള്ളിക്കാരന്‍ വെള്ളമടിച്ചാല്‍ വള്ളിക്കളസം മാത്രം..... വള്ളിക്കളസം മാത്രം...... ”

എന്തോ ഇപ്രാവശ്യം കണാരന് ചിരിക്കാന്‍ തോന്നിയില്ലാ... സ്തോത്രം..

ഏതായാലും കൂടുതല്‍ നിന്ന് നാണംകെടാതെ ഉടന്‍ തന്നെ ഞങ്ങളും, മെല്ബിനും, കോളേജില്‍ നടക്കാനിരിക്കുന്ന ‘മലയാളം വേദി’ ക്രിസ്ത്മസ്സ് ആഘോഷത്തിനൊരുക്കാന്‍ ഫ്ളാറ്റില്‍ ഇരുന്ന പുല്ക്കൂടും പൊളിച്ച് കാണ്‍പൂര്‍ക്കു തിരിച്ച് ട്രെയ്ന്‍ പിടിക്കാന്‍ പടിയിറങ്ങി...

ഷൂ-ലെയ്സ് കെട്ടാന്‍ താമസിച്ച ഞാന്‍ വാതില്ക്കല്‍ ആരോ പിറുപിറുക്കുന്നത് കേട്ടു....

“തോമസ്കുട്ടിച്ചായോ.... യെവന്മാരെ ഇന്നലെ ഇങ്ങോട്ട് കെട്ടിയെടുത്ത കാരണം കല്ല്യാണവീട്ടില്‍ നിന്ന് പുല്ക്കൂടു മാത്രമെ പൊളിച്ചോണ്ട് പോയുള്ളു.... കല്ല്യാണത്തലേന്ന് വലിഞ്ഞ് കയറി വന്നിരുന്നെങ്കില്‍ യെവന്മാരു ചിലപ്പൊ ഈ കല്ല്യാണം തന്നെ പൊളിച്ചേനെ.... ഏതായാലും മോനു നല്ല ബെസ്റ്റ് കമ്പനിയാ അവിടെ കൂട്ടിന്... പറഞ്ഞില്ലെന്ന് വേണ്ടാ.. ഒന്ന് സൂക്ഷിച്ചോ... !!!”

സ്തോത്രം..... !!!!