Friday, January 21, 2011

കല്ല്യാണ-കണാരന്‍

ഇത് തികച്ചും ഒരു സാങ്കല്പിക കഥയേ അല്ല... അതുകൊണ്ട് തന്നെ കേന്ദ്ര കഥാപാത്രത്തിന്‍റെ പേര് ഉള്ളത് പോലെ തന്നെ പരാമര്‍ശിച്ചാല്‍ പിന്നെ ഞാന്‍ ഇവിടെ ജീവനോടെ ഉണ്ടാവണമെന്നില്ല... നമുക്കവനെ കണാരന്‍ എന്ന് വിളിക്കാം.... വെറും കണാരനല്ലാ... പറന്ന് പോകുന്ന വയ്യാവേലി ഗോവിണി വച്ച് പിടിക്കുന്ന കണാരന്‍...

മറ്റ് പ്രസക്ത കഥാപാത്രങ്ങള്‍ :

ചാച്ചന്‍

ഉക്കു

മാവേറി

ദിലീപ് മോന്‍

മുരിങ്ങ

മെല്ബിന്‍

അങ്കിള്‍ : മെല്ബിന്‍റെ അച്ഛന്‍

______________________________________________________________________

എന്നെ പോലെയുള്ള അപ്പാവികള്‍ മാത്രമെ അവനിപ്പൊഴും സുഹൃത്തുക്കളായി ഉള്ളു എന്ന തെറ്റിദ്ധാരണ കൊണ്ട് തന്നെ ആവണം, അങ്കിള്‍ ഹോസ്റ്റലിലെ ഞങ്ങള്‍ മല്ലു ഗാംഗിനെ മുഴുവനായി ബോംബേയിലോട്ട് മെല്ബിന്‍റെ ചേച്ചിയുടെ കല്ല്യാണത്തിന് ക്ഷണിച്ചത്...

പനന്തടി പോലത്തെ ഏഴെണ്ണവും പിന്നെ ഞാനും.... (ശാരീരിക വളര്‍ച്ച മാത്രം... എട്ടെണ്ണത്തിനും ബുദ്ധിവളര്‍ച്ച ഏഴയലത്തൂടെ പോയിട്ടില്ലാ...!!!)... എന്തെങ്കിലുമൊക്കെ സംഭവിച്ചില്ലെങ്കിലെ ആശ്ചര്യത്തിന് വഴിയുള്ളു എന്ന് ഞാന്‍ അപ്പഴേ കണക്ക് കൂട്ടിയതാണ്...

കണക്ക് കൂട്ടല്‍ പൂ‍ര്‍ണ്ണമായി ശരി വച്ച് കൊണ്ട് തന്നെ ട്രെയ്‍ന്‍ ടിക്കറ്റെടുക്കാം എന്ന് സ്വമേധയാ ഏറ്റിരുന്ന കണാരന്‍, തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ദിവസം നട്ടുച്ച വരെ രജായിക്കടിയില്‍ കൂര്‍ക്കം വലിച്ചു... അങ്ങനെ കണാരന്‍റെ പിടിപ്പ് കേടുകൊണ്ട് ടിക്കറ്റ് വേറെ ആണുങ്ങള്‍ കൊണ്ട്പോയി...

എങ്കിലും ഉറ്റ തോഴന്‍റെ ചേച്ചിയുടെ കല്ല്യാണത്തിന് തറ ടിക്കറ്റിലും ബോംബേയ്ക്ക് പിടിപ്പിക്കും എന്ന ദൃഢനിശ്ചയത്തില്‍ എട്ടെണ്ണത്തിനും ഒത്തൊരുമയുണ്ടായിരുന്നു...

സ്ളീപ്പര്‍ ടിക്കറ്റിന് പകരം ആ ദൃഢനിശ്ചയവും പോക്കറ്റിലിട്ട് കാണ്‍പൂര്‍ സെന്‍ട്രലില്‍ നിന്ന് ബോംബേയ്ക്ക് ട്രെയ്ന്‍ കയറിയ ഉടന്‍ തന്നെ, ഉത്തര്‍ പ്രദേശിന്‍റെ യഥാര്‍ത്ഥ മുഖം ഒട്ടിച്ച് വെച്ചപോല്‍ തിങ്ങിനിറഞ്ഞ് ഒട്ടിയൊട്ടി ഇരുന്ന ജനക്കൂട്ടം, ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങളുടെ ദൃഢനിശ്ചയത്തിന് നേരെ കൊഞ്ഞനംകുത്തി... ആസനം വയ്ക്കാന്‍ പോയിട്ട് കാല് കുത്താന്‍ പോലും ഒരിഞ്ച് ഗ്യാപ്പില്ലാ...

കണാരനോടപ്പൊ തോന്നിയ കലി... !!!

“എടാ പുല്ലന്‍ കണാരാ.... !!!!!!”... ഏഴെണ്ണവും കണാരന്‍റെ കരണത്തൊന്നു പൊട്ടിക്കാന്‍ കൈ ഓങ്ങി...

ഏതായാലും കാര്യങ്ങള്‍ വഷളാകുന്നതിന് മുന്നെ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഫെവിക്കോള്‍ പരസ്യം പോലെ എട്ടെണ്ണവും ഒരു മൂലയ്ക്ക് ഒട്ടിക്കൂടി...

ഇനിയുള്ള ഇരുപത്തിനാല് മണിക്കൂര്‍ ഇതിനകത്ത് എങ്ങനെ തള്ളി നീക്കും എന്ന അങ്കലാപ്പില്‍ പൂണ്ട നിശബ്ദതയ്ക്ക് അന്ത്യം കുറിച്ചതും കണാരന്‍ തന്നെയായിരുന്നു...

“ഭയ്യാ.... ചാര്‍ ആലു വടെയ്....!!!!”...... “അല്ല നിങ്ങള്‍ക്കൊന്നും വിശക്കുന്നില്ലേ... എന്താ എല്ലാവരുടെയും മുഖത്തൊരു മ്ളാനത... ???”

ചോദ്യം കേട്ട് കലി പൂണ്ട ഉക്കുവിന്‍റെ വക ഇപ്രാവശ്യം കണാരന്‍റെ കരണത്തൊരടി ഞാന്‍ പ്രതീക്ഷിച്ചെങ്കിലും... അതുണ്ടായില്ലാ...

ഉക്കു കണാരനെ ചൊറിഞ്ഞ് നോക്കിക്കൊണ്ടും, കണാരന്‍ ആലു വട ഒന്നൊന്നായി അകത്താക്കിക്കൊണ്ടും ഇരുന്നു....

കൃത്യം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും നിശബ്ദത മുറിഞ്ഞു...

ചാച്ചനായിരുന്നു ഇപ്രാവശ്യം ‘മുറിക്കാനുള്ള’ അവസരം..

“ഹും.... എന്താടാ പെട്ടെന്ന് ഒരു നാറ്റം....”

പറഞ്ഞ് നാവെടുത്തതും ചാച്ചന്‍റെ ഡയലോഗിന്‍റെ പൊരുള്‍ ഞങ്ങള്‍ ഏഴു പേരുടെ മുഖത്ത് പ്രതിഫലിച്ചു ....

പ്രതിഫലിക്കാതിരുന്ന കണാരന്‍റെ എട്ടാമത്തെ മുഖത്തിന് നേരെ ആ ചോദ്യമെറിഞ്ഞ് കൊണ്ട് ഞങ്ങള്‍ നെറ്റി ചുളിച്ചു...

“കണാരാ... ആലു വടാ....????”

“ഞാനല്ലാ..... എന്‍റെ ഇങ്ങനെയല്ലാ.... !!!!” നിഷ്‍ക്കളങ്ക ഭാവത്തില്‍ കണാരന്‍ നിരപരാധിത്വം സ്ഥാപിക്കുവാന്‍ കേണു കെഞ്ചി....

ഏതായാലും ഉത്തരവാദിത്തമേറ്റെടുക്കാന്‍ ഉടമ വരെ മടിച്ച ആ ഗീര്‍വാണമടിച്ച് സഹികെട്ട്, നിശബ്ദത വരെ കംപാര്‍ട്ട്മെന്‍റ് വിട്ടു..... !!!

ഒന്നും രണ്ടും പറഞ്ഞിരിക്കാന്‍ എട്ടുകൂട്ടത്തിന് കാരണങ്ങള്‍ എണ്ണാവതിലപ്പുറമുള്ളതിനാല്‍ പിന്നീട് രാത്രി വരെയുള്ള സമയം ഓടിയത് ട്രെയ്നിന്‍റെ എട്ടിരട്ടി വേഗത്തിലായിരുന്നു...

അങ്ങനെ രാത്രിയായി...

ഇനിയുള്ള പ്രശ്നം കണാരന്‍ തന്നെ സഭയില്‍ ഉന്നയിച്ചു...

“എടാ അതേയ്... നമ്മള്‍ ട്രെയ്നിലെവിടെ തലവയ്ക്കും..... അല്ലാ... തലചായ്ക്കും... ഉറങ്ങണ്ടേ...???”

വഴികള്‍ ഒന്നൊന്നായി ഓരോരുത്തരുടെ മുന്നില്‍ പെട്ടെന്ന് മിന്നിത്തെളിഞ്ഞു...

ചാച്ചന്‍ ഒരു പെട്ടിക്ക് മുകളില്‍ ഒട്ടിക്കൂടി.... കണാരന്‍ അത് കണ്ട് രണ്ട് പെട്ടിക്കിടയില്‍ ഒതുങ്ങിക്കൂടി.... മാവേറി സീറ്റിനറ്റത്തെ കമ്പിയില്‍ അലക്കി പിഴിഞ്ഞ് അഴയില്‍ വിരിച്ച ഷര്‍ട്ട്പോല്‍ തൂങ്ങി പടര്‍ന്നു.... ഞാനും മുരിങ്ങയും രണ്ട് സീറ്റിനിടയ്ക്കുള്ള ഗ്യാപ്പില്‍ അടിഞ്ഞു കൂടി....

അങ്ങനെ അങ്ങനെ ഓരോരുത്തരും ഓരോയിടത്തായി അഭയം പ്രാപിച്ചു...

പക്ഷെ കൂട്ടത്തില്‍ ഏറ്റവും ‘മെലിഞ്ഞ’ ഉക്കുവിന് മാത്രം തലചായ്ക്കാന്‍ ട്രെയ്നിലിടമില്ലാ.... ആ ചെറിയ ശരീരം ഏത് ഗ്യാപ്പിലൊതുങ്ങാന്‍.. ??

അവസാനം ഉക്കു തന്നെ പോംവഴി കണ്ട് പിടിച്ചു.... എനിക്കും മുരിങ്ങയ്ക്കും പെര്‍പ്പെന്ഡിക്കുലര്‍ (perpendicular) ആയി നടവഴിയില്‍ നെഞ്ചും വിരിച്ച് കിടക്കുക...

“കൊള്ളാം ബലേ ഭേഷ്.... പെരു വഴിയില്‍ തന്നെ ഈ ‘ചെറിയ’ നെഞ്ചും വിരിച്ച് കിടന്നോണം.... ഹിന്ദിക്കാര്‍ ചവിട്ടി പേസ്റ്റാക്കും പറഞ്ഞേക്കാം” ഞാനും മുരിങ്ങയും പുച്ഛിച്ചു....

ഞങ്ങളുടെ പുച്ഛം കാറ്റില്‍ പറത്തിക്കൊണ്ട് ഉക്കു വഴിനടപ്പുകാരുടെ ചവിട്ട് കൊള്ളാന്‍ തന്നെ തീരുമാനിച്ച് രണ്ടും കല്പിച്ച് പത്രവും നെഞ്ചും മുട്ടനെ വിരിച്ചു...

എന്നിട്ടോ.....???

“അയ്യോ.......!!!! മൈ**മാര്‍... ഇവന്മാര്‍ക്ക് വഴിയില്ക്കൂടി മാത്രെ നടക്കത്തുള്ളൊ...” എന്നുള്ള രസകരമായ, പരാതിയില്‍ കുളിച്ച നിലവിളി കേട്ട് ഞങ്ങള്‍ ഞെട്ടിയെണീറ്റുകൊണ്ടേ ഇരുന്നു....!!!!

അങ്ങനെ ചുരുക്കത്തില്‍ ഉറക്കം കുശാലായി....

രാവിലെ ബോംബേയിലെത്തി, സ്റ്റേഷനില്‍ കാത്തുനിന്ന മെല്ബിന്‍റെ അകമ്പടിയോടെ, ഞങ്ങള്‍ക്ക് ഒരുങ്ങിയിറങ്ങാനായി അന്ന് രാവിലത്തേയ്ക്ക് ഒഴിച്ചിട്ടിരുന്ന ഫ്ളാറ്റില്‍ ചെന്ന് മുട്ടിയതും വരവേല്ക്കാന്‍ അങ്കിളും ആന്‍റിയും (മെല്ബിന്‍സ് ഡാഡ് ആന്‍റ് മോം) കാത്ത് നില്പ്പുണ്ടായിരുന്നു...

“അരേ ദിലീപ്.... ആപ് ബഹുത് കാലാ ഹോ ഗയാ... ക്യാ ഹുവാ...???”

കണ്ടപാടേ അങ്കിളിന്‍റെ ഹിന്ദിയിലുള്ള കുശലാന്വേഷണം...

വന്നിട്ട് മാസം ആറായെങ്കിലും ഹിന്ദിയില്‍ ഇന്നും ശിശുവായ,,, ധോബി ഭയ്യയുടെ “യേ കപ്ടാ ആപ്കാ ഹേയ് ??” എന്ന ചോദ്യത്തിന് ഇന്നലെയും കൂടി “മേം കാ നഹീ” എന്ന് മറുപടി പറഞ്ഞ് പ്രാവിണ്യം തെളിയിച്ച ഞാന്‍,,, എന്ത് പറയണം എന്നറിയാതെ വായും പൊളിച്ച് നോക്കി നിന്നു...

കാഞ്ഞിരപ്പള്ളിക്കാരന്‍ അങ്കിള്‍ വീണ്ടും ഹിന്ദിയില്‍ ഓരോരുത്തരോടായി കുശലാന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു...

ഇത് കേട്ട് എവിടെ എന്ത് പറയണം എന്ന് യാതൊരുവിധ ബോധവുമില്ലാത്ത ചാച്ചന്‍ ചിരിച്ച് കൊണ്ട് ‘കുശലിച്ചിരുന്ന’ അങ്കിളിനിട്ട് നൈസായി ഒന്ന് കൊട്ടി...

“അതേയ് അങ്കിളേ... ഞങ്ങളെല്ലാം മലയാളികള്‍ തന്നാ..!!!”

കൊട്ട് കേട്ട് ചിരി മങ്ങി, മുഖം ചുവന്ന്, അശരീരിയുടെ ഉറവിടം തേടി തല തിരിച്ച അങ്കിള്‍ കണ്ടത് മുപ്പത്തിരണ്ട് പല്ലും കാണിച്ച് നൈസായി ചിരിച്ച് കൊണ്ട് നില്ക്കുന്ന കണാരനെയാണ്... (ചാച്ചന്‍ ഒതുങ്ങി ഒരു സൈഡ് പിടിച്ച് കഴിഞ്ഞിരുന്നു...)

അങ്കിള്‍ ചൊറിഞ്ഞൊന്ന് നോക്കിയെങ്കിലും, എപ്പഴത്തേയും പോലെ ഒന്നും മനസ്സിലാകാത്ത കണാരന്‍, വീണ്ടും ചിരിച്ച് കൊണ്ട് തന്നെ നിന്നു....

“അപ്പഴെ എല്ലാവരും വേഗം കുളിച്ചൊരുങ്ങണം കെട്ടോ.... കല്ല്യാണത്തിന് പള്ളിയിലേയ്ക്ക് പോകാന്‍ ഒന്നരയ്ക്ക് ബസ്സ് വരും... താമസിപ്പിക്കണ്ടാ...” അങ്കിള്‍ കഷ്ടപ്പെട്ട് ചിരി വീണ്ടെടുത്ത് പറഞ്ഞു...

“പിന്നയേ... ഉച്ച ഭക്ഷണം നമ്മള്‍ ഇവിടെയാ അറേയ്ഞ്ച് (arrange) ചെയ്തിരിക്കുന്നത്... ഒരു പന്ത്രണ്ട് കഴിയുമ്പോഴത്തേയ്ക്കും എല്ലാവരും ഇങ്ങെത്തും... അതിന് മുന്‍പേ നിങ്ങള്‍ ഒരുങ്ങി നില്ക്ക് കെട്ടോ...” അങ്കിള്‍ കൂട്ടിച്ചേര്‍ത്തു...

അങ്കിളും, ആന്‍റിയും, മെല്‍ബിനും പടിയിറങ്ങി...

ഇനിയും ഒരുങ്ങിയിറങ്ങാന്‍ ഒന്നരമണിക്കൂര്‍....

ഞങ്ങള്‍ എപ്പോഴത്തേയും പോലെ സാ മട്ടില്‍ കുളിയും തേവാരവും തുടങ്ങി....

ഓരോരുത്തരായി കയറിയിറങ്ങിയപ്പോഴത്തേയ്ക്കും മണി പന്ത്രണ്ടിനോടടുത്തിരുന്നു....

ബാക്കിയെല്ലാവരും ഒരുവിധം ഒരുങ്ങിയിറങ്ങിയെങ്കിലും കണാരന്‍ ഇനിയും കുളിയും തേവാരവും തുടങ്ങിയിട്ടില്ല...

പെട്ടെന്ന് കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട്, അത് മെല്ബിന്‍ തന്നെയാവണം എന്ന് മനസ്സിലുറപ്പിച്ച്, പേരിന് ഒരു ചെറിയ കഷ്ണം തോര്‍ത്ത് മുണ്ട് മാത്രമുടുത്ത് കുളിക്കാന്‍ ഒരുങ്ങി നിന്ന കണാരന്‍ ഓടിപ്പോയി കതക് തുറന്നു...

പെട്ടെന്ന് ഒരലര്‍ച്ച കേട്ട് ഓടിയെത്തിയ ഞങ്ങള്‍ കാണുന്നത് കണ്ണ് പൊത്തി നില്ക്കുന്ന ആന്‍റിമാരും, കസിന്‍സും ഒക്കെ അടങ്ങുന്ന ഒരു വലിയ പടയെയാണ്...

അപ്പോഴും ഒന്നും മനസ്സിലാകാത്ത കണാരന്‍, വീണ്ടും തന്‍റെ മുപ്പത്തിരണ്ട് പല്ലും, പിന്നെ കാണാന്‍ ആള് കൂടിയത് കാരണം ഒരു ഭംഗിക്ക് മോണയും കൂടെ കാട്ടി, ചിരിച്ച് കൊണ്ട് നിഷ്കളങ്കനായി ചോദിച്ചു....

“ആഹാ... എല്ലാവരും വന്നിട്ടുണ്ടല്ലെ.... ???”

മെല്ബിന്‍റെയും ഞങ്ങളുടെയും കണ്ണ് തള്ളി....!!!

അങ്കിളിന്‍റെ മുഖമാകട്ടെ ആരോ മുളക് പൊടി വിതറിയ പോല്‍ വീണ്ടും ‘സന്തോഷം’ കൊണ്ട് ചുവന്നു...

അവിടെ നിന്ന് ഇനിയും അവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ഞങ്ങള്‍ ഉടന്‍ തന്നെ സദുദ്ദേശത്തില്‍ വെഡ്ഡിംഗ് ഗിഫ്റ്റ് (wedding gift) വാങ്ങുന്നതിനായി മാവേറി നിര്‍ദേശിച്ച ഇന്‍-ഓര്‍ബിറ്റ് മാളിലേയ്ക്ക് ഓട്ടോ കയറി...

എന്നത്തേയും പോലെ തന്നെ മാവേറിയും പന്ത്രണ്ടാം മണിക്കൂറില്‍ മാത്രം ജനിക്കാറുള്ള തന്‍റെ ഷോപ്പിംഗ് മാനിയക്ക് തിരികൊളുത്തിക്കൊണ്ട് ഗിഫ്റ്റിന്‍റെ കൂട്ടത്തില്‍ കല്ല്യാണത്തിനിടാന്‍ ഒരു ഷര്‍ട്ടും കൂടി എടുക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ മണി ഒന്നര കഴിഞ്ഞു...

തിരിച്ചെത്താന്‍ താമസിക്കുന്നതിന് ഫോണില്‍ കൂടി മെല്ബിന്‍റെ തെറി കേള്‍ക്കേണ്ട ബാധ്യത ഇക്കുറി എനിക്ക്....

തെറിയും കേട്ട്, ഗിഫ്റ്റും വാങ്ങി, മാവേറി തന്‍റെ ഷര്‍ട്ടും പേറി, ഓടിക്കിതച്ച് ഫ്ളാറ്റിലെത്തിയപ്പോഴത്തേയ്ക്കും പൂട്ടിക്കെട്ടിയിറങ്ങിയ ഫാമിലി മുഴുവനായി പള്ളിയിലോട്ട് വണ്ടിയെടുക്കാന്‍ ഞങ്ങളെ മാത്രം കാത്ത് നില്പ്പുണ്ടായിരുന്നു...

യെവന്‍മാരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയിട്ടൊ എന്തോ... അങ്കിള്‍ ഒന്നുമേ പറഞ്ഞില്ലാ...

പന്തികേട് മണത്ത് മെല്ബിനോട് നൈസായിട്ടൊന്ന് ചോദിച്ചു...

“എടാ... വീട്ടുകാര്‍ക്കെല്ലാം ഞങ്ങളേക്കുറിച്ച് നല്ല അഭിപ്രായം ആയിക്കാണും അല്ലെ... ???”

മെല്ബിന്‍ വരെ ചൊറിഞ്ഞ് ഒരു നോട്ടം നോക്കിയതോടെ എല്ലാവരും ഹാപ്പിയായി... “എവിടെ പോയി കെടക്കുവാരുന്നു ??.. എല്ലായെണ്ണവും കൂടി വെള്ളമടിക്കാന്‍ പോയി എന്നാ ഇവിടെല്ലാവരും വിചാരിച്ചിരിക്കുന്നത്... ഞാന്‍ പിന്നെ മാറ്റി പറയാന്‍ പോയില്ലാ...!!!!”

“അതെ അല്ലെ അളിയാ.... വലിയ ഉപകാരം... !!!”

ഇങ്ങനെയൊക്കെയായെങ്കിലും കല്ല്യാണവും, പാര്‍ട്ടിയും, ഡിന്നറും പൊടിപൊടിച്ചു...

പൊടിച്ച പൊടിയും ചുമന്ന് രാത്രി തിരിച്ച് ഫ്ളാറ്റില്‍ എത്തിയപ്പോഴത്തേയ്ക്കും യാത്രാക്ഷീണവും ഉറക്കക്ഷീണവും കൊണ്ട് എല്ലാവരും പട്ടിയായിരുന്നു.....

അതുകൊണ്ട് തന്നെ കയറിയ പാടെ എട്ടെണ്ണവും ഒരു മുറിയില്‍ ചുരുണ്ട് കൂടി...

പെട്ടെന്നങ്ങോട്ട് “ആര്‍ക്കെങ്കിലും ഡൈജഷന്‍ പ്രോബ്ളം ഉണ്ടെങ്കില്‍ രണ്ടെണ്ണം........... വേണോ..???” എന്ന ഓഫറുമായി അങ്കിള്‍ പ്രത്യക്ഷപ്പെടുമെന്ന് ആരും ഒട്ടും തന്നെ പ്രതീക്ഷിച്ചില്ലാ...

ഓഫറ് കേട്ടപാടെ മുരിങ്ങയുടെ മുഖത്ത് ഒരു പൂര്‍ണ്ണചന്ദ്രന്‍ തിളങ്ങി.... !!!

പക്ഷെ ചാച്ചന്‍ വല്ലാണ്ടങ്ങു വിനയിച്ചു....

“ഓ വേണ്ടാ അങ്കിളേ... എല്ലാവരും ക്ഷീണിച്ചിരിക്കുവല്ലെ...”

“ആ അതുകൊണ്ട് തന്നാ ചോദിച്ചത്.... ക്ഷീണം മാറ്റാന്‍ രണ്ടെണ്ണം... ???”..

“ഓ ഇല്ല അങ്കിളേ... അങ്കിള് വിചാരിക്കുന്ന പോലെ ഞങ്ങള്‍ അത്രയ്ക്കും ആ ടൈപ്പല്ലാ...” ചാച്ചന്‍ വീണ്ടും വിനയിച്ചു...

“മ്മ്മ്...”

അങ്കിളൊന്നു നീട്ടി മൂളിക്കൊണ്ട് റൂം വിട്ടു...

മുരിങ്ങയുടെ മുഖത്തെ പൂര്‍ണ്ണചന്ദ്രന്‍ മങ്ങി.... !!!

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴത്തേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മെല്ബിന്‍ രണ്ട് ഫുള്ളുമായി റൂമില്‍...

“അളിയാ മുത്തേ... ഇതെവിടുന്നൊപ്പിച്ചു... ചാത്തന്‍ സാധനം വെല്ലതുമാണോടെയ്... ??” മുരിങ്ങയ്ക്ക് ആക്രാന്തം....

“ഹാഹാഹാ... നിങ്ങള്‍ രാത്രി വീശണം എന്ന് നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ പപ്പയുടെ കയ്യില്‍ നിന്നൊപ്പിച്ചെടുത്തു.... എന്നെ സമ്മതിക്കണം...”

“ജങ്ക ജഗ ജഗാ... !!! അങ്കിളിന്‍റെ മുന്നില്‍ ഇട്ട വിനയം ഒക്കെ വെറുതേ വേസ്റ്റ് ആയി.. നിന്നെ സമ്മതിക്കണം അളിയാ... ഇപ്പൊ,,, ശരിക്കും,,, പുള്ളിക്ക് ഞങ്ങളെക്കുറിച്ച് നല്ല ബെസ്റ്റ് അഭിപ്രായം ആയിട്ടൊണ്ട്... !!!”

ഏതായാലും അതൊന്നും വെള്ളമടിയെ തീര്‍ത്തും ബാധിച്ചില്ലാ...

രണ്ടാം റൗണ്ട് തുടങ്ങും മുന്നെ ഇരുട്ടത്ത് ബീഫെടുക്കാന്‍ അടുക്കള തേടി തപ്പി തടഞ്ഞ് പോണ വഴി അറിയാതെ ഹാളില്‍ പാ വിരിച്ച് കിടന്ന് കൂര്‍ക്കം വലിച്ച അങ്കിളിനും കൊടുത്തു ഒരു ചവിട്ട്....

“ങ്ങേ ആരാ...??” ഞെട്ടിപ്പിടഞ്ഞ് അങ്കിള്‍...

“അങ്കിളേയ് .... ഉച്ചക്കത്തെ ബീഫിനിയും ഇരിപ്പൊണ്ട്... അല്ലിയോ... ???”

“ഓ ചെല്ല് ചെല്ല്... അടുക്കളേലാ കുട്ടകത്തിലൊണ്ട്........

ഓസിന് കിട്ടിയാല്‍ ആസിഡ് വരെ കുടിച്ചോളും.... കര്‍ത്താവേ...” അങ്കിള് പിറുപിറുത്ത് കൊണ്ട് ചരിഞ്ഞ് കിടന്നു....

ഓ... നമ്മളിതെത്ര കേട്ടിരിക്കുന്നു... ഞങ്ങള്‍ കേള്‍ക്കാത്ത ഭാവത്തില്‍ ബീഫ് ലക്ഷ്യമാക്കി നടന്നു.... !!!

അര്‍ദ്ധരാത്രിയില്‍ അങ്കത്തിനു ശേഷം മര്യാദരാമന്മാരായി ഓരോരുത്തരും വീണ്ടും ചുരുണ്ട്കൂടി...

പക്ഷെ രാവിലെ ചുരുള് നിവര്‍ന്നപ്പോള്‍ കൈലിയുടുത്ത് ഉറങ്ങാന്‍ കിടന്ന കണാരനെ മാത്രം റൂമില്‍ കാണ്മാനില്ലാ...

വെളുപ്പിനെ തന്നെ കെട്ട് വിട്ടെണീറ്റ ചാച്ചന്‍ തന്നെയാണ് ആ സത്യം ആദ്യം തിരിച്ചറിഞ്ഞത്....

“അവന്‍റെ കൈലി കിടന്നിടത്ത് തന്നെ കിടപ്പുണ്ട്... കൈലി ഇവിടെ ഇട്ടിട്ട് അവന്‍ എവിടെ റോന്ത് ചുറ്റാന്‍ പോയി... ???” ചാച്ചനു സംശയം...

സംശയ നിവാരണത്തിനായി കണാരനെ തേടി മുറി വിട്ടിറങ്ങിയ ചാച്ചന്‍ കാണുന്ന സുന്ദരമായ കാഴ്ച ഹാളില്‍ മെല്ബിന്‍റെ അങ്കിളുമാര്‍ക്കിടയില്‍ പിറന്ന പടി കിടന്നു കൂര്‍ക്കം വലിക്കുന്ന കണാരനെയാണ്...

ഭാഗ്യം ആരോ അത്യാവശ്യത്തിന് ഒരു പുതപ്പ് പുതപ്പിച്ചിട്ടുണ്ട്....

{ ഫ്ളാഷ് ബാക്ക് : അടിച്ച് വീലായ കണാരന്‍ നിരന്ന് കിടന്ന ഞങ്ങള്‍ ഏഴെണ്ണത്തിനെ കവച്ച് വച്ച് ഉടു തുണിയും ഉപേക്ഷിച്ച് ഏത് ബോധത്തിലാണ് അത് സാധിച്ചെടുത്തത് എന്ന് ഇന്നും അവ്യക്തം... ഏതായാലും അപ്പുറത്തെ ഹാളില്‍ ചെന്ന് കൃത്യമായി രണ്ട് അങ്കിളുമാര്‍ക്കിടയില്‍ തന്നെ പോയി പിറന്ന പടി കിടന്നു.... ഫിറ്റായി ഫ്ളാറ്റു വിട്ടിറങ്ങാന്‍ തോന്നിക്കാത്തതിന് കര്‍ത്താവിന് സ്തോത്രം...

വെളുപ്പിനെ ഒന്ന് മൂത്രമൊഴിക്കാന്‍ എണീറ്റ മെല്ബിന്‍റെ അങ്കിളാണ് കണ്ണ് തള്ളിക്കുന്ന കാഴ്ച ആദ്യമായി കാണുന്നത്... (‘പിള്ളേര് കണി കാണിച്ചു..!!!’)

പുള്ളിക്കാരനു സന്ദേഹം “ങേ... ഈ തോമസ്കുട്ടിച്ചായന്‍ എന്താ തുണിയില്ലാണ്ടു കിടക്കുന്നത്... ???”

സൂക്ഷ്മ നിരീക്ഷണത്തില്‍ സന്ദേഹം മാറിക്കിട്ടി.. “കര്‍ത്താവേ.... ഇത് ഈ തറവാട്ടിലെ കുണ്ടിയല്ലല്ലോ... !!!!”

ഏതായാലും ഒരു പുതപ്പെടുത്ത് കണാരനെ പുതപ്പിക്കാനുള്ള മാന്യത പുള്ളി കാണിച്ചു....}

കെട്ടിറങ്ങിയ കണാരന്‍ രാവിലെ കണ്ണാടിയില്‍ നോക്കി പല്ല് തേച്ച് കൊണ്ടിരുന്നപ്പോള്‍ പിറകില്‍ വന്ന് അങ്കിളും നൈസായി ഒന്ന് കൊട്ടിക്കൊണ്ട് മൂളി പാടി..

“പുള്ളിക്കാരന്‍ വെള്ളമടിച്ചാല്‍ വള്ളിക്കളസം മാത്രം..... വള്ളിക്കളസം മാത്രം...... ”

എന്തോ ഇപ്രാവശ്യം കണാരന് ചിരിക്കാന്‍ തോന്നിയില്ലാ... സ്തോത്രം..

ഏതായാലും കൂടുതല്‍ നിന്ന് നാണംകെടാതെ ഉടന്‍ തന്നെ ഞങ്ങളും, മെല്ബിനും, കോളേജില്‍ നടക്കാനിരിക്കുന്ന ‘മലയാളം വേദി’ ക്രിസ്ത്മസ്സ് ആഘോഷത്തിനൊരുക്കാന്‍ ഫ്ളാറ്റില്‍ ഇരുന്ന പുല്ക്കൂടും പൊളിച്ച് കാണ്‍പൂര്‍ക്കു തിരിച്ച് ട്രെയ്ന്‍ പിടിക്കാന്‍ പടിയിറങ്ങി...

ഷൂ-ലെയ്സ് കെട്ടാന്‍ താമസിച്ച ഞാന്‍ വാതില്ക്കല്‍ ആരോ പിറുപിറുക്കുന്നത് കേട്ടു....

“തോമസ്കുട്ടിച്ചായോ.... യെവന്മാരെ ഇന്നലെ ഇങ്ങോട്ട് കെട്ടിയെടുത്ത കാരണം കല്ല്യാണവീട്ടില്‍ നിന്ന് പുല്ക്കൂടു മാത്രമെ പൊളിച്ചോണ്ട് പോയുള്ളു.... കല്ല്യാണത്തലേന്ന് വലിഞ്ഞ് കയറി വന്നിരുന്നെങ്കില്‍ യെവന്മാരു ചിലപ്പൊ ഈ കല്ല്യാണം തന്നെ പൊളിച്ചേനെ.... ഏതായാലും മോനു നല്ല ബെസ്റ്റ് കമ്പനിയാ അവിടെ കൂട്ടിന്... പറഞ്ഞില്ലെന്ന് വേണ്ടാ.. ഒന്ന് സൂക്ഷിച്ചോ... !!!”

സ്തോത്രം..... !!!!

Friday, January 7, 2011

ഒളിച്ചോട്ടം...


“ഈ ലോകത്തിലാരും മണ്ടന്മാരായി ജനിക്കുന്നില്ലാ... ഈ സമൂഹമാണ് അവരെ മണ്ടന്മാരാക്കി മാറ്റുന്നത്...”

പക്ഷെ ദിലീപ് മോന്‍ ചെറുതിലേ തന്നെ പൊട്ടനായിരുന്നു... അല്ലെങ്കില്‍ പിന്നെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അടിയുണ്ടാക്കി വീട് വിടാന്‍ തീരുമാനിക്കുമൊ...

സാഹചര്യം കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കില്‍....

അന്ന് ഞാന്‍ രണ്ടാം തരത്തില്‍... പള്ളിക്കൂടം തുറന്ന് മഴ തകര്‍ക്കുന്ന ആദ്യ ആഴ്ച... പാരഗണ്‍ വള്ളിച്ചെരുപ്പുകൊണ്ട് മഴ വെള്ളവും തെന്നിച്ച്, അച്ഛന്‍റെ വലത് കൈയ്യില്‍ തൂങ്ങി പുത്തന്‍ കുട വാങ്ങാനുള്ള ആ നടത്തത്തിലുടനീളം എന്‍റെ കുഞ്ഞു മനസ്സ് നിറയെ കണക്ക്കൂട്ടലുകളായിരുന്നു...

“സ്റ്റിക്കര്‍ (name slip) ഫ്രീ കിട്ടുന്ന കുട തന്നെ നോക്കി വാങ്ങണം.....

മനു സണ്ണിക്ക് തിളങ്ങുന്ന സ്റ്റിക്കറും വിസിലും കൂട്ടത്തില്‍ ഫ്രീ കിട്ടി... പിന്നെ നെഗളിപ്പ് കൂട്ടാന്‍ അവന്‍റെയാ ലൈറ്റ് കത്തണ പരട്ട ഷൂസും.... എന്തായിരുന്നു അവന്‍റെ പത്രാസ്... എനിക്ക് സ്റ്റിക്കറെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ അവന്‍റെ മുഖത്തെങ്ങനെ നോക്കും...”

കടയിലെത്തി വെളുക്കനെ ചിരിക്കുന്ന താടിക്കാരന്‍ കട ചേട്ടനോട് ആദ്യം തന്നെ അച്ഛന്‍ കാണാതെ ഒതുക്കത്തില്‍ നയം വ്യക്തമാക്കി...

“അതേയ്... ഈ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കുട മതി............... അച്ഛനറിയണ്ടാ...”

കട ചേട്ടന്‍ നിരാശപ്പെടുത്തിയില്ല... കമ്പിക്കറ്റത്ത് ഉരുണ്ട വെള്ള മൊട്ട് വെച്ച ആ കുട്ടിക്കുടയുടെ കൂട്ടത്തില്‍ തിളങ്ങുന്ന പന്ത്രണ്ട് സ്റ്റിക്കര്‍... എന്‍റെ കണ്ണുകളും സന്തോഷത്താല്‍ തിളങ്ങി...

അച്ഛന്‍റെ കയ്യിലോട്ട് നീട്ടിയ വെള്ളക്കൂടില്‍ നിന്നും സ്റ്റിക്കറെടുത്ത് ഇടത് കൈയ്യില്‍ പിടിച്ച്, കുട അച്ഛന്‍റെ കയ്യിലും കൊടുത്ത്, കട ചേട്ടനെ തിരിച്ച് വെളുക്കനെ ചിരിച്ച് കാണിച്ച്, വലത് കൈ കൊണ്ട് റ്റാറ്റയും കൊടുത്ത് ഞാന്‍ കടയുടെ പടിയിറങ്ങി...

ഇറങ്ങണ വഴി പുറകില്‍ നിന്ന് പുള്ളിയുടെ നിര്‍ദേശം...

“മോനേ... മാമന്‍റെ കടയില്‍ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കാര്യം കൂട്ടുകാരോടെല്ലാം പറയണം...”

പിന്നേ... പയ്യെ പറയും.... നോക്കി ഇരുന്നോ...

ഏതായാലും ഞാന്‍ തിരിഞ്ഞ് നോക്കി പുള്ളിയെ ഒന്നു കൂടെ വെളുക്കനെ ചിരിച്ച് കാണിച്ച് കൊണ്ട് തലയാട്ടി...

“ശരി മാമാ...”

മറ്റന്നാള്‍ പുത്തന്‍ കുടയും, അതിനേക്കാളുപരി തിളങ്ങുന്ന സ്റ്റിക്കറും ആയി ക്ളാസ്സില്‍ പോണ കാര്യവും സ്വപ്നം കണ്ട് വീട്ടിലോട്ട് കയറിയതും വാതില്ക്കല്‍ തന്നെ കഴുകന്‍ കണ്ണുകളുമായി എന്‍റെ സ്റ്റിക്കറിലും നോട്ടമിട്ട് ചേട്ടന്‍ നില്പ്പുണ്ടായിരുന്നു...

ഒതുക്കത്തില്‍ പോക്കറ്റിലൊളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാലമാടന്‍ കണ്ട് പിടിച്ച് കളഞ്ഞു...

അച്ഛനാകട്ടെ വന്ന് കയറിയ ഉടന്‍ തന്നെ കാപ്പിയും കുടിച്ച് ആപ്പീസില്‍ പോകാന്‍ റെഡിയായി. സ്ഥിരം ക്വോട്ട ആയ ഉമ്മയും റ്റാറ്റയ്യും നല്കി സോപ്പിട്ട് അച്ഛനെ ആപ്പീസിലോട്ട് പറഞ്ഞ് വിട്ട് ഞാന്‍ തിരിഞ്ഞതും, ചേട്ടന്‍ മുന്നില്‍ ചാടി വീണതും ഒരുമിച്ചായിരുന്നു..

പോക്കറ്റില്‍ കിടന്ന് സ്റ്റിക്കര്‍ പന്ത്രണ്ടും പൊടുന്നനെ ചേട്ടന്‍റെ കയ്യില്‍..

“എടാ ചെറുക്കാ... എനിക്കാ പുസ്തകം കൂടുതല്‍.... നേയ്മ് സ്ളിപ്പ് പത്തെണ്ണം ഞാനെടുക്കുവാ... നിനക്കു രണ്ടെണ്ണം മതി...”

അതില്‍ രണ്ടെണ്ണം കീറി എനിക്ക് നേരെ നീട്ടി ചേട്ടന്‍റെ ആജ്ഞ..!!!

“പറ്റില്ലാ... ആറെണ്ണം എനിക്ക് വേണം...” ചേട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച്, കടിച്ച് പറിച്ച്, ഞാന്‍ പറഞ്ഞു....

“ഒന്ന് പോട ചെക്കാ..” ... പുച്ഛം.... !!!!

എന്നെ തള്ളി മാറ്റി സ്റ്റിക്കറുമായി ചേട്ടന്‍ തിരിഞ്ഞ് നടന്നു...

എന്‍റെ കണ്ണുകള്‍ തുളുമ്പി.... ഈശ്വരാ,,, മനു സണ്ണി... !!!!

അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ചോരത്തിളപ്പില്‍ ഞാന്‍ തിരിച്ചടിച്ചു....

ആദ്യത്തെ അടി ചേട്ടന്‍റെ മുതുകത്ത്...

പക്ഷെ പിന്നെ ഒരൊറ്റ എണ്ണം മിസ്സായില്ലാ... എല്ലാം ഞാന്‍ തന്നെ വാങ്ങിച്ച് കൂട്ടി...

അടിയും പിടിയും ബഹളവും കേട്ട് അടുക്കളയില്‍ നിന്ന് ദീപശിഖപോല്‍ കറിക്കത്തിയും കയ്യിലേന്തി ഓടിയെത്തിയ അമ്മയ്ക്ക് മുന്നില്‍ കരഞ്ഞ് പിഴിഞ്ഞ് ഞാനും, പിന്നെ എന്നെ പിഴിഞ്ഞ് ചേട്ടനും ന്യായാന്യായങ്ങള്‍ വാദിച്ചപ്പോള്‍ അമ്മ നൈസായി ചേട്ടന്‍റെ സൈഡ് പിടിച്ചു...

കുട്ടി ഞാന്‍ വിട്ടുകൊടുക്കുമോ...

“ഓഹോ... അപ്പൊ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍, അമ്മേ, എനിക്കീ വീട് വിട്ടിറങ്ങേണ്ടി വരും....” എന്നിലെ നാടക നടന്‍ ഗൗരവം വിട്ടില്ല...

അമ്മയും ചേട്ടനും പൊട്ടിച്ചിരി തുടങ്ങി...

ആകെ ചമ്മി നാറിയെങ്കിലും ഞാന്‍ ഒന്നുകൂടി വീട് വിടല്‍ പ്രഖ്യാപനം നടത്തി നോക്കി...

“നോക്കിക്കോ... ഞാനിനി ഈ വീട്ടില്‍ കയറില്ല... ഒരിക്കലും...!!!”

എവിടെ... പട്ടി വില... രണ്ട് പേര്‍ക്കും ഒരു കൂസലുമില്ല..

അരിശം കയറി മുറിയില്‍ പോയി കണ്ണില്‍ കണ്ട ഒരു സഞ്ചിക്കകത്ത് രണ്ട് നിക്കറും, മൂന്ന് യൂണിഫോറം ഷര്‍ട്ടും, ഒരു തോര്‍ത്തും എടുത്ത് കിഴക്കു വശെയുള്ള ചിറ്റയുടെ വീട്ടിലേക്ക് കുടിയേറാന്‍ ഞാന്‍ പ്ളാനിട്ടു... അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.. ഒന്നുമില്ലെങ്കിലും ഇവരെ ഒന്നു പേടിപ്പിക്കാമല്ലൊ...

കെട്ടിയെടുക്കുന്നതിനു മുന്നെ രണ്ട് പേരോടുമായി ഒന്നൂടെ :

“അപ്പഴെ,, ഞാന്‍ പോകുന്നു..”

അമ്മയുടെ വകയായിരുന്നു മറുപടി..

“നീ എങ്ങോട്ട് വേണെങ്കിലും പൊയ്ക്കൊ.... പക്ഷെ മൂന്ന് കണ്ടീഷന്‍...

1. നിന്‍റെ ചിറ്റേടങ്ങു പോകരുത്.

2. വടക്കേലെ സാറിന്‍റെ വീട്ടിലോട്ടു വേണ്ടാ.

3. പാലാ വീട്ടിലും (അമ്മ വീട്) ചെന്ന് കയറിയേക്കരുത്... “

പണി പാളി.... ഈ മൂന്ന് വീടുകളിലോട്ടല്ലാതെ ഞാന്‍ വേറെങ്ങോട്ട് പോകാന്‍... തിരിച്ചകത്തോട്ട് കയറണൊ അതൊ അമ്മ തിരിച്ച് വിളിക്കുന്നത് വരെ പടിയില്‍ തന്നെ കുറ്റിയടിച്ച് നില്ക്കണൊ എന്ന അങ്കലാപ്പില്‍ ഒരു കാലകത്തും മറുകാല്‍ പുറത്തുമായി നിന്ന എന്‍റെയടുത്ത് ചേട്ടന്‍റെ ചൊറിയുന്ന ഡയലോഗ്...

“ഡാ... എന്താ ഇറങ്ങുന്നില്ലെ ?? പോകുന്ന വഴി ആ വാതിലും കൂടി അങ്ങ് ചാരിയേക്ക്...”

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായക്ക് മുറുമുറുപ്പൊ... എരിതീയില്‍ എണ്ണ ഒഴിക്കുന്ന തെണ്ടി ചേട്ടാ... !!!

ഞാന്‍ ചേട്ടനെ 'കൂലങ്കഷമായി' ഒന്ന് നോക്കി...
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാ... എങ്ങോട്ടാണെങ്കിലും ഇറങ്ങുക തന്നെ...

ഇറങ്ങുന്നതിനു മുന്നെ തിരിച്ചു കയറി മേശപ്പുറത്തിരുന്ന രണ്ട് നോട്ട് ബുക്കും, രണ്ടാം തരത്തിലെ പുസ്തകവും, കഴിഞ്ഞിവസം അമ്മ വാങ്ങി തന്ന പേനാ പെന്‍സിലും എടുത്ത് തോള്‍ സഞ്ചിയില്‍ ഇട്ടു (ദുരുദ്ദേശം : “എവിടെ പോയാലും പഠിച്ച് വലിയ ആളാകണം. എന്നിട്ട് തിരിച്ച് വന്ന് ചേട്ടന്‍റെ മുന്നില്‍ നെഞ്ചും വിരിച്ച് നില്ക്കണം”). കൂട്ടത്തില്‍ ഞാന്‍ സഞ്ചിയില്‍ തുണിക്കിടയില്‍ റേഡിയോയ്ക്ക് അരികില്‍ ഇരുന്ന യേശുദാസിന്‍റെ പടമുള്ള പാട്ട് പുസ്തകവും ചേട്ടന്‍ കാണ്‍കെ തിരുകി... (ദുരുദ്ദേശം : വെറുതെ ഒരു ജാഡയ്ക്ക്... അന്ന് പാട്ട് വായിക്കാന്‍ പോയിട്ട് നേരെ ചൊവ്വെ കൂട്ടി വായിക്കാന്‍ പോലും അറിയില്ലാ..)


തോളത്ത് സഞ്ചിയും തൂക്കി ധൈര്യപൂര്‍വ്വം ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി വച്ച് പിടിപ്പിച്ച എന്നെ അമ്മ അരക്കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു...

കിട്ടിയപാടെ എന്നെ പൊക്കിയെടുത്ത് രണ്ട് പൊട്ടിച്ച് വീട്ടിലോട്ട് ചുമക്കണ വഴി ഞാന്‍ കൈ കാലിട്ടടിച്ച് കാറിക്കൂവി അലമ്പാക്കുകയും ചെയ്തു...

അങ്ങനെ തിളങ്ങുന്ന സ്റ്റിക്കറും, അയല്‍പക്കകാരുടെ മുന്നില്‍ എന്‍റെ മാനവും ഗോവിന്ദാ.... !!!

അന്ന് കെട്ട നാണം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ സഹായിച്ചത് അയല്പക്കത്തെ തോമസ് കുട്ടിയാണ്...

നമ്മുടെ ഈ കഥയിലെ ഹീറോ...

കൃത്യം അടുത്ത വര്‍ഷം ഏതാണ്ട് ഇതേ സമയം. വെറുതേ ഇരുന്ന് ബോറടിച്ചിട്ടോ എന്തോ, അന്ന് എന്‍റെ പള്ളിക്കൂടത്തില്‍ തന്നെ ആറാം തരത്തില്‍ പഠിച്ച് വന്ന അയല്പക്കത്തെ തോമസ് കുട്ടിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് ബോംബേയ്ക്ക് ഒളിച്ചോടാന്‍ തീരുമാനിച്ചു (ദുരുദ്ദേശം : ബോംബേയില്‍ പോയി കുറെ കാശുണ്ടാക്കണം. എന്നിട്ട് ബെന്‍സ് കാറുമായി പാലായില്‍ തിരിച്ച് വരണം)

തോമസ് കുട്ടി തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാനുമായി, അത് വരെ നാഗമ്പടം പാലത്തില്‍ നിന്ന് മാത്രം തീവണ്ടി നേരില്‍ കണ്ടിട്ടുള്ള മൂവര്‍ സംഘം, തീവണ്ടിയില്‍ കയറി ബോംബേയ്ക്ക് പോകാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

റേയില്‍വേ സ്റ്റേഷന്‍ അന്ന് ആദ്യമായി കണ്ട തോമസുകുട്ടി, കഴിഞ്ഞ മാസം ജീവിതത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സ്വയം ടിക്കറ്റെടുത്ത പരിചയത്തില്‍ റേയില്‍വേ കൗണ്ടറില്‍ ക്യൂ നിന്നു...

ഊഴമെത്തിയപ്പോള്‍ കൗണ്ടറിലെ ചേച്ചിയോട് ഒട്ടും തന്നെ ഗൗരവം വിടാതെ തോമസുകുട്ടി :

“ചേച്ചീ,,, മൂന്ന് ബോംബേ.... !!!”

ചേച്ചി അന്താളിച്ചു... ചേച്ചിയുടെ അമ്പരപ്പ് കണ്ട് അമ്പരന്ന തോമസുകുട്ടി പന്തികേട് മണത്ത് കയ്യിലിരുന്ന ബാഗും കൊണ്ട് ഓടി...

നാട്ടുകാര്‍ ഓടിയ വഴി പിടികൂടി....

വിശദമായ ചോദ്യം ചെയ്യലില്‍ തോമസുകുട്ടിയുടെ മാസ്റ്റര്‍ പ്ളാന്‍ വെള്ളത്തിലായി....

മൂന്നു പേരെയും തൂക്കിയെടുത്ത് പോലീസ് വീട്ടിലും എത്തിച്ചു...

എന്നിട്ടോ.... പാലായില്‍ ഇന്ന് എന്‍റെ വീടിനടുത്ത് തൊമസുകുട്ടിമാരും, തൊമ്മന്മാരും, തോമസുകളും പലരുണ്ട്....

പക്ഷെ ‘ബോംബേ തോമാ’... അതൊരൊറ്റ ആളെ ഉള്ളു... !!!


അടിക്കുറിപ്പ് : “ഈ ലോകത്തിലാരും ബോംബേ തോമയായി ജനിക്കുന്നില്ല... ഈ സമൂഹമാണ് അവരെ ബോംബേ തോമകളാക്കി മാറ്റുന്നത്...”