Sunday, March 20, 2011

ഹോളി ഹേ... !!!

രാവിലെ ഒന്ന് പല്ല് തേക്കാന്‍ മുറിക്ക് പുറത്തിറങ്ങിയ ഞാനാ.... ലവന്മാര്‍ വന്ന് പൊക്കിക്കോണ്ട് പോയത് മാത്രം ഓര്‍മയുണ്ട്... പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു..... അല്ല... ഈ ഹോളിയേ..... !!!

രണ്ടാം ക്ളാസ്സ് മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഈ ഹോളി ഹോളി എന്നു കേട്ട് വന്നിരുന്നെങ്കിലും, വടക്കേ ഇന്ത്യക്കാര്‍ക്ക് ഹോളിഡേ കിട്ടുന്ന ഒരു ദിവസം എന്നതിനേക്കാളുപരി അപ്പറഞ്ഞ സാധനത്തെപ്പറ്റി യാതൊരുവിധ ബോധവും ഉള്ളതിന്‍റെ അഹങ്കാരം എനിക്കില്ലായിരുന്നു...

അതുകൊണ്ട് തന്നെ ഇങ്ങ് കാണ്‍പൂര്‍ എത്തി പണ്ടാരടങ്ങി കിടക്കുന്ന ഈ വര്‍ഷവും ‘ഹോളി വരുന്നേ... ഹോളി വരുന്നേ’ എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു ദക്ഷിണേന്ത്യക്കാരനായിപ്പോയതു കൊണ്ട് മാത്രം കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷമായി നിഷേധിക്കപ്പെട്ട ആ ഹോളിഡേ ആദ്യമായി കിട്ടാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ... കൂട്ടത്തില്‍ എന്താണ് ഈ ഹോളി എന്നറിയാന്‍ ചെറിയ ഒരു ആകാംക്ഷയും....

പക്ഷെ ഹോളി പുറപ്പെടുവിച്ച ആ ആകാംക്ഷയ്ക്ക് കാലത്ത് കട്ടിലില്‍ നിന്നും എന്റെ കാലൊന്ന് പൊക്കി നിലത്തേക്കെത്തിക്കാന്‍ മാത്രം കെല്പൊന്നും ഇല്ലാത്തത് കൊണ്ടൊ എന്തോ, എണീറ്റ് പിടിച്ച് വന്നപ്പോഴത്തേക്കും സ്ഥിരം സംഭവിക്കാറുള്ളത് പോലെ തന്നെ ചെറിയ സൂചി പത്തും വലിയ സൂചി മുപ്പതും പിടിച്ചിരുന്നു...

“എന്നാല്‍ പിന്നെ ഏതായാലും ഹോളി ഒക്കെയല്ലെ, ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടെ, രാവിലെ തന്നെ ഒന്ന് പല്ലു തേച്ച് കളയാം” എന്ന തീരുമാനത്തില്‍ അടിയുറച്ച് ഞാന്‍ മുറി വിട്ടിറങ്ങി....

ഇറങ്ങിയപാടെ നാല് പാടും കണ്ണോടിച്ചെങ്കിലും ഹോളിയുടേതായ ബഹളമൊന്നും ഒരിടത്തും കാണാനില്ല... ഓഹോ... അപ്പൊ ഇത്രെ ഒക്കയെ ഉള്ളു... ഇതിപ്പൊ ‘പുലി വരുന്നേ പുലി വരുന്നേ’ എന്ന് പറഞ്ഞ പോലെ ആയല്ലൊ... വെറുതെ നേരത്തെ എണീറ്റ് ഹോളി കാണാന്‍ ഉറക്കം വേയ്സ്റ്റ് ആക്കാഞ്ഞത് നന്നായി.....

മനസ്സ് നിറഞ്ഞ് പല്ലുതേച്ച് , മൂന്നാം നിലയിലെ എന്‍റെ കൊച്ച് മുറിയിലേക്ക് തിരിച്ച് നടക്കുന്ന വഴി താഴെ നിന്ന് ആരോ നീട്ടി വിളിച്ച് ചോദിക്കുന്നത് കേട്ടു... “ലിയോ.... ദിലീപ് കാ റൂം കോന്‍സാ ഹേ... ???”

“ഉയ്യോടാ, ആരോ എന്നെ തേടി ഹോളി ആശംസിക്കാന്‍ വരുന്നുണ്ട്... ശ്ശൊ, ഈ ഹിന്ദിക്കാരുടെ ഒരു കാര്യം... എന്നാ ചെയ്യാനാ.... വെറുതെ കയറി അങ്ങ് ആശംസിച്ച് കളയും......!!!...”

ഏതായാലും ആ പാവത്തിനെ മേലോട്ട് നടത്തി ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് കരുതി ഞാന്‍ മനസ്സ് നിറഞ്ഞ് ആശംസ വാങ്ങുവാനായി പടവുകള്‍ ഓരോന്നായി തുള്ളിച്ചാടി താഴോട്ടിറങ്ങി....

പാതി വഴിയെ വച്ച്, മേലോട്ട് എന്നെയും തേടി കൈയ്യും പിറകില്‍ കെട്ടി നടന്ന് വന്ന ഹിന്ദിക്കാരന്, ഒരു ഹോളി ഹഗ്ഗ് കൊടുത്തേക്കാം എന്ന് കരുതി കൈകളും നീട്ടി വിടര്‍ത്തി “ഹാപ്പി ഹോളി” എന്ന് പറയാന്‍ “ഹാ...” പറഞ്ഞതും ഒരു കിലോ ചായം എന്‍റെ മുഖത്തും വായിലും....!!!

കൂട്ടത്തില്‍ ഡാഷുമോന്‍റെ ഒരു ഉപദേശവും.. “Hahaa… Happy Holi man… Better go and change your dress immediately…. The whole group is coming in search of you… !!!”…

“ഓഹോ... അതെ അല്ലെ... ഇനീം വരുന്നുണ്ടല്ലെ... ഒരു നടയ്ക്ക് തീരുന്ന ലക്ഷണമില്ലല്ലൊ എന്‍റെ കര്‍ത്താവേ” എന്ന് ‘ആത്മഗതിച്ച്’ കൊണ്ട് ഞാന്‍ ലവന്‍റെ അടുത്ത് അന്വേഷിച്ചു...

Between, where is Leo…???”

ചോദിച്ച് നാവെടുത്തതും ഹിന്ദിക്കാരന്‍റെ സൈഡില്‍ അവതാര്‍ സിനിമയിലെ കുട്ടിത്തേവാങ്കിനെ പോലെ നീല പൂശി നിന്ന ഒരു രൂപം എന്നോടായി ദയനീയാവസ്ഥയില്‍ മെല്ലെ മൊഴിഞ്ഞു...

“അളിയാ... ഞാന്‍ ലിയൊ ആണെടാ... യെവന്‍മാര്‍ എന്നെ ആദ്യമെ തന്നെ പൊക്കി ഈ കോലത്തില്‍ ആക്കി... നീ വേഗം പോയി ഡ്രെസ്സ് മാറി വാ... ഇപ്പൊ കിട്ടിയതൊന്നും ഒന്നുമല്ലാ.. ഇനി വരാന്‍ ഇരിക്കുന്നതെ ഉള്ളു...”

മുറിയിലെത്തി, കോപ്പന്മാരുടെ പെട്ടെന്നുള്ള ആക്രമണം മുന്നില്‍ കണ്ട് വാതിലുമടച്ച്, കണ്ണാടിക്ക് മുന്നില്‍ പൊയി ഒന്ന് കണ്ണോടിച്ചു...

ആഹാ മനോഹരം.... ഏഷ്യന്‍ പേയിന്‍റ്സിന്‍റെ പരസ്യത്തിനയക്കാന്‍ പറ്റിയ കോലത്തില്‍ ആയിട്ടുണ്ട്.... രാവിലെ തേച്ച് വെളുപ്പിച്ച ടൂത്ത് ഒക്കെ ഇപ്പൊ ദേ ‘ബ്ളൂ-ടൂത്ത്’ ആയിരിക്കുന്നു.... ഈശ്വരാ, അങ്ങനെ ആറ്റ്നോറ്റ് ഒന്ന് പല്ല് തേച്ചതും വേയ്സ്റ്റ് ആയി.... അങ്ങനെ ഹോളി എന്താണെന്ന് ഞാന്‍ കണ്ടറിഞ്ഞ് തുടങ്ങി.... !!!

അങ്ങനെ കണ്ടറിഞ്ഞ് അറിഞ്ഞ്, ഏതായാലും ഏന്തിടണം എന്ന കണ്‍ഫ്യൂഷനില്‍ തുണിപ്പെട്ടി തപ്പിയ എനിക്ക്, വരാനിരിക്കുന്ന മേളവും പുകിലും മുന്നില്‍ കണ്ട്, എന്തിട്ടില്ലെങ്കിലും സെക്കന്ഡ് പേപ്പറായി ഒരു ബോക്സര്‍ ഇടുന്നത് അത്യാവശ്യം ആണെന്ന തോന്നല്‍ പെട്ടെന്ന് തന്നെ ഉദിച്ചു...

ഉദിച്ച തോന്നല്‍ ഏതായാലും വേയ്സ്റ്റ് ആയില്ലാ... പിറകെ വന്ന വന്‍ പടയ്ക്ക് മുന്നില്‍ ധൈര്യസമേതം മുറി അടച്ചുള്ള ആ പ്രതിഷേധത്തിന്‍റെ പ്രത്യാഖാതമായി ‘കരിവീപ്പയില്‍ ഇട്ട് പെരട്ടി എടുക്കുന്ന’ വഴി ഇട്ടിരുന്ന ട്രാക്ക് സ്യൂട്ട് ഒക്കെ എവിടെയോ ഊരിപ്പോയിരുന്നു....

പക്ഷെ ഒരു ദുരനുഭവം കഴിഞ്ഞിട്ടും ആ ബുദ്ധി തല തൊട്ട് തീണ്ടാഞ്ഞതിനാല്‍, കണാരന്‍ ഹിന്ദിക്കാരുടെ അടുത്ത് നിന്നും ആ പഴയ ചോദ്യം ഇപ്രാവശ്യവും വീണ്ടും മനസ്സ് നിറഞ്ഞ് കേട്ടു നിര്‍വൃതി പൂണ്ടു...(“തനിക്കൊരു ജെട്ടിയിട്ട് കൂടേടോ...???”)...

എന്നാല്‍ അത് വരെ കാര്യമായ പരുക്കുകള്‍ ഒന്നും തന്നെ പറ്റാതെ, എല്ലാം കണ്ട് രസിച്ച് അര്‍മാദിച്ച് നിന്ന മുരിങ്ങയാകട്ടെ, പെട്ടെന്നൊരുത്തന്‍ ഒരു ചെറിയ കപ്പില്‍ ചായം കലക്കിയൊഴിക്കാന്‍ അതിക്രമിച്ചെത്തിയപ്പോള്‍ കുരുട്ട് ബുദ്ധി കാട്ടി കേണപേക്ഷിച്ചു.... “No no… Please don’t do it… I am having fever”

“Ohh… so you are having fever…. ???... Abhei…. BRING THE BUCKET... The mug doesn’t seem to suit him…”

ഒരു ബക്കറ്റ് കനത്ത ചായം മുരിങ്ങയുടെ തല വഴി ഒലിച്ചിറങ്ങി താഴേയ്ക്ക് പോകുന്ന സുന്ദരമായ കാഴ്ച.... ആഹാ... മുരിങ്ങയങ്ങനെ എട്ടിന്‍റെ പണി ചൊദിച്ച് വാങ്ങിച്ചു... പിന്നീട് ഓരോരുത്തരായി മന്ദം മന്ദം കടന്ന് വന്ന അവരവരുടെ വീതം വേറെയും മനസ്സ് നിറഞ്ഞ് നല്കിയപ്പോള്‍ ആ ക്യൂവില്‍ അവസാനം നിന്നവര്‍ക്ക് മുരിങ്ങയുടെ ശരീരത്തില്‍ ഇനി ചായം പൂശാന്‍ സൂചി കുത്താന്‍ സ്ഥലം പോലും തേടിപ്പിടിക്കണം എന്ന ദുരവസ്ഥയായി...

ഏതായാലും ചായവും ചെളിയും സമാസമം കലര്‍ന്ന ഹോസ്റ്റല്‍ ലോവ്ണിലെ (lawn) വെള്ളത്തിലേയ്ക്ക് പിന്നീട് കളിയും കുളിയും പുരോഗമിച്ചപ്പോഴത്തേയ്ക്കും ഹോളി എന്താണെന്ന് തൊട്ടറിഞ്ഞ് തുടങ്ങി...!!!

അങ്ങനെ തൊട്ടറിഞ്ഞ് അറിഞ്ഞ് വന്ന വഴി, കടി മൂത്ത നടന്ന ഒരുത്തന്‍ വന്ന് ഞാന്‍ ഇട്ടിരുന്ന എന്‍റെ പ്രിയപ്പെട്ട ടീ-ഷര്‍ട്ടും വലിച്ച് കീറി പറിച്ച്കൊണ്ട് ഒരു ഭ്രാന്തനെ പോലെ ഓടി അകന്നു... ഇതും ഹോളിയുടെ ഒരു ഭാഗമാണത്രെ... ഈശ്വരാ...

ഇനിയും അങ്ങോട്ട് കാണാന്‍ എന്തോക്കെ ബാക്കിയുണ്ട് എന്ന അമ്പരപ്പില്‍ കണ്ണ് മിഴിച്ച് നിന്ന ഞാന്‍, എന്‍റേത് പോലെ തന്നെ ടീ-ഷര്‍ട്ട് നഷ്ടപ്പെട്ട രണ്ട് മൂന്ന് ഹതഭാഗ്യന്മാരുടെ കീറിയെടുത്ത തുണികള്‍, നടുക്കു നിന്ന വേറൊരു കടിയന്‍ കൂട്ടിക്കെട്ടി വെള്ളത്തിലും മുക്കി പന്ത് രൂപത്തില്‍ ആക്കുന്നത് കണ്ട് വീണ്ടും അമ്പരന്നു... ഇതിപ്പൊ ഇനി എന്തിനാണാവോ...!!!

ആ തുണിപ്പന്ത് മേലോട്ട് നീട്ടിയെറിഞ്ഞ് അവന്‍ ആര്‍ത്തട്ടഹസിച്ചതും കൂട്ടത്തില്‍ നിന്ന പത്ത് മുപ്പതെണ്ണം ദേ തിരിഞ്ഞ് നാല് പാടും ചിതറിയോടുന്നു...

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഓടണമെന്ന് മാത്രം മനസ്സിലാക്കിയ ഞാന്‍, “ഏതായാലും ഓടുവല്ലെ... ഇനി ആ പന്തിനകത്ത് എന്താണെന്നും കൂടി അറിയാമല്ലൊ” എന്നും കരുതി പന്തും ലക്ഷ്യമാക്കി ഓടി...

പെട്ടെന്ന് എവിടുന്നോ ഓടിയെത്തി പന്ത് ചാടിപ്പിടിച്ച കുത്തബ്-മിനാറിന്‍റെ അത്രയും പൊക്കവും വെച്ച് നടക്കുന്ന ഒരു ജാഡ തെണ്ടി, കല്ലിന്‍റെ കനത്തില്‍ ചുരുട്ടിക്കൂട്ടിയ ആ തുണിപ്പന്ത് കയ്യിലേന്തി എനിക്ക് നേരെ എറിയാനോങ്ങി.... പന്തികേട് മണത്ത് തിരിഞ്ഞോടിയ എന്‍റെ പുറത്ത് തന്നെ കൃത്യമായി കാലമാടന്‍ ഉള്ള ഊരെല്ലാം എടുത്ത് നീട്ടിയൊരു ഡൈറെക്റ്റ് ഹിറ്റ് പരിശീലിച്ചതും തെറിച്ച് നിലത്ത് വീണ ഞാന്‍ സന്തോഷത്താല്‍ ‘ചിരിച്ച്’ മണ്ണ് തപ്പി.... പുറം പൊളിഞ്ഞ വേദനയില്‍ ചുറ്റിനും ദയനീയാവസ്ഥയില്‍ നോക്കിയ എനിക്ക് നേരെ വീണ്ടും അതേ ഉത്തരം ലവന്മാര്‍ നീട്ടിയെറിഞ്ഞു,,, ഇതും ഹോളിയുടെ ഒരു ഭാഗമാണത്രെ.... അങ്ങനെ ഹോളിയെന്താണെന്ന് കൊണ്ടും അറിഞ്ഞ് തുടങ്ങി... !!!

അങ്ങനെ കൊണ്ടറിഞ്ഞ് അറിഞ്ഞ്, ചറപറാ ഏറും പിടിയും കഴിഞ്ഞ്, ട്രിപ്പിള്‍ കോട്ടായി അടിച്ച കളറുകള്‍ ഓരോന്നായി ഉരച്ച് തേച്ച് കഴുകി കളയുന്ന വഴി, അടുത്ത് നിന്ന് തന്‍റെ ഡബിള്‍ കോട്ട് ആവേശത്തില്‍ ഉരച്ച്കൊണ്ടിരുന്ന ചാച്ചന്‍ ഉപദേശിച്ചു...

“ഡാ.... നിന്‍റെ പുറത്ത് തേങ്ങയുടെ വലിപ്പത്തില്‍ ചുവന്ന് തുടുത്ത് കിടക്കുന്നത് അധികം ഉരയ്ക്കണ്ടാ... അത് ചായമല്ലാ... ഏറ് കൊണ്ട് ചതഞ്ഞ പാടാ...”

ഹമ്മേ... അപ്പൊ ഇതായിരുന്നല്ലെ ഈ ഹോളി ഹോളി എന്ന് പറയുന്നത്.... ഇത് ഞാന്‍ ഉദ്ദേശിച്ച ഐറ്റം അല്ല.... ഇനിയും ഇതു പോലത്തെ വേറെന്തെങ്കിലുമൊക്കെ വരാനുണ്ടോ ആവോ...!!!!