Thursday, September 16, 2010

"യേ കിത്നാ ഹായ്...."

ചൈനീസ് കഴിഞ്ഞാല്‍ വശത്താക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണത്രെ... !!!
കാണ്‍പൂരിലേക്കുള്ള ട്രെയ്ന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ഹിന്ദിക്കാരന്‍ ചേട്ടനും ചേച്ചിയും അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഉള്ളില്‍ വല്ലാണ്ടൊരു അഭിമാനം തോന്നി...
തല ഉയര്‍ത്തിഞാന്‍ മലയാളി ആണെന്നുള്ളഅഹങ്കാരത്തില്‍ വലത് വശത്തിരുന്ന തരുണീമണിയുടെ നേരെ കണ്ണോടിച്ചതും ലവള്‍ടെ ഒടുക്കത്തെ ചോദ്യം...

"Exactly, how many alphabets are there in Malayalam...???"

പണി പാളി... അന്‍പത്തൊന്നൊ, അന്‍പത്തഞ്ചൊ, അന്‍പത്താറോ......
പശു ചാണകമിടുന്ന ഭാവത്തില്‍ ഞാന്‍ എതിര്‍ വശത്തിരുന്ന ഡെല്‍ഹിക്കാരന്‍ മള്ളു അങ്കിളിനെ നോക്കി....
"അതിപ്പൊ... ഞങ്ങള് പഠിച്ചകാലത്ത് പഴയ ലിപി ആയിരുന്നല്ലൊ... ( എന്തര് പുള്ളേ,, അതുകൊണ്ട്.. ??? ).. പുതിയ ലിപിയില്‍ എത്രയാണെന്ന് അങ്ങനെ കൃത്യമായി ചോദിച്ചാല്‍...... അത്... ഏതാണ്ട്.... റേഞ്ച് വന്നല്ലോ.... എന്‍റെ മോളു വിളിക്കുന്നുണ്ട് കെട്ടോ.. ഹലോ... ഹലോ.... !!!"

ഒവ്വേ... റേഞ്ച് വരും....!! മോളും വിളിക്കും..... !!!
അങ്കിള് അങ്ങനെ നൈസായി തടിയൂരി...

തുറിച്ച് നോക്കുന്ന ആറു ഹിന്ദിക്കണ്ണുകള്‍ക്കു മുന്നില്‍ നാണം കെടണ്ടാ എന്ന് കരുതി ഞാന്‍ തന്നെ ഇടത് കൈ വിരലില്‍ എണ്ണി തുടങ്ങി...

" ...."

മുഴുവിപ്പിക്കേണ്ടി വന്നില്ലാ...... അപ്പൊഴത്തേയ്ക്കും തന്നെ അവിടെ കൂട്ടച്ചിരിയായി.... !!!

എങ്കിലും അന്ന് ട്രെയ്നില്‍ നിന്നിറങ്ങി ഉത്തരേന്ത്യന്‍ മണ്ണില്‍ ആദ്യമായി കാല്‍വെച്ചപ്പോള്‍ മലയാളം പഠിച്ചെങ്കില്‍ ഹിന്ദിയൊക്കെ ഇനി ചീളു കേസ്,,, പട്ടിയെപ്പോലെ പഠിച്ചെടുക്കും എന്നൊരു ആത്മവിശ്വാസം ബാക്കിയുണ്ടായിരുന്നു...

കഴിഞ്ഞ രണ്ടു ദിവസത്തെ ഒണക്ക ട്രെയ്ന്‍ ഭക്ഷണത്തിന്‍റെഅന്തര്‍ധാരയുടെകെട്ടിറക്കാന്‍ റെയില്‍വേ ടൊയലറ്റില്‍ കയറി " യേ കിത്നാ ഹായ്...??? " എന്ന് ചോദിച്ചപ്പോഴും,,, കെട്ടിറക്കിക്കൊണ്ടിരുന്ന വഴി എന്‍റെ നിസ്സഹായതയും നിഷ്കളങ്കതയും ചൂഷണം ചെയ്ത് ഏതോ ഒരു ഡാഷുമോന്‍ പഴ്സിലുണ്ടായിരുന്ന അഞ്ഞൂറ് ഉലുവയും . ടി. എം. കാര്‍ഡും പോക്കറ്റടിച്ചപ്പോഴും ആത്മവിശ്വാസത്തിന് ലവലേശം കോട്ടം തട്ടിയില്ല താനും...

അത്കൊണ്ട് തന്നെ " യേ കിത്നാ ഹായ് " കൈ വിട്ടുമില്ലാ.. !!!

റോഡ് സൈഡിലെ ജ്യൂസ് കടയില്‍ നിരത്തി വച്ചിരുന്ന മൂസമ്പി ചൂണ്ടി കടക്കാരനോടും മൊഴിഞ്ഞു..
" ഭയ്യാ,,, യേ കിത്നാ ഹായ്....??? "

വാവട്ടമില്ലാത്ത നീളം കൂടിയ ചില്ല് ഗ്ലാസില്‍ നീട്ടിയ ഓറഞ്ച് നിറമുള്ള ജ്യൂസിനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു,,, ആദ്യ ദിവസം തന്നെ ഹിന്ദി പറഞ് ഫലിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... എന്നോടാ കളി... !!!

ഗ്ലാസ്സ് ഞാന്‍ വാങ്ങിയതും ഭയ്യ ഭവ്യതയോടെ എന്‍റെ മുഖത്ത് നോക്കി ഒരു ഡയലോഗ്.....

" നമക്.... ??? "

നമക്കൊ’... ?? അമ്മെ... ഇതിപ്പൊ ഇനി എന്തരാണാവൊ...
തലയില്‍ ട്യൂബ് ലൈറ്റ് ഉടന്‍ തന്നെ മിന്നി... " നമക്..??? ഇത് നമസ്കാരം തന്നെ..."
എത്ര സ്നേഹമുള്ള ഭയ്യാ... രണ്ടു കൈയ്യും കൂപ്പി തലകുനിച്ച് ഞാനും തിരിച്ച് വച്ച് കാച്ചി...

".... നമക്...." !!!!!!!!!

യെവന്‍ എവിടുന്ന് വന്നെടാ,,, രാവിലെ തന്നെ കുറ്റിയും പറിച്ച് ഓരോന്ന് എഴുന്നള്ളിക്കോളും എന്ന പുച്ഛ ഭാവത്തില്‍ ഭയ്യചമച്’ (സ്പൂണ്‍) നീട്ടിക്കൊണ്ട് പറഞ്ഞു...

"സാള്‍ട്ട്...."

ഓഹോ... സാള്‍ട്ട് എന്ന് പറയാന്‍ അറിഞ്ഞിരുന്നിട്ടാണോടൊ ജാഡ തെണ്ടി ഭയ്യാ.... അവന്‍റെ ഒരു നമക്....

നാണക്കേടായല്ലൊ ഈശ്വരാ.... വിചാരിച്ച പോലല്ലാ... ഹിന്ദി പുലിയാണ് കെട്ടാ.... !!!

അടുത്ത അങ്കത്തിന് ഊഴം ഹോസ്റ്റല്‍ ക്യാന്‍റ്റീനിലായിരുന്നു....
അങ്ങനിപ്പൊ മോശക്കാരനാകണ്ടല്ലൊ എന്ന് കരുതി കൂടെയുണ്ടായിരുന്ന ഹിന്ദിക്കാരന്‍ സഹപാഠിയെ പിന്നില്‍ നിര്‍ത്തി ഞാന്‍ തന്നെ ക്യാന്‍റ്റീന്‍ ഭയ്യയോട് ഓഡര്‍ ചെയ്തു....

"ഭയ്യാ... ഏക് ദോ ചായ്.... "
(ഭയ്യ ഒരു രണ്ടു ചായ എന്നു പറയുകയായിരുന്നു ഉദ്ദെശം....)

ഠിം..... !!!!

വന്നിട്ടിപ്പൊ മാസം ഒന്നര കഴിഞ്ഞു...
ഞാനിപ്പോഴുംയേ കിത്നാ ഹായ്’- ഇല്‍ തന്നെ നില്ക്കുന്നു... കൂട്ടത്തില്‍ ആംഗ്യ ഭാഷയിലും പ്രാവിണ്യം നേടി വരുന്നു...
പക്‍ഷേ ക്യാന്‍റീന്‍ ഭയ്യ വല്ലാണ്ടങ്ങു പുരോഗമിച്ചു....
"ഭയ്യാ... കടുപ്പം കൂട്ടി ഒരു രണ്ട് ചായ..." എന്ന് പറഞ്ഞാല്‍ പുള്ളിക്കിപ്പൊ കാര്യം പിടി കിട്ടും...

ആരെടാ പറഞ്ഞത് മലയാളമാണ് പഠിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ എന്ന്.... !!!!