Thursday, September 16, 2010

"യേ കിത്നാ ഹായ്...."

ചൈനീസ് കഴിഞ്ഞാല്‍ വശത്താക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണത്രെ... !!!
കാണ്‍പൂരിലേക്കുള്ള ട്രെയ്ന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ഹിന്ദിക്കാരന്‍ ചേട്ടനും ചേച്ചിയും അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഉള്ളില്‍ വല്ലാണ്ടൊരു അഭിമാനം തോന്നി...
തല ഉയര്‍ത്തിഞാന്‍ മലയാളി ആണെന്നുള്ളഅഹങ്കാരത്തില്‍ വലത് വശത്തിരുന്ന തരുണീമണിയുടെ നേരെ കണ്ണോടിച്ചതും ലവള്‍ടെ ഒടുക്കത്തെ ചോദ്യം...

"Exactly, how many alphabets are there in Malayalam...???"

പണി പാളി... അന്‍പത്തൊന്നൊ, അന്‍പത്തഞ്ചൊ, അന്‍പത്താറോ......
പശു ചാണകമിടുന്ന ഭാവത്തില്‍ ഞാന്‍ എതിര്‍ വശത്തിരുന്ന ഡെല്‍ഹിക്കാരന്‍ മള്ളു അങ്കിളിനെ നോക്കി....
"അതിപ്പൊ... ഞങ്ങള് പഠിച്ചകാലത്ത് പഴയ ലിപി ആയിരുന്നല്ലൊ... ( എന്തര് പുള്ളേ,, അതുകൊണ്ട്.. ??? ).. പുതിയ ലിപിയില്‍ എത്രയാണെന്ന് അങ്ങനെ കൃത്യമായി ചോദിച്ചാല്‍...... അത്... ഏതാണ്ട്.... റേഞ്ച് വന്നല്ലോ.... എന്‍റെ മോളു വിളിക്കുന്നുണ്ട് കെട്ടോ.. ഹലോ... ഹലോ.... !!!"

ഒവ്വേ... റേഞ്ച് വരും....!! മോളും വിളിക്കും..... !!!
അങ്കിള് അങ്ങനെ നൈസായി തടിയൂരി...

തുറിച്ച് നോക്കുന്ന ആറു ഹിന്ദിക്കണ്ണുകള്‍ക്കു മുന്നില്‍ നാണം കെടണ്ടാ എന്ന് കരുതി ഞാന്‍ തന്നെ ഇടത് കൈ വിരലില്‍ എണ്ണി തുടങ്ങി...

" ...."

മുഴുവിപ്പിക്കേണ്ടി വന്നില്ലാ...... അപ്പൊഴത്തേയ്ക്കും തന്നെ അവിടെ കൂട്ടച്ചിരിയായി.... !!!

എങ്കിലും അന്ന് ട്രെയ്നില്‍ നിന്നിറങ്ങി ഉത്തരേന്ത്യന്‍ മണ്ണില്‍ ആദ്യമായി കാല്‍വെച്ചപ്പോള്‍ മലയാളം പഠിച്ചെങ്കില്‍ ഹിന്ദിയൊക്കെ ഇനി ചീളു കേസ്,,, പട്ടിയെപ്പോലെ പഠിച്ചെടുക്കും എന്നൊരു ആത്മവിശ്വാസം ബാക്കിയുണ്ടായിരുന്നു...

കഴിഞ്ഞ രണ്ടു ദിവസത്തെ ഒണക്ക ട്രെയ്ന്‍ ഭക്ഷണത്തിന്‍റെഅന്തര്‍ധാരയുടെകെട്ടിറക്കാന്‍ റെയില്‍വേ ടൊയലറ്റില്‍ കയറി " യേ കിത്നാ ഹായ്...??? " എന്ന് ചോദിച്ചപ്പോഴും,,, കെട്ടിറക്കിക്കൊണ്ടിരുന്ന വഴി എന്‍റെ നിസ്സഹായതയും നിഷ്കളങ്കതയും ചൂഷണം ചെയ്ത് ഏതോ ഒരു ഡാഷുമോന്‍ പഴ്സിലുണ്ടായിരുന്ന അഞ്ഞൂറ് ഉലുവയും . ടി. എം. കാര്‍ഡും പോക്കറ്റടിച്ചപ്പോഴും ആത്മവിശ്വാസത്തിന് ലവലേശം കോട്ടം തട്ടിയില്ല താനും...

അത്കൊണ്ട് തന്നെ " യേ കിത്നാ ഹായ് " കൈ വിട്ടുമില്ലാ.. !!!

റോഡ് സൈഡിലെ ജ്യൂസ് കടയില്‍ നിരത്തി വച്ചിരുന്ന മൂസമ്പി ചൂണ്ടി കടക്കാരനോടും മൊഴിഞ്ഞു..
" ഭയ്യാ,,, യേ കിത്നാ ഹായ്....??? "

വാവട്ടമില്ലാത്ത നീളം കൂടിയ ചില്ല് ഗ്ലാസില്‍ നീട്ടിയ ഓറഞ്ച് നിറമുള്ള ജ്യൂസിനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു,,, ആദ്യ ദിവസം തന്നെ ഹിന്ദി പറഞ് ഫലിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... എന്നോടാ കളി... !!!

ഗ്ലാസ്സ് ഞാന്‍ വാങ്ങിയതും ഭയ്യ ഭവ്യതയോടെ എന്‍റെ മുഖത്ത് നോക്കി ഒരു ഡയലോഗ്.....

" നമക്.... ??? "

നമക്കൊ’... ?? അമ്മെ... ഇതിപ്പൊ ഇനി എന്തരാണാവൊ...
തലയില്‍ ട്യൂബ് ലൈറ്റ് ഉടന്‍ തന്നെ മിന്നി... " നമക്..??? ഇത് നമസ്കാരം തന്നെ..."
എത്ര സ്നേഹമുള്ള ഭയ്യാ... രണ്ടു കൈയ്യും കൂപ്പി തലകുനിച്ച് ഞാനും തിരിച്ച് വച്ച് കാച്ചി...

".... നമക്...." !!!!!!!!!

യെവന്‍ എവിടുന്ന് വന്നെടാ,,, രാവിലെ തന്നെ കുറ്റിയും പറിച്ച് ഓരോന്ന് എഴുന്നള്ളിക്കോളും എന്ന പുച്ഛ ഭാവത്തില്‍ ഭയ്യചമച്’ (സ്പൂണ്‍) നീട്ടിക്കൊണ്ട് പറഞ്ഞു...

"സാള്‍ട്ട്...."

ഓഹോ... സാള്‍ട്ട് എന്ന് പറയാന്‍ അറിഞ്ഞിരുന്നിട്ടാണോടൊ ജാഡ തെണ്ടി ഭയ്യാ.... അവന്‍റെ ഒരു നമക്....

നാണക്കേടായല്ലൊ ഈശ്വരാ.... വിചാരിച്ച പോലല്ലാ... ഹിന്ദി പുലിയാണ് കെട്ടാ.... !!!

അടുത്ത അങ്കത്തിന് ഊഴം ഹോസ്റ്റല്‍ ക്യാന്‍റ്റീനിലായിരുന്നു....
അങ്ങനിപ്പൊ മോശക്കാരനാകണ്ടല്ലൊ എന്ന് കരുതി കൂടെയുണ്ടായിരുന്ന ഹിന്ദിക്കാരന്‍ സഹപാഠിയെ പിന്നില്‍ നിര്‍ത്തി ഞാന്‍ തന്നെ ക്യാന്‍റ്റീന്‍ ഭയ്യയോട് ഓഡര്‍ ചെയ്തു....

"ഭയ്യാ... ഏക് ദോ ചായ്.... "
(ഭയ്യ ഒരു രണ്ടു ചായ എന്നു പറയുകയായിരുന്നു ഉദ്ദെശം....)

ഠിം..... !!!!

വന്നിട്ടിപ്പൊ മാസം ഒന്നര കഴിഞ്ഞു...
ഞാനിപ്പോഴുംയേ കിത്നാ ഹായ്’- ഇല്‍ തന്നെ നില്ക്കുന്നു... കൂട്ടത്തില്‍ ആംഗ്യ ഭാഷയിലും പ്രാവിണ്യം നേടി വരുന്നു...
പക്‍ഷേ ക്യാന്‍റീന്‍ ഭയ്യ വല്ലാണ്ടങ്ങു പുരോഗമിച്ചു....
"ഭയ്യാ... കടുപ്പം കൂട്ടി ഒരു രണ്ട് ചായ..." എന്ന് പറഞ്ഞാല്‍ പുള്ളിക്കിപ്പൊ കാര്യം പിടി കിട്ടും...

ആരെടാ പറഞ്ഞത് മലയാളമാണ് പഠിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ എന്ന്.... !!!!

Saturday, August 21, 2010

ഉപേക്ഷിക്കപെട്ടവന്‍റെ ഉന്മാദം.....

ഇന്നത്തെ മഴയെന്നെ ഈയാംപാറ്റകള്‍ വിളിച്ചറിയിച്ചിരുന്നില്ല.
അതുകൊണ്ടു തന്നെയൊ എന്തൊ,, മണ്ണിന്‍റെ ഗന്ധം ഞാനിന്ന് കൂടുതല്‍ ആസ്വദിച്ചു...

എന്തിനാണവിടെയും ഒരു അനാവശ്യ സംശയത്തിന്‍റെ നിഴല്‍,, അതുകൊണ്ടു തന്നെ...
പുതു മഴയ്ക്കെന്നും ഒരേ ഗന്ധം തന്നെയല്ലെ.. അതെ...
പക്ഷെ ഇന്നത്തെ മഴയ്ക്ക് ’അപ്രതീക്ഷിത’ത്തില്‍ ചാലിച്ച കടുപ്പമേറിയ ഉണര്‍വേകുന്ന ഗന്ധം ആയിരുന്നു... !!!

ചില ദിവസങ്ങള്‍ അങ്ങനെയാണ്... പ്രതീക്ഷിക്കാതെ കിട്ടുന്ന സന്തോഷം,, അത് മാനസികാവസ്ഥയില്‍ വരുത്തി വയ്ക്കുന്ന മാറ്റം....

നിര്‍വികാരതയായിരുന്നു അത് വരെ... മനസ്സ് മുരടിച്ചവന്‍റെ ഒരു തരം മരവിപ്പ്... എന്നും വരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന മരണത്തോട് പോലും എന്തെന്നില്ലാത്ത വിരക്തി...

വഴിയിലുട നീളം ഞാനെന്‍റെ കാല് വെയ്പ്പുളെ മാത്രം നിസ്സംഗതയോടെ നോക്കി നടന്നു...
തലയുയര്‍ത്തി മുന്നോട്ട് നോക്കുവാന്‍ പേടിയായിരുന്നു... ദുരൂഹതയാല്‍ ഗ്രഹണപ്പെട്ട ഇടവഴികള്‍ ഒന്നൊന്നായി വന്ന് ചേര്‍ന്നുകൊണ്ടിരുന്നു...

വഴിയിലിരുവശവും നിന്നെന്നെ നോക്കി പുഞ്ചിരിച്ച സഹതാപത്തിന്‍റെ സന്തതികളുടെ നിഴലില്‍ പുച്ഛത്തിന്‍റെ ചെകിടിപ്പിക്കുന്ന മധുരം മാത്രമാണ് ഞാന്‍ കണ്ടെത്തിയത്....

ആ നിഴലുകള്‍ എന്‍റെ കാലുകളെ വല്ലാതെ കറുപ്പിച്ചിരുന്നു...
പിന്നീടാ കറുപ്പ് എന്‍റെ മേലാകെ പടര്‍ന്നു...

പടര്‍ന്ന് പടര്‍ന്ന് പടര്‍ന്ന് പടര്‍ന്ന് പന്തലിച്ചു....

ആ പന്തലില്‍ വെച്ച് നാളെ കുറുക്കന്‍റേം കോഴീടേം കല്ല്യാണം... :p

എല്ലാരും വരണം.... ഇനി ക്ഷണിച്ചില്ലാ എന്ന് പറയരുത്.…
അവിടെ കുറച്ച് ’കിളികളെ’ ആവശ്യമുണ്ട്.... :p

Sunday, August 8, 2010

എണ്‍പത്തിയാറും അന്പത്തിയാറും...


"ശ്ശൊ... ഈ ഫോണെടുക്കാന്‍ അച്ഛനെന്താ ഇത്ര താമസം !!!" എന്ന് ആത്മ’ഗതിച്ചതും’ അച്ഛന്‍ ഫോണെടുത്തതും ഒരുമിച്ചായിരുന്നു...

“വല്ല്യമ്മയ്ക്കെങ്ങനൊണ്ട്... ???” ഞാന്‍ ചോദിച്ചു...

(അമ്മൂമ്മെ ഞങ്ങള്‍ വല്ല്യമ്മ എന്നാണ് വിളിച്ച് പഠിച്ചത്...)

പ്രതീക്ഷിച്ച മറുപടിയെക്കാള്‍ കേള്‍ക്കാന്‍ സുഖകരമായ ഒന്നാണ് അച്ഛന്‍റെ കയ്യില്‍ നിന്ന് കിട്ടിയത്...

“നഴ്സുമാര്‍ക്ക് ഒരേ പരാതി... അമ്മൂമ്മ ഭയന്കര കുസൃതി ആണെന്ന്..!!!”

എനിക്ക് ചിരിയാണ് വന്നത്... !!!

ഞാന്‍ മനസ്സില്‍ കണ്ടു... വല്ല്യമ്മ ഗ്ളൂക്കോസ് ബോട്ടില്‍ എടുത്ത് ഹെഡ് നഴ്സിന്‍റെ തലയ്ക്കടിക്കുന്നു...

ഇ സി ജി വലിച്ച്പറിച്ചോടി, അപ്പുറത്തെ ബെഡ്ഡിലെ അപ്പൂപ്പേടെ ഓക്സിജന്‍ മാസ്ക് ഊരി കളയുന്നു....

എന്നിട്ട് കിലുക്കത്തിലെ രേവതിയെപ്പോലെ "ഇത്രയുമൊക്കെയെ ഞാന്‍ ചെയ്തുള്ളു, ഇതിനാ അവരെന്നെ..........." എന്ന മട്ടില്‍ പരാതിപ്പെട്ട് നില്ക്കുന്നു....

ചിരി നില്ക്കുന്നില്ല എന്ന് കണ്ട് അച്ഛന്‍ പറഞ്ഞു...

“എടാ എടാ, നീ അധികം ചിന്തിച്ച് പോകണ്ടാ... വീട്ടില്‍ പോകണം എന്ന് പറഞ്ഞ് വാശി... പിന്നെ കയ്യില്‍ എന്ത് ഒട്ടിച്ചാലും അത് പറിച്ച് കളയുന്നു... അത്രയും ഒക്കെയെ ഉള്ളു... അതെങ്ങനാ, നിന്‍റെ അല്ലെ വല്ല്യമ്മാ... !!!”

ആഹ്... ഞാന്‍ ഏതറ്റം വരെ ചിന്തിച്ച് പോകുമെന്ന് അച്ഛന്‍ മനസിലാക്കിയിരിക്കുന്നു...

“പിന്നെ,, അച്ഛന്‍ കേറി കണ്ടപ്പോള്‍ വല്ല്യമ്മ എന്ത് പറഞ്ഞു...” ???

“വീട്ടില്‍ പോകണം എന്നു പറഞ്ഞു... കൂട്ടത്തില്‍ ഒരു കെട്ട് പരാതി...”

“ഭക്ഷണം ശെരിയാവുന്നില്ലാ...

അവര്‍ തരുന്ന ചോറ് വെന്തിട്ടില്ലാ,, അതെങ്ങനെ ഞാന്‍ കഴിക്കും...??? ഇത്തിരി കൂടി വേവിച്ച് കുറച്ച് ചൂട് കഞ്ഞി വെള്ളവും കൂടി ചേര്‍ത്ത് കൊണ്ട് തരാമെന്കില്‍ ഞാന്‍ മോന്തി കുടിച്ചോളാമെന്ന് ആ പെണ്ണുങ്ങളോട് (നഴ്സുമാര്‍) ഞാന്‍ പറഞ്ഞതാ... !!!

ചായക്കാണേല്‍ തീര്‍ത്തും മധുരമില്ലാ... അതവര്‍ക്കിത്തിരി പഞ്ചസാരയിട്ട് തന്നൂടെ..??

എന്‍റെ മുണ്ടും നേരിയതും ഒക്കെ അവര്‍ കൊണ്ട് പോയി.. ഇപ്പോള്‍ വേറെ എന്തോ ആണ് പുതപ്പിച്ചിരിക്കുന്നത്... എന്‍റെ തുണി തിരിച്ച് തരാന്‍ പറഞ്ഞിട്ട് ഒട്ട് തരുന്നുമില്ലാ..!!!”

പരാതി പറഞ്ഞ് മടുത്തിട്ടൊ എന്തോ, അടുത്ത് സിറിഞ്ചുമായി കുത്താന്‍ നിന്ന ന്ഴ്സിനോട് വല്ല്യമ്മയുടെ നിഷ്കളന്കമായ അഭ്യര്‍ഥന...

“എനിക്ക് കുറച്ച് ചായ വെച്ച് തരാമൊ കൊച്ചെ....”

ആറും അറുപതുമൊരുപോലെന്കില്‍ എണ്‍പത്താറിനെ എന്തിനോടുപമിക്കാം...?? ചിന്തിക്കാണ്ടിരുന്നില്ല... !!!

അച്ഛന്‍ തുടര്‍ന്നു...

“ഇതിനിടയ്ക്ക് "കണ്ണനോട് ഒന്നും പറയണ്ട,, ദൂരം എത്രയാന്നു വെച്ചാ" എന്ന് പറയാനും മറന്നില്ലാ... പിന്നെയും വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിയാണ്... എന്താ ചെയ്കാ..”

“എന്നിട്ടച്ഛന്‍ എന്ത് പറഞ്ഞു...”

“നാളെ രാവിലെ ഡോക്ടര്‍ വരട്ടെ.... ചെറിയ തലകറക്കം ഒക്കെയില്ലെ,, നമുക്കത് മാറാന്‍ ഒരു ബട്ടന്‍സ് ഒക്കെ പിടിപ്പിച്ചുടനെ പോകാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചിരിക്കുവാണിപ്പോള്‍”

“ ബട്ടന്‍സൊ...? അപ്പോള്‍... ???”

“ആ.. പേസ് മേക്കര്‍ വെയ്ക്കേണ്ടി വന്നേക്കും... അറിയില്ലാ... നാളെ കാലത്തെ ഡോക്ടര്‍ വരട്ടെ...”

ഇപ്പോള്‍ ദാ വന്നിരിക്കുന്നു ഞാന്‍ ആദ്യം ചോദിച്ച ചോദ്യത്തിനുത്തരം...

അച്ഛന്‍ അങ്ങനാണ്... എന്ത് പറയേണ്ടി വന്നാലും വിഷമിപ്പിക്കാണ്ട് പറയാന്‍ അറിയാം......

Saturday, July 31, 2010

മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു..... !!!!!

ഞാന്‍ എഴുന്നേറ്റു... എന്നും എഴുന്നേല്ക്കാറുണ്ട്... ഇന്നും എഴുന്നേറ്റു...

ഞാന്‍ കുളിച്ചു... എന്നും കുളിക്കാറുണ്ട് (സത്യം..!!!)... ഇന്നും കുളിച്ചു...

ഞാന്‍ ക്ളാസ്സില്‍ പോയി... എന്നും പോകാറുണ്ട്... ഇന്നും പോയി...

ഇപ്പോള്‍ ഞാന്‍ വായിക്കുന്നു... എന്നും വായിക്കാറുണ്ട്... ഇന്നും വായിക്കുന്നു...

ഇതിനെ റുട്ടീന്‍ എന്നാണത്രെ അവര്‍ വിളിക്കുകാ... !!!

പക്ഷേ റുട്ടീന്‍ എന്നാല്‍ വിരസതയെ പ്രതിനിധീകരിക്കണം എന്നാണ് വെയ്പ്പ്...

എനിക്കിതു വരെ മടുത്തിട്ടില്ല...

മ്മ്മ്... തീര്‍ത്തും മടുത്തിട്ടില്ലാ ... ??

മടുത്താല്‍ ബോറടിക്കണ്ടേ...
"ബോറടിച്ചൊ..??" എന്ന് ചോദിച്ചാല്‍ "ആരടിച്ചാലും ഞാന്‍ തിരിച്ചടിക്കും..." എന്നു ചളുക്കുന്ന സന്തതസഹചാരിയുടെ കേട്ടുതഴമ്പിച്ച മറുപടിയില്‍ പോലും ലവലേശം ബോറടി ഇല്ലാണ്ടായിരിക്കുന്നു.... (അതില്‍ ഞാന്‍ സ്വയം സഹതപിക്കുന്നു...!!!)

ഒരു പക്ഷേ ക്ഷണിക്കാതെന്നോ കൂടെ വന്ന് ചേര്‍ന്ന ആ വിരസതയോട് ഞാന്‍ ഇഴകിച്ചേര്‍ന്നതായിരിക്കാം..... ആവും...

എന്കിലും ഈ ’ഞാന്‍’ ഞാന്‍ മാത്രമാണോ.. ?? അവനും അവളും അവരും ’ഞാന്‍’ തന്നെയല്ലെ...??? അറിയില്ലാ..

ഒരു പക്ഷേ സൂപ്പര്‍ ലോട്ടൊ ഹേതുവൊ പാണ്ടിലോറി തടസ്സമൊ ആവാത്തിടത്തോളം എല്ലാവരുടെയും ജീവിതം റുട്ടീന്‍ തന്നെയല്ലെ...??

ആണ്,,, നിമിത്തങ്ങള്‍ വരുത്തിവയ്ക്കുന്ന നൈമിഷികങ്ങളായ മാറ്റങ്ങള്‍ മാറ്റിവയ്ക്കുകയാണെന്കില്‍....

നൈമിഷികങ്ങള്‍... ???
അതെ നൈമിഷികങ്ങള്‍ തന്നെ... പിന്നിട് അവിടുന്നങ്ങൊട്ട് വേറൊരു റുട്ടീന്‍..... അങ്ങനെ അല്ലെ..??
പ്രോഗ്രാമ്മ്ഡ് റോബോട്ട്സ്.... !!!!

അവര്‍ എന്നെ കണ്ടിഞ്ചന്‍റ് എന്‍റിറ്റി (contingent entity) എന്ന് വിളിക്കുന്നു...
അവര്‍ മറ്റാരുമല്ല... അവരും ഞാന്‍ തന്നെയാണ്... എന്‍റെ ഉള്ളില്‍ തന്നെയാണ്...
ലോസ് ഓഫ് കോസാലിറ്റി (laws of causality) എവിടെ ???
എനിക്ക് ഉത്തരം വേണം.... വയ്യ ഇനി...
എനിക്ക് വിരസത തോന്നുന്നു... !!!!

Saturday, July 17, 2010

എഞ്ജിനിയേഴ്സ് ടൂള്‍ ബോക്സ് ആന്ഡ് ദി ലെഫ്ട് സൈഡ് ഓഫ് ബ്രേയ്ന്‍... !!!

പെട്ടിയും പ്രമാണവുമെടുത്ത് നാട് വിടാന്‍ സമയമായല്ലൊ എന്ന് വിചാരിച്ചപ്പോഴാണ് സ്വന്തമായി ഒരു പെട്ടി ഇല്ലല്ലൊ എന്ന് ഓര്‍മിച്ചത്... (പ്രമാണം പിന്നെ പണ്ടേ ഇല്ലല്ലോ.. !!!!)

ഒട്ടും തന്നെ അമാന്തിച്ചില്ലാ...
വെച്ച് പിടിപ്പിച്ച് കടയില്‍ ചെന്നപ്പോഴേയ്ക്കും ഷട്ടര്‍ പാതി അടഞ്ഞിരുന്നു...
എന്കില്‍ പിന്നെ കുറയ്ക്കണ്ടാ എന്നു കരുതി..

“ചേട്ടാ ഒരു വലിയ പെട്ടി... ഈ ഉരുട്ടിക്കോണ്ട് പോണ സൈസ് മതി..”..

പണ്ടേ കയറ് കെട്ടി വലിച്ചോണ്ട് പോണ കളിപ്പാട്ടം വണ്ടികളോട് വലിയ കമ്പമായിരുന്നു..

അരിസ്റ്റോക്രാറ്റിന്‍റെ പെട്ടിക്ക് നാല്പത് ശതമാനം കിഴിവുണ്ടത്രെ... ഇരിക്കട്ടെ,, ബാക്കിയുള്ള പെട്ടികള്‍ക്കൊക്കെ വില ഇതിലും കുറവാണെന്കിലും കിഴിവില്ലല്ലൊ... ഇത് മതി...

റോട്ടിലൂടെ പെട്ടിയും ’ഉരുട്ടി’ വീട്ടില്‍ വരാനായിരുന്നു വലത് വശത്തിന്‍റെ ഇച്ഛയെന്കിലും നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇടത് വശം ഇംഗിതത്തിന് വഴങ്ങിയില്ല... !!! ( "അയ് ആം നോട്ട് അഫ്രൈഡ് ഓഫ് ദി സോസൈറ്റി" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെന്കിലും... )

അങ്ങനെ ഓട്ടോക്കാരനും കിട്ടി ഒരു ഇരുപത്... എന്കിലും പെട്ടിക്ക് ഡിസ്ക്കൗണ്ട് കിട്ടിയല്ലോ... അത് മതി..!!!

വീട്ടില്‍ നിന്ന് കൊണ്ട് പോകാനുള്ള ബുക്കും തുണികളും മറ്റും പെട്ടിയില്‍ നിറച്ച നിര്‍വൃതിയില്‍ പെട്ടി പൊക്കാന്‍ നോക്കിയപ്പോള്‍ ഇടത് വശം പിന്നെയും മന്ത്രിച്ചു..
“പണി പാളി മോനെ.. ഇത് നിലത്ത് നിന്നും ഒരിഞ്ചില്‍ കൂടുതല്‍ പൊക്കണമെന്കില്‍ നീ സി.ഐ.ടി.യു.-വില്‍ ചേരണം..”

ഇടത് വശത്തിന് വീണ്ടും സംശയം.. "തൂക്കം ഇരുപത് കിലോ കടക്കില്ല... പിന്നെന്താ ഇത് പൊങ്ങാത്തെ..."

പായ്ക്ക് ചെയ്ത പെട്ടി വീണ്ടും തുറക്കുന്നതു കണ്ട് “ടി…. എച്ച്.… ഐ…. ആര്‍.… ടി…. വൈ…… തേര്‍ട്ടി ” പഠിച്ച് കൊണ്ടിരുന്ന അനിയച്ചാര്‌ ഓടിയെത്തി..

“എന്താ കണ്ണന്‍ ചേട്ടാ പെട്ടി മുഴുവനും നിറയ്ക്കാത്തത്...”

“ഓഹോ... പെട്ടിയുടെ മാക്സിമം ലോഡ് ബയറിങ്ങ് കപ്പാസിറ്റി മുപ്പത് കിലോ.. ഇപ്പോള്‍ തന്നെ ഇരുപതായി... മാര്‍ജിന്‍ ഓഫ് സേഫ്റ്റി വിട്ട് ഒരു കളിയില്ല മക്കളേ..”

അനിയന്‍ കണ്ണുരുട്ടിയതാണോ അന്തിച്ചതാണോ..

ഏതായാലും അവിടെ വീണ്ടും തുടങ്ങി.. “ടി… എച്ച്… ഐ…. ആര്‍… ടി… വൈ… തേര്‍ട്ടി...”

നാല് വര്‍ഷം മെക്കാനിക്കല്‍ എഞ്ജിനിയറിംങ്ങ് പഠിച്ചത് കാരണം ഇടത് വശത്തിന് പെട്ടെന്ന് പുത്തി ഉദിച്ചു..

"അടിയില്‍ വെച്ചിരിക്കുന്ന പിണ്ഡം കൂടിയ പുസ്തകങ്ങള്‍ മുകളിലാക്കി പിണ്ഡം കുറഞ്ഞ തുണികള്‍ അടിയിലുമാക്കി പാക്ക് ചെയ്താല്‍ പെട്ടി പൊങ്ങേണ്ടതാണ്.."

“എഫ്.. ഓ... ആര്‍... ടി… വൈ….. ഫൊര്‍ട്ടി ...” എത്തിയപ്പോഴത്തേയ്ക്കും രണ്ടാമതും പായ്ക്കിംഗ് കഴിഞ്ഞു...

എന്നിട്ടോ... ?? ഇനി പെടാപ്പാടെന്തിന് എന്ന ഇടത് വശത്തിന്‍റെ ചോദ്യത്തിന് ശക്തമായ മറുപടിയെന്നോണം പെട്ടി തറയില്‍ നിന്ന് അനങ്ങാന്‍ കൂട്ടാക്കുന്നില്ലാ...

“ശോ.. ഇതെന്താ ഇത് പൊങ്ങാത്തെ... !!!!!!!!!!!!!!!!”

ആക്രോശം കേട്ട് അനിയന്‍ ബുക്കില്‍ നിന്ന് രണ്ട് കണ്ണുകളുമെടുത്ത് വീണ്ടും ഉരുട്ടി...

ഉരുട്ടലിന് മറുപടിയായി എനിക്കിതേ പറയാന്‍ കിട്ടിയുള്ളു..
“ഈ സെന്‍റെര്‍ ഓഫ് ഗ്രാവിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ല മക്കളെ.. നോക്കിക്കെ പെട്ടി പിന്നെയും പൊങ്ങുന്നില്ലാ...”

അവന്‍റെ മറുപടി എനിക്കായിരുന്നില്ലാ..
“അപ്പച്ചീ,, ഈ കൊച്ചേട്ടന്‍ എന്നെ പഠിക്കാന്‍ സമ്മതിക്കുന്നില്ലാ...!!!!”..

തൃപ്തിയായി.... ബാക്കി അവിടുന്ന് കേള്‍ക്കാം ...

ഏതായാലും ഒരു കാര്യത്തില്‍ സന്തോഷം...
ഇനി ഈ പെട്ടി ഉരുട്ടികോണ്ട് തന്നെ ഞാന്‍ പോകും... അല്ലാണ്ട് ഒരടി ഇവിടുന്ന് മുന്നോട്ട്... ങ്ങേഹെ... !!!!!!!!!!!!!

ഡെന്‍റിസ്റ്റ് തന്ന പോസ്റ്റ്...

പല്ല് ക്യാപ്പ് ചെയ്യണോ എന്നറിയാന്‍ ഡെന്‍റിസ്റ്റിന്‍റെ അടുത്ത് ചെന്നിരുന്നു കൊടുത്തപ്പോള്‍ വിചാരിച്ചില്ലാ ഇന്ന് തന്നെ അതങ്ങേര് അറുത്ത് മുറിച്ച് ഒരു പരുവമാക്കുമെന്ന്.. പയറ്മണി പോലെ നിന്ന മുന്‍പല്ലിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ ഒരു ചെറിയ കുറ്റി മാത്രം... !!!

“അടുത്ത ചൊവ്വാഴ്ച്ച നമുക്ക് ക്യാപ്പ് വെയ്ക്കാം.. ഇനി അന്നേ അപ്പോയിന്‍മെന്‍റ് കിട്ടൂ..."

കലാപരിപാടികള്‍ കഴിഞ്ഞപ്പോള്‍ ഡോക്ട്ട‍ര്‍ മൊഴിഞ്ഞു...

“ഇന്നിതു മുറിച്ച് നാശമാക്കി വ്വെച്ച സ്ഥിതിക്ക് ഞാനിനി ഇവിടെ വന്നേ പറ്റൂ അല്ലെ ?? കൊള്ളാം, നല്ല ടാക്ടിക്ക്സ്..” ..എന്ന് പറയണം എന്നുണ്ടായിരുന്നെന്കിലും ഞാന്‍ വിഴുങ്ങി...

ഏതായാലും അടുത്തതായി പല്ലിന്‍റെ ഇംപ്രഷന്‍ എടുക്കാന്‍ ഒരു ലേഡി ഡോക്ട്ട‍ര്‍ വന്നു... സമാധാനം... !!!

ശേഷം കിറിയില്‍ ഒട്ടിപ്പിടിച്ച ആ ഒണക്ക പശ ഞാന്‍ കഴുവാന്‍ തുടങ്ങിയതും അപ്പുറത്ത് നിന്ന് ഡാക്കിട്ട‍ര്‍ സാറിന്‍റെ വിളി...
“അവിടെ കുറ്റിയടിച്ച് നില്ക്കാതെ ഇങ്ങോട്ട് വന്നാട്ടെ, കളര്‍ ഷേഡ് നോക്കിയിട്ട് കഴുകിയാല്‍ മതി..”

“ആയിക്കോട്ടേ.. !!!”

മുന്നിലോട്ട് ചെന്ന് നിന്നതും അടുത്തത്..
“വാ തുറന്ന് തല അല്പം കുനിച്ചാട്ടെ.. എന്താ ആരുടെ മുന്നിലും തല കുനിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടോ.. ??”

“ഏയ് പക്ഷെ സാറിന്‍റെ മുന്നില്‍ കുനിയാന്‍‌ പേടി ആയിട്ടാ..”.. ഇല്ല,, പറഞ്ഞില്ലാ...

“A2 ഷേഡ് മതി..”

“മതി... അല്ല ഡോക്ട്ടറേ ഈ ചൊവ്വാ എന്നുള്ളത് ശനിയാഴ്ച്ച ആക്കാമോ.. ഞായറാഴ്ച്ച ഒരു കല്ല്യാണം ഉണ്ടായിരുന്നു...”

“കല്ല്യാണം നിന്‍റെ അല്ലല്ലോ.. ?? തല്ക്കാലം ഇങ്ങനെ പോയാല്‍ മതി..”

ചൊറിയന്‍.. !!!

“അടികൊണ്ടിളകിയ സ്വന്തം പല്ലുകളില്‍ പണിത് പഠിച്ചായിരിക്കുമല്ലെ സാറ് ഡെന്‍റിസ്റ്റ് ആയത്..??”.. ഇല്ലാ,, അതും ഞാന്‍ വിഴുങ്ങി...

“അപ്പോള്‍ അടുത്ത ചൊവ്വാഴ്ച്ച വാ.. ക്യാപ്പ് ഇടുന്നതിന് മൂവായിരം... ഇന്ന് ആയിരത്തി അഞ്ഞൂറ് തരണം..”

“ആയിക്കോട്ടെ.. അതും വിഴുങ്ങിക്കോ..” !!!