Saturday, July 17, 2010

എഞ്ജിനിയേഴ്സ് ടൂള്‍ ബോക്സ് ആന്ഡ് ദി ലെഫ്ട് സൈഡ് ഓഫ് ബ്രേയ്ന്‍... !!!

പെട്ടിയും പ്രമാണവുമെടുത്ത് നാട് വിടാന്‍ സമയമായല്ലൊ എന്ന് വിചാരിച്ചപ്പോഴാണ് സ്വന്തമായി ഒരു പെട്ടി ഇല്ലല്ലൊ എന്ന് ഓര്‍മിച്ചത്... (പ്രമാണം പിന്നെ പണ്ടേ ഇല്ലല്ലോ.. !!!!)

ഒട്ടും തന്നെ അമാന്തിച്ചില്ലാ...
വെച്ച് പിടിപ്പിച്ച് കടയില്‍ ചെന്നപ്പോഴേയ്ക്കും ഷട്ടര്‍ പാതി അടഞ്ഞിരുന്നു...
എന്കില്‍ പിന്നെ കുറയ്ക്കണ്ടാ എന്നു കരുതി..

“ചേട്ടാ ഒരു വലിയ പെട്ടി... ഈ ഉരുട്ടിക്കോണ്ട് പോണ സൈസ് മതി..”..

പണ്ടേ കയറ് കെട്ടി വലിച്ചോണ്ട് പോണ കളിപ്പാട്ടം വണ്ടികളോട് വലിയ കമ്പമായിരുന്നു..

അരിസ്റ്റോക്രാറ്റിന്‍റെ പെട്ടിക്ക് നാല്പത് ശതമാനം കിഴിവുണ്ടത്രെ... ഇരിക്കട്ടെ,, ബാക്കിയുള്ള പെട്ടികള്‍ക്കൊക്കെ വില ഇതിലും കുറവാണെന്കിലും കിഴിവില്ലല്ലൊ... ഇത് മതി...

റോട്ടിലൂടെ പെട്ടിയും ’ഉരുട്ടി’ വീട്ടില്‍ വരാനായിരുന്നു വലത് വശത്തിന്‍റെ ഇച്ഛയെന്കിലും നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇടത് വശം ഇംഗിതത്തിന് വഴങ്ങിയില്ല... !!! ( "അയ് ആം നോട്ട് അഫ്രൈഡ് ഓഫ് ദി സോസൈറ്റി" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെന്കിലും... )

അങ്ങനെ ഓട്ടോക്കാരനും കിട്ടി ഒരു ഇരുപത്... എന്കിലും പെട്ടിക്ക് ഡിസ്ക്കൗണ്ട് കിട്ടിയല്ലോ... അത് മതി..!!!

വീട്ടില്‍ നിന്ന് കൊണ്ട് പോകാനുള്ള ബുക്കും തുണികളും മറ്റും പെട്ടിയില്‍ നിറച്ച നിര്‍വൃതിയില്‍ പെട്ടി പൊക്കാന്‍ നോക്കിയപ്പോള്‍ ഇടത് വശം പിന്നെയും മന്ത്രിച്ചു..
“പണി പാളി മോനെ.. ഇത് നിലത്ത് നിന്നും ഒരിഞ്ചില്‍ കൂടുതല്‍ പൊക്കണമെന്കില്‍ നീ സി.ഐ.ടി.യു.-വില്‍ ചേരണം..”

ഇടത് വശത്തിന് വീണ്ടും സംശയം.. "തൂക്കം ഇരുപത് കിലോ കടക്കില്ല... പിന്നെന്താ ഇത് പൊങ്ങാത്തെ..."

പായ്ക്ക് ചെയ്ത പെട്ടി വീണ്ടും തുറക്കുന്നതു കണ്ട് “ടി…. എച്ച്.… ഐ…. ആര്‍.… ടി…. വൈ…… തേര്‍ട്ടി ” പഠിച്ച് കൊണ്ടിരുന്ന അനിയച്ചാര്‌ ഓടിയെത്തി..

“എന്താ കണ്ണന്‍ ചേട്ടാ പെട്ടി മുഴുവനും നിറയ്ക്കാത്തത്...”

“ഓഹോ... പെട്ടിയുടെ മാക്സിമം ലോഡ് ബയറിങ്ങ് കപ്പാസിറ്റി മുപ്പത് കിലോ.. ഇപ്പോള്‍ തന്നെ ഇരുപതായി... മാര്‍ജിന്‍ ഓഫ് സേഫ്റ്റി വിട്ട് ഒരു കളിയില്ല മക്കളേ..”

അനിയന്‍ കണ്ണുരുട്ടിയതാണോ അന്തിച്ചതാണോ..

ഏതായാലും അവിടെ വീണ്ടും തുടങ്ങി.. “ടി… എച്ച്… ഐ…. ആര്‍… ടി… വൈ… തേര്‍ട്ടി...”

നാല് വര്‍ഷം മെക്കാനിക്കല്‍ എഞ്ജിനിയറിംങ്ങ് പഠിച്ചത് കാരണം ഇടത് വശത്തിന് പെട്ടെന്ന് പുത്തി ഉദിച്ചു..

"അടിയില്‍ വെച്ചിരിക്കുന്ന പിണ്ഡം കൂടിയ പുസ്തകങ്ങള്‍ മുകളിലാക്കി പിണ്ഡം കുറഞ്ഞ തുണികള്‍ അടിയിലുമാക്കി പാക്ക് ചെയ്താല്‍ പെട്ടി പൊങ്ങേണ്ടതാണ്.."

“എഫ്.. ഓ... ആര്‍... ടി… വൈ….. ഫൊര്‍ട്ടി ...” എത്തിയപ്പോഴത്തേയ്ക്കും രണ്ടാമതും പായ്ക്കിംഗ് കഴിഞ്ഞു...

എന്നിട്ടോ... ?? ഇനി പെടാപ്പാടെന്തിന് എന്ന ഇടത് വശത്തിന്‍റെ ചോദ്യത്തിന് ശക്തമായ മറുപടിയെന്നോണം പെട്ടി തറയില്‍ നിന്ന് അനങ്ങാന്‍ കൂട്ടാക്കുന്നില്ലാ...

“ശോ.. ഇതെന്താ ഇത് പൊങ്ങാത്തെ... !!!!!!!!!!!!!!!!”

ആക്രോശം കേട്ട് അനിയന്‍ ബുക്കില്‍ നിന്ന് രണ്ട് കണ്ണുകളുമെടുത്ത് വീണ്ടും ഉരുട്ടി...

ഉരുട്ടലിന് മറുപടിയായി എനിക്കിതേ പറയാന്‍ കിട്ടിയുള്ളു..
“ഈ സെന്‍റെര്‍ ഓഫ് ഗ്രാവിറ്റിയില്‍ ഒന്നും ഒരു കാര്യവുമില്ല മക്കളെ.. നോക്കിക്കെ പെട്ടി പിന്നെയും പൊങ്ങുന്നില്ലാ...”

അവന്‍റെ മറുപടി എനിക്കായിരുന്നില്ലാ..
“അപ്പച്ചീ,, ഈ കൊച്ചേട്ടന്‍ എന്നെ പഠിക്കാന്‍ സമ്മതിക്കുന്നില്ലാ...!!!!”..

തൃപ്തിയായി.... ബാക്കി അവിടുന്ന് കേള്‍ക്കാം ...

ഏതായാലും ഒരു കാര്യത്തില്‍ സന്തോഷം...
ഇനി ഈ പെട്ടി ഉരുട്ടികോണ്ട് തന്നെ ഞാന്‍ പോകും... അല്ലാണ്ട് ഒരടി ഇവിടുന്ന് മുന്നോട്ട്... ങ്ങേഹെ... !!!!!!!!!!!!!

No comments:

Post a Comment