Sunday, August 8, 2010

എണ്‍പത്തിയാറും അന്പത്തിയാറും...


"ശ്ശൊ... ഈ ഫോണെടുക്കാന്‍ അച്ഛനെന്താ ഇത്ര താമസം !!!" എന്ന് ആത്മ’ഗതിച്ചതും’ അച്ഛന്‍ ഫോണെടുത്തതും ഒരുമിച്ചായിരുന്നു...

“വല്ല്യമ്മയ്ക്കെങ്ങനൊണ്ട്... ???” ഞാന്‍ ചോദിച്ചു...

(അമ്മൂമ്മെ ഞങ്ങള്‍ വല്ല്യമ്മ എന്നാണ് വിളിച്ച് പഠിച്ചത്...)

പ്രതീക്ഷിച്ച മറുപടിയെക്കാള്‍ കേള്‍ക്കാന്‍ സുഖകരമായ ഒന്നാണ് അച്ഛന്‍റെ കയ്യില്‍ നിന്ന് കിട്ടിയത്...

“നഴ്സുമാര്‍ക്ക് ഒരേ പരാതി... അമ്മൂമ്മ ഭയന്കര കുസൃതി ആണെന്ന്..!!!”

എനിക്ക് ചിരിയാണ് വന്നത്... !!!

ഞാന്‍ മനസ്സില്‍ കണ്ടു... വല്ല്യമ്മ ഗ്ളൂക്കോസ് ബോട്ടില്‍ എടുത്ത് ഹെഡ് നഴ്സിന്‍റെ തലയ്ക്കടിക്കുന്നു...

ഇ സി ജി വലിച്ച്പറിച്ചോടി, അപ്പുറത്തെ ബെഡ്ഡിലെ അപ്പൂപ്പേടെ ഓക്സിജന്‍ മാസ്ക് ഊരി കളയുന്നു....

എന്നിട്ട് കിലുക്കത്തിലെ രേവതിയെപ്പോലെ "ഇത്രയുമൊക്കെയെ ഞാന്‍ ചെയ്തുള്ളു, ഇതിനാ അവരെന്നെ..........." എന്ന മട്ടില്‍ പരാതിപ്പെട്ട് നില്ക്കുന്നു....

ചിരി നില്ക്കുന്നില്ല എന്ന് കണ്ട് അച്ഛന്‍ പറഞ്ഞു...

“എടാ എടാ, നീ അധികം ചിന്തിച്ച് പോകണ്ടാ... വീട്ടില്‍ പോകണം എന്ന് പറഞ്ഞ് വാശി... പിന്നെ കയ്യില്‍ എന്ത് ഒട്ടിച്ചാലും അത് പറിച്ച് കളയുന്നു... അത്രയും ഒക്കെയെ ഉള്ളു... അതെങ്ങനാ, നിന്‍റെ അല്ലെ വല്ല്യമ്മാ... !!!”

ആഹ്... ഞാന്‍ ഏതറ്റം വരെ ചിന്തിച്ച് പോകുമെന്ന് അച്ഛന്‍ മനസിലാക്കിയിരിക്കുന്നു...

“പിന്നെ,, അച്ഛന്‍ കേറി കണ്ടപ്പോള്‍ വല്ല്യമ്മ എന്ത് പറഞ്ഞു...” ???

“വീട്ടില്‍ പോകണം എന്നു പറഞ്ഞു... കൂട്ടത്തില്‍ ഒരു കെട്ട് പരാതി...”

“ഭക്ഷണം ശെരിയാവുന്നില്ലാ...

അവര്‍ തരുന്ന ചോറ് വെന്തിട്ടില്ലാ,, അതെങ്ങനെ ഞാന്‍ കഴിക്കും...??? ഇത്തിരി കൂടി വേവിച്ച് കുറച്ച് ചൂട് കഞ്ഞി വെള്ളവും കൂടി ചേര്‍ത്ത് കൊണ്ട് തരാമെന്കില്‍ ഞാന്‍ മോന്തി കുടിച്ചോളാമെന്ന് ആ പെണ്ണുങ്ങളോട് (നഴ്സുമാര്‍) ഞാന്‍ പറഞ്ഞതാ... !!!

ചായക്കാണേല്‍ തീര്‍ത്തും മധുരമില്ലാ... അതവര്‍ക്കിത്തിരി പഞ്ചസാരയിട്ട് തന്നൂടെ..??

എന്‍റെ മുണ്ടും നേരിയതും ഒക്കെ അവര്‍ കൊണ്ട് പോയി.. ഇപ്പോള്‍ വേറെ എന്തോ ആണ് പുതപ്പിച്ചിരിക്കുന്നത്... എന്‍റെ തുണി തിരിച്ച് തരാന്‍ പറഞ്ഞിട്ട് ഒട്ട് തരുന്നുമില്ലാ..!!!”

പരാതി പറഞ്ഞ് മടുത്തിട്ടൊ എന്തോ, അടുത്ത് സിറിഞ്ചുമായി കുത്താന്‍ നിന്ന ന്ഴ്സിനോട് വല്ല്യമ്മയുടെ നിഷ്കളന്കമായ അഭ്യര്‍ഥന...

“എനിക്ക് കുറച്ച് ചായ വെച്ച് തരാമൊ കൊച്ചെ....”

ആറും അറുപതുമൊരുപോലെന്കില്‍ എണ്‍പത്താറിനെ എന്തിനോടുപമിക്കാം...?? ചിന്തിക്കാണ്ടിരുന്നില്ല... !!!

അച്ഛന്‍ തുടര്‍ന്നു...

“ഇതിനിടയ്ക്ക് "കണ്ണനോട് ഒന്നും പറയണ്ട,, ദൂരം എത്രയാന്നു വെച്ചാ" എന്ന് പറയാനും മറന്നില്ലാ... പിന്നെയും വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിയാണ്... എന്താ ചെയ്കാ..”

“എന്നിട്ടച്ഛന്‍ എന്ത് പറഞ്ഞു...”

“നാളെ രാവിലെ ഡോക്ടര്‍ വരട്ടെ.... ചെറിയ തലകറക്കം ഒക്കെയില്ലെ,, നമുക്കത് മാറാന്‍ ഒരു ബട്ടന്‍സ് ഒക്കെ പിടിപ്പിച്ചുടനെ പോകാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചിരിക്കുവാണിപ്പോള്‍”

“ ബട്ടന്‍സൊ...? അപ്പോള്‍... ???”

“ആ.. പേസ് മേക്കര്‍ വെയ്ക്കേണ്ടി വന്നേക്കും... അറിയില്ലാ... നാളെ കാലത്തെ ഡോക്ടര്‍ വരട്ടെ...”

ഇപ്പോള്‍ ദാ വന്നിരിക്കുന്നു ഞാന്‍ ആദ്യം ചോദിച്ച ചോദ്യത്തിനുത്തരം...

അച്ഛന്‍ അങ്ങനാണ്... എന്ത് പറയേണ്ടി വന്നാലും വിഷമിപ്പിക്കാണ്ട് പറയാന്‍ അറിയാം......

1 comment:

  1. Kollam, If this did happen, your father is one in a million!!

    My Regards

    ReplyDelete