Friday, January 7, 2011

ഒളിച്ചോട്ടം...


“ഈ ലോകത്തിലാരും മണ്ടന്മാരായി ജനിക്കുന്നില്ലാ... ഈ സമൂഹമാണ് അവരെ മണ്ടന്മാരാക്കി മാറ്റുന്നത്...”

പക്ഷെ ദിലീപ് മോന്‍ ചെറുതിലേ തന്നെ പൊട്ടനായിരുന്നു... അല്ലെങ്കില്‍ പിന്നെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അടിയുണ്ടാക്കി വീട് വിടാന്‍ തീരുമാനിക്കുമൊ...

സാഹചര്യം കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കില്‍....

അന്ന് ഞാന്‍ രണ്ടാം തരത്തില്‍... പള്ളിക്കൂടം തുറന്ന് മഴ തകര്‍ക്കുന്ന ആദ്യ ആഴ്ച... പാരഗണ്‍ വള്ളിച്ചെരുപ്പുകൊണ്ട് മഴ വെള്ളവും തെന്നിച്ച്, അച്ഛന്‍റെ വലത് കൈയ്യില്‍ തൂങ്ങി പുത്തന്‍ കുട വാങ്ങാനുള്ള ആ നടത്തത്തിലുടനീളം എന്‍റെ കുഞ്ഞു മനസ്സ് നിറയെ കണക്ക്കൂട്ടലുകളായിരുന്നു...

“സ്റ്റിക്കര്‍ (name slip) ഫ്രീ കിട്ടുന്ന കുട തന്നെ നോക്കി വാങ്ങണം.....

മനു സണ്ണിക്ക് തിളങ്ങുന്ന സ്റ്റിക്കറും വിസിലും കൂട്ടത്തില്‍ ഫ്രീ കിട്ടി... പിന്നെ നെഗളിപ്പ് കൂട്ടാന്‍ അവന്‍റെയാ ലൈറ്റ് കത്തണ പരട്ട ഷൂസും.... എന്തായിരുന്നു അവന്‍റെ പത്രാസ്... എനിക്ക് സ്റ്റിക്കറെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ അവന്‍റെ മുഖത്തെങ്ങനെ നോക്കും...”

കടയിലെത്തി വെളുക്കനെ ചിരിക്കുന്ന താടിക്കാരന്‍ കട ചേട്ടനോട് ആദ്യം തന്നെ അച്ഛന്‍ കാണാതെ ഒതുക്കത്തില്‍ നയം വ്യക്തമാക്കി...

“അതേയ്... ഈ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കുട മതി............... അച്ഛനറിയണ്ടാ...”

കട ചേട്ടന്‍ നിരാശപ്പെടുത്തിയില്ല... കമ്പിക്കറ്റത്ത് ഉരുണ്ട വെള്ള മൊട്ട് വെച്ച ആ കുട്ടിക്കുടയുടെ കൂട്ടത്തില്‍ തിളങ്ങുന്ന പന്ത്രണ്ട് സ്റ്റിക്കര്‍... എന്‍റെ കണ്ണുകളും സന്തോഷത്താല്‍ തിളങ്ങി...

അച്ഛന്‍റെ കയ്യിലോട്ട് നീട്ടിയ വെള്ളക്കൂടില്‍ നിന്നും സ്റ്റിക്കറെടുത്ത് ഇടത് കൈയ്യില്‍ പിടിച്ച്, കുട അച്ഛന്‍റെ കയ്യിലും കൊടുത്ത്, കട ചേട്ടനെ തിരിച്ച് വെളുക്കനെ ചിരിച്ച് കാണിച്ച്, വലത് കൈ കൊണ്ട് റ്റാറ്റയും കൊടുത്ത് ഞാന്‍ കടയുടെ പടിയിറങ്ങി...

ഇറങ്ങണ വഴി പുറകില്‍ നിന്ന് പുള്ളിയുടെ നിര്‍ദേശം...

“മോനേ... മാമന്‍റെ കടയില്‍ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കാര്യം കൂട്ടുകാരോടെല്ലാം പറയണം...”

പിന്നേ... പയ്യെ പറയും.... നോക്കി ഇരുന്നോ...

ഏതായാലും ഞാന്‍ തിരിഞ്ഞ് നോക്കി പുള്ളിയെ ഒന്നു കൂടെ വെളുക്കനെ ചിരിച്ച് കാണിച്ച് കൊണ്ട് തലയാട്ടി...

“ശരി മാമാ...”

മറ്റന്നാള്‍ പുത്തന്‍ കുടയും, അതിനേക്കാളുപരി തിളങ്ങുന്ന സ്റ്റിക്കറും ആയി ക്ളാസ്സില്‍ പോണ കാര്യവും സ്വപ്നം കണ്ട് വീട്ടിലോട്ട് കയറിയതും വാതില്ക്കല്‍ തന്നെ കഴുകന്‍ കണ്ണുകളുമായി എന്‍റെ സ്റ്റിക്കറിലും നോട്ടമിട്ട് ചേട്ടന്‍ നില്പ്പുണ്ടായിരുന്നു...

ഒതുക്കത്തില്‍ പോക്കറ്റിലൊളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാലമാടന്‍ കണ്ട് പിടിച്ച് കളഞ്ഞു...

അച്ഛനാകട്ടെ വന്ന് കയറിയ ഉടന്‍ തന്നെ കാപ്പിയും കുടിച്ച് ആപ്പീസില്‍ പോകാന്‍ റെഡിയായി. സ്ഥിരം ക്വോട്ട ആയ ഉമ്മയും റ്റാറ്റയ്യും നല്കി സോപ്പിട്ട് അച്ഛനെ ആപ്പീസിലോട്ട് പറഞ്ഞ് വിട്ട് ഞാന്‍ തിരിഞ്ഞതും, ചേട്ടന്‍ മുന്നില്‍ ചാടി വീണതും ഒരുമിച്ചായിരുന്നു..

പോക്കറ്റില്‍ കിടന്ന് സ്റ്റിക്കര്‍ പന്ത്രണ്ടും പൊടുന്നനെ ചേട്ടന്‍റെ കയ്യില്‍..

“എടാ ചെറുക്കാ... എനിക്കാ പുസ്തകം കൂടുതല്‍.... നേയ്മ് സ്ളിപ്പ് പത്തെണ്ണം ഞാനെടുക്കുവാ... നിനക്കു രണ്ടെണ്ണം മതി...”

അതില്‍ രണ്ടെണ്ണം കീറി എനിക്ക് നേരെ നീട്ടി ചേട്ടന്‍റെ ആജ്ഞ..!!!

“പറ്റില്ലാ... ആറെണ്ണം എനിക്ക് വേണം...” ചേട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച്, കടിച്ച് പറിച്ച്, ഞാന്‍ പറഞ്ഞു....

“ഒന്ന് പോട ചെക്കാ..” ... പുച്ഛം.... !!!!

എന്നെ തള്ളി മാറ്റി സ്റ്റിക്കറുമായി ചേട്ടന്‍ തിരിഞ്ഞ് നടന്നു...

എന്‍റെ കണ്ണുകള്‍ തുളുമ്പി.... ഈശ്വരാ,,, മനു സണ്ണി... !!!!

അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ചോരത്തിളപ്പില്‍ ഞാന്‍ തിരിച്ചടിച്ചു....

ആദ്യത്തെ അടി ചേട്ടന്‍റെ മുതുകത്ത്...

പക്ഷെ പിന്നെ ഒരൊറ്റ എണ്ണം മിസ്സായില്ലാ... എല്ലാം ഞാന്‍ തന്നെ വാങ്ങിച്ച് കൂട്ടി...

അടിയും പിടിയും ബഹളവും കേട്ട് അടുക്കളയില്‍ നിന്ന് ദീപശിഖപോല്‍ കറിക്കത്തിയും കയ്യിലേന്തി ഓടിയെത്തിയ അമ്മയ്ക്ക് മുന്നില്‍ കരഞ്ഞ് പിഴിഞ്ഞ് ഞാനും, പിന്നെ എന്നെ പിഴിഞ്ഞ് ചേട്ടനും ന്യായാന്യായങ്ങള്‍ വാദിച്ചപ്പോള്‍ അമ്മ നൈസായി ചേട്ടന്‍റെ സൈഡ് പിടിച്ചു...

കുട്ടി ഞാന്‍ വിട്ടുകൊടുക്കുമോ...

“ഓഹോ... അപ്പൊ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍, അമ്മേ, എനിക്കീ വീട് വിട്ടിറങ്ങേണ്ടി വരും....” എന്നിലെ നാടക നടന്‍ ഗൗരവം വിട്ടില്ല...

അമ്മയും ചേട്ടനും പൊട്ടിച്ചിരി തുടങ്ങി...

ആകെ ചമ്മി നാറിയെങ്കിലും ഞാന്‍ ഒന്നുകൂടി വീട് വിടല്‍ പ്രഖ്യാപനം നടത്തി നോക്കി...

“നോക്കിക്കോ... ഞാനിനി ഈ വീട്ടില്‍ കയറില്ല... ഒരിക്കലും...!!!”

എവിടെ... പട്ടി വില... രണ്ട് പേര്‍ക്കും ഒരു കൂസലുമില്ല..

അരിശം കയറി മുറിയില്‍ പോയി കണ്ണില്‍ കണ്ട ഒരു സഞ്ചിക്കകത്ത് രണ്ട് നിക്കറും, മൂന്ന് യൂണിഫോറം ഷര്‍ട്ടും, ഒരു തോര്‍ത്തും എടുത്ത് കിഴക്കു വശെയുള്ള ചിറ്റയുടെ വീട്ടിലേക്ക് കുടിയേറാന്‍ ഞാന്‍ പ്ളാനിട്ടു... അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.. ഒന്നുമില്ലെങ്കിലും ഇവരെ ഒന്നു പേടിപ്പിക്കാമല്ലൊ...

കെട്ടിയെടുക്കുന്നതിനു മുന്നെ രണ്ട് പേരോടുമായി ഒന്നൂടെ :

“അപ്പഴെ,, ഞാന്‍ പോകുന്നു..”

അമ്മയുടെ വകയായിരുന്നു മറുപടി..

“നീ എങ്ങോട്ട് വേണെങ്കിലും പൊയ്ക്കൊ.... പക്ഷെ മൂന്ന് കണ്ടീഷന്‍...

1. നിന്‍റെ ചിറ്റേടങ്ങു പോകരുത്.

2. വടക്കേലെ സാറിന്‍റെ വീട്ടിലോട്ടു വേണ്ടാ.

3. പാലാ വീട്ടിലും (അമ്മ വീട്) ചെന്ന് കയറിയേക്കരുത്... “

പണി പാളി.... ഈ മൂന്ന് വീടുകളിലോട്ടല്ലാതെ ഞാന്‍ വേറെങ്ങോട്ട് പോകാന്‍... തിരിച്ചകത്തോട്ട് കയറണൊ അതൊ അമ്മ തിരിച്ച് വിളിക്കുന്നത് വരെ പടിയില്‍ തന്നെ കുറ്റിയടിച്ച് നില്ക്കണൊ എന്ന അങ്കലാപ്പില്‍ ഒരു കാലകത്തും മറുകാല്‍ പുറത്തുമായി നിന്ന എന്‍റെയടുത്ത് ചേട്ടന്‍റെ ചൊറിയുന്ന ഡയലോഗ്...

“ഡാ... എന്താ ഇറങ്ങുന്നില്ലെ ?? പോകുന്ന വഴി ആ വാതിലും കൂടി അങ്ങ് ചാരിയേക്ക്...”

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായക്ക് മുറുമുറുപ്പൊ... എരിതീയില്‍ എണ്ണ ഒഴിക്കുന്ന തെണ്ടി ചേട്ടാ... !!!

ഞാന്‍ ചേട്ടനെ 'കൂലങ്കഷമായി' ഒന്ന് നോക്കി...
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാ... എങ്ങോട്ടാണെങ്കിലും ഇറങ്ങുക തന്നെ...

ഇറങ്ങുന്നതിനു മുന്നെ തിരിച്ചു കയറി മേശപ്പുറത്തിരുന്ന രണ്ട് നോട്ട് ബുക്കും, രണ്ടാം തരത്തിലെ പുസ്തകവും, കഴിഞ്ഞിവസം അമ്മ വാങ്ങി തന്ന പേനാ പെന്‍സിലും എടുത്ത് തോള്‍ സഞ്ചിയില്‍ ഇട്ടു (ദുരുദ്ദേശം : “എവിടെ പോയാലും പഠിച്ച് വലിയ ആളാകണം. എന്നിട്ട് തിരിച്ച് വന്ന് ചേട്ടന്‍റെ മുന്നില്‍ നെഞ്ചും വിരിച്ച് നില്ക്കണം”). കൂട്ടത്തില്‍ ഞാന്‍ സഞ്ചിയില്‍ തുണിക്കിടയില്‍ റേഡിയോയ്ക്ക് അരികില്‍ ഇരുന്ന യേശുദാസിന്‍റെ പടമുള്ള പാട്ട് പുസ്തകവും ചേട്ടന്‍ കാണ്‍കെ തിരുകി... (ദുരുദ്ദേശം : വെറുതെ ഒരു ജാഡയ്ക്ക്... അന്ന് പാട്ട് വായിക്കാന്‍ പോയിട്ട് നേരെ ചൊവ്വെ കൂട്ടി വായിക്കാന്‍ പോലും അറിയില്ലാ..)


തോളത്ത് സഞ്ചിയും തൂക്കി ധൈര്യപൂര്‍വ്വം ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി വച്ച് പിടിപ്പിച്ച എന്നെ അമ്മ അരക്കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു...

കിട്ടിയപാടെ എന്നെ പൊക്കിയെടുത്ത് രണ്ട് പൊട്ടിച്ച് വീട്ടിലോട്ട് ചുമക്കണ വഴി ഞാന്‍ കൈ കാലിട്ടടിച്ച് കാറിക്കൂവി അലമ്പാക്കുകയും ചെയ്തു...

അങ്ങനെ തിളങ്ങുന്ന സ്റ്റിക്കറും, അയല്‍പക്കകാരുടെ മുന്നില്‍ എന്‍റെ മാനവും ഗോവിന്ദാ.... !!!

അന്ന് കെട്ട നാണം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ സഹായിച്ചത് അയല്പക്കത്തെ തോമസ് കുട്ടിയാണ്...

നമ്മുടെ ഈ കഥയിലെ ഹീറോ...

കൃത്യം അടുത്ത വര്‍ഷം ഏതാണ്ട് ഇതേ സമയം. വെറുതേ ഇരുന്ന് ബോറടിച്ചിട്ടോ എന്തോ, അന്ന് എന്‍റെ പള്ളിക്കൂടത്തില്‍ തന്നെ ആറാം തരത്തില്‍ പഠിച്ച് വന്ന അയല്പക്കത്തെ തോമസ് കുട്ടിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് ബോംബേയ്ക്ക് ഒളിച്ചോടാന്‍ തീരുമാനിച്ചു (ദുരുദ്ദേശം : ബോംബേയില്‍ പോയി കുറെ കാശുണ്ടാക്കണം. എന്നിട്ട് ബെന്‍സ് കാറുമായി പാലായില്‍ തിരിച്ച് വരണം)

തോമസ് കുട്ടി തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാനുമായി, അത് വരെ നാഗമ്പടം പാലത്തില്‍ നിന്ന് മാത്രം തീവണ്ടി നേരില്‍ കണ്ടിട്ടുള്ള മൂവര്‍ സംഘം, തീവണ്ടിയില്‍ കയറി ബോംബേയ്ക്ക് പോകാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

റേയില്‍വേ സ്റ്റേഷന്‍ അന്ന് ആദ്യമായി കണ്ട തോമസുകുട്ടി, കഴിഞ്ഞ മാസം ജീവിതത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സ്വയം ടിക്കറ്റെടുത്ത പരിചയത്തില്‍ റേയില്‍വേ കൗണ്ടറില്‍ ക്യൂ നിന്നു...

ഊഴമെത്തിയപ്പോള്‍ കൗണ്ടറിലെ ചേച്ചിയോട് ഒട്ടും തന്നെ ഗൗരവം വിടാതെ തോമസുകുട്ടി :

“ചേച്ചീ,,, മൂന്ന് ബോംബേ.... !!!”

ചേച്ചി അന്താളിച്ചു... ചേച്ചിയുടെ അമ്പരപ്പ് കണ്ട് അമ്പരന്ന തോമസുകുട്ടി പന്തികേട് മണത്ത് കയ്യിലിരുന്ന ബാഗും കൊണ്ട് ഓടി...

നാട്ടുകാര്‍ ഓടിയ വഴി പിടികൂടി....

വിശദമായ ചോദ്യം ചെയ്യലില്‍ തോമസുകുട്ടിയുടെ മാസ്റ്റര്‍ പ്ളാന്‍ വെള്ളത്തിലായി....

മൂന്നു പേരെയും തൂക്കിയെടുത്ത് പോലീസ് വീട്ടിലും എത്തിച്ചു...

എന്നിട്ടോ.... പാലായില്‍ ഇന്ന് എന്‍റെ വീടിനടുത്ത് തൊമസുകുട്ടിമാരും, തൊമ്മന്മാരും, തോമസുകളും പലരുണ്ട്....

പക്ഷെ ‘ബോംബേ തോമാ’... അതൊരൊറ്റ ആളെ ഉള്ളു... !!!


അടിക്കുറിപ്പ് : “ഈ ലോകത്തിലാരും ബോംബേ തോമയായി ജനിക്കുന്നില്ല... ഈ സമൂഹമാണ് അവരെ ബോംബേ തോമകളാക്കി മാറ്റുന്നത്...”

5 comments:

  1. മൂന്നാമതൊരു ഒളിച്ചോട്ടം ഉണ്ടാവുകയാണെങ്കില്‍ എവിടെക്കായിരിക്കും എന്നൊരു ചോദ്യം എറിഞ്ഞു കൊണ്ട് ചാണ്ടി വിട വാങ്ങുന്നു....
    നല്ല എഴുത്ത്...എനിക്ക് തോന്നുന്നു രണ്ടാമത്തെ ഒളിച്ചോട്ടം ഒന്ന് കൂടി വലുതാക്കി, വേറൊരു പോസ്റ്റായി ഇടാമായിരുന്നെന്ന്....

    ReplyDelete
  2. ഹ ഹ ഹ.. കൊള്ളാം.. ഇങ്ങനെയൊക്കെയല്ലേ ഉള്ളിലുള്ള തനികൊണം പുറത്തെടുക്കുന്നത്.. ഹ ഹ.. നല്ല എഴുത്ത്.. ആശംസകള്‍..

    ReplyDelete
  3. kidilam...kidilol kidilam...ninte ullile aa ezhuthukaarane unarthu...avanodu ______ ozhichittu kidakkan para....on a serious note....super kettoda "manushya"...i liked it so much....

    ReplyDelete
  4. nice one dileep...enjoyed it from start to finish..

    ReplyDelete