Friday, January 7, 2011

ഒളിച്ചോട്ടം...


“ഈ ലോകത്തിലാരും മണ്ടന്മാരായി ജനിക്കുന്നില്ലാ... ഈ സമൂഹമാണ് അവരെ മണ്ടന്മാരാക്കി മാറ്റുന്നത്...”

പക്ഷെ ദിലീപ് മോന്‍ ചെറുതിലേ തന്നെ പൊട്ടനായിരുന്നു... അല്ലെങ്കില്‍ പിന്നെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അടിയുണ്ടാക്കി വീട് വിടാന്‍ തീരുമാനിക്കുമൊ...

സാഹചര്യം കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കില്‍....

അന്ന് ഞാന്‍ രണ്ടാം തരത്തില്‍... പള്ളിക്കൂടം തുറന്ന് മഴ തകര്‍ക്കുന്ന ആദ്യ ആഴ്ച... പാരഗണ്‍ വള്ളിച്ചെരുപ്പുകൊണ്ട് മഴ വെള്ളവും തെന്നിച്ച്, അച്ഛന്‍റെ വലത് കൈയ്യില്‍ തൂങ്ങി പുത്തന്‍ കുട വാങ്ങാനുള്ള ആ നടത്തത്തിലുടനീളം എന്‍റെ കുഞ്ഞു മനസ്സ് നിറയെ കണക്ക്കൂട്ടലുകളായിരുന്നു...

“സ്റ്റിക്കര്‍ (name slip) ഫ്രീ കിട്ടുന്ന കുട തന്നെ നോക്കി വാങ്ങണം.....

മനു സണ്ണിക്ക് തിളങ്ങുന്ന സ്റ്റിക്കറും വിസിലും കൂട്ടത്തില്‍ ഫ്രീ കിട്ടി... പിന്നെ നെഗളിപ്പ് കൂട്ടാന്‍ അവന്‍റെയാ ലൈറ്റ് കത്തണ പരട്ട ഷൂസും.... എന്തായിരുന്നു അവന്‍റെ പത്രാസ്... എനിക്ക് സ്റ്റിക്കറെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ അവന്‍റെ മുഖത്തെങ്ങനെ നോക്കും...”

കടയിലെത്തി വെളുക്കനെ ചിരിക്കുന്ന താടിക്കാരന്‍ കട ചേട്ടനോട് ആദ്യം തന്നെ അച്ഛന്‍ കാണാതെ ഒതുക്കത്തില്‍ നയം വ്യക്തമാക്കി...

“അതേയ്... ഈ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കുട മതി............... അച്ഛനറിയണ്ടാ...”

കട ചേട്ടന്‍ നിരാശപ്പെടുത്തിയില്ല... കമ്പിക്കറ്റത്ത് ഉരുണ്ട വെള്ള മൊട്ട് വെച്ച ആ കുട്ടിക്കുടയുടെ കൂട്ടത്തില്‍ തിളങ്ങുന്ന പന്ത്രണ്ട് സ്റ്റിക്കര്‍... എന്‍റെ കണ്ണുകളും സന്തോഷത്താല്‍ തിളങ്ങി...

അച്ഛന്‍റെ കയ്യിലോട്ട് നീട്ടിയ വെള്ളക്കൂടില്‍ നിന്നും സ്റ്റിക്കറെടുത്ത് ഇടത് കൈയ്യില്‍ പിടിച്ച്, കുട അച്ഛന്‍റെ കയ്യിലും കൊടുത്ത്, കട ചേട്ടനെ തിരിച്ച് വെളുക്കനെ ചിരിച്ച് കാണിച്ച്, വലത് കൈ കൊണ്ട് റ്റാറ്റയും കൊടുത്ത് ഞാന്‍ കടയുടെ പടിയിറങ്ങി...

ഇറങ്ങണ വഴി പുറകില്‍ നിന്ന് പുള്ളിയുടെ നിര്‍ദേശം...

“മോനേ... മാമന്‍റെ കടയില്‍ തിളങ്ങുന്ന സ്റ്റിക്കര്‍ ഫ്രീ കിട്ടുന്ന കാര്യം കൂട്ടുകാരോടെല്ലാം പറയണം...”

പിന്നേ... പയ്യെ പറയും.... നോക്കി ഇരുന്നോ...

ഏതായാലും ഞാന്‍ തിരിഞ്ഞ് നോക്കി പുള്ളിയെ ഒന്നു കൂടെ വെളുക്കനെ ചിരിച്ച് കാണിച്ച് കൊണ്ട് തലയാട്ടി...

“ശരി മാമാ...”

മറ്റന്നാള്‍ പുത്തന്‍ കുടയും, അതിനേക്കാളുപരി തിളങ്ങുന്ന സ്റ്റിക്കറും ആയി ക്ളാസ്സില്‍ പോണ കാര്യവും സ്വപ്നം കണ്ട് വീട്ടിലോട്ട് കയറിയതും വാതില്ക്കല്‍ തന്നെ കഴുകന്‍ കണ്ണുകളുമായി എന്‍റെ സ്റ്റിക്കറിലും നോട്ടമിട്ട് ചേട്ടന്‍ നില്പ്പുണ്ടായിരുന്നു...

ഒതുക്കത്തില്‍ പോക്കറ്റിലൊളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാലമാടന്‍ കണ്ട് പിടിച്ച് കളഞ്ഞു...

അച്ഛനാകട്ടെ വന്ന് കയറിയ ഉടന്‍ തന്നെ കാപ്പിയും കുടിച്ച് ആപ്പീസില്‍ പോകാന്‍ റെഡിയായി. സ്ഥിരം ക്വോട്ട ആയ ഉമ്മയും റ്റാറ്റയ്യും നല്കി സോപ്പിട്ട് അച്ഛനെ ആപ്പീസിലോട്ട് പറഞ്ഞ് വിട്ട് ഞാന്‍ തിരിഞ്ഞതും, ചേട്ടന്‍ മുന്നില്‍ ചാടി വീണതും ഒരുമിച്ചായിരുന്നു..

പോക്കറ്റില്‍ കിടന്ന് സ്റ്റിക്കര്‍ പന്ത്രണ്ടും പൊടുന്നനെ ചേട്ടന്‍റെ കയ്യില്‍..

“എടാ ചെറുക്കാ... എനിക്കാ പുസ്തകം കൂടുതല്‍.... നേയ്മ് സ്ളിപ്പ് പത്തെണ്ണം ഞാനെടുക്കുവാ... നിനക്കു രണ്ടെണ്ണം മതി...”

അതില്‍ രണ്ടെണ്ണം കീറി എനിക്ക് നേരെ നീട്ടി ചേട്ടന്‍റെ ആജ്ഞ..!!!

“പറ്റില്ലാ... ആറെണ്ണം എനിക്ക് വേണം...” ചേട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച്, കടിച്ച് പറിച്ച്, ഞാന്‍ പറഞ്ഞു....

“ഒന്ന് പോട ചെക്കാ..” ... പുച്ഛം.... !!!!

എന്നെ തള്ളി മാറ്റി സ്റ്റിക്കറുമായി ചേട്ടന്‍ തിരിഞ്ഞ് നടന്നു...

എന്‍റെ കണ്ണുകള്‍ തുളുമ്പി.... ഈശ്വരാ,,, മനു സണ്ണി... !!!!

അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ചോരത്തിളപ്പില്‍ ഞാന്‍ തിരിച്ചടിച്ചു....

ആദ്യത്തെ അടി ചേട്ടന്‍റെ മുതുകത്ത്...

പക്ഷെ പിന്നെ ഒരൊറ്റ എണ്ണം മിസ്സായില്ലാ... എല്ലാം ഞാന്‍ തന്നെ വാങ്ങിച്ച് കൂട്ടി...

അടിയും പിടിയും ബഹളവും കേട്ട് അടുക്കളയില്‍ നിന്ന് ദീപശിഖപോല്‍ കറിക്കത്തിയും കയ്യിലേന്തി ഓടിയെത്തിയ അമ്മയ്ക്ക് മുന്നില്‍ കരഞ്ഞ് പിഴിഞ്ഞ് ഞാനും, പിന്നെ എന്നെ പിഴിഞ്ഞ് ചേട്ടനും ന്യായാന്യായങ്ങള്‍ വാദിച്ചപ്പോള്‍ അമ്മ നൈസായി ചേട്ടന്‍റെ സൈഡ് പിടിച്ചു...

കുട്ടി ഞാന്‍ വിട്ടുകൊടുക്കുമോ...

“ഓഹോ... അപ്പൊ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍, അമ്മേ, എനിക്കീ വീട് വിട്ടിറങ്ങേണ്ടി വരും....” എന്നിലെ നാടക നടന്‍ ഗൗരവം വിട്ടില്ല...

അമ്മയും ചേട്ടനും പൊട്ടിച്ചിരി തുടങ്ങി...

ആകെ ചമ്മി നാറിയെങ്കിലും ഞാന്‍ ഒന്നുകൂടി വീട് വിടല്‍ പ്രഖ്യാപനം നടത്തി നോക്കി...

“നോക്കിക്കോ... ഞാനിനി ഈ വീട്ടില്‍ കയറില്ല... ഒരിക്കലും...!!!”

എവിടെ... പട്ടി വില... രണ്ട് പേര്‍ക്കും ഒരു കൂസലുമില്ല..

അരിശം കയറി മുറിയില്‍ പോയി കണ്ണില്‍ കണ്ട ഒരു സഞ്ചിക്കകത്ത് രണ്ട് നിക്കറും, മൂന്ന് യൂണിഫോറം ഷര്‍ട്ടും, ഒരു തോര്‍ത്തും എടുത്ത് കിഴക്കു വശെയുള്ള ചിറ്റയുടെ വീട്ടിലേക്ക് കുടിയേറാന്‍ ഞാന്‍ പ്ളാനിട്ടു... അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.. ഒന്നുമില്ലെങ്കിലും ഇവരെ ഒന്നു പേടിപ്പിക്കാമല്ലൊ...

കെട്ടിയെടുക്കുന്നതിനു മുന്നെ രണ്ട് പേരോടുമായി ഒന്നൂടെ :

“അപ്പഴെ,, ഞാന്‍ പോകുന്നു..”

അമ്മയുടെ വകയായിരുന്നു മറുപടി..

“നീ എങ്ങോട്ട് വേണെങ്കിലും പൊയ്ക്കൊ.... പക്ഷെ മൂന്ന് കണ്ടീഷന്‍...

1. നിന്‍റെ ചിറ്റേടങ്ങു പോകരുത്.

2. വടക്കേലെ സാറിന്‍റെ വീട്ടിലോട്ടു വേണ്ടാ.

3. പാലാ വീട്ടിലും (അമ്മ വീട്) ചെന്ന് കയറിയേക്കരുത്... “

പണി പാളി.... ഈ മൂന്ന് വീടുകളിലോട്ടല്ലാതെ ഞാന്‍ വേറെങ്ങോട്ട് പോകാന്‍... തിരിച്ചകത്തോട്ട് കയറണൊ അതൊ അമ്മ തിരിച്ച് വിളിക്കുന്നത് വരെ പടിയില്‍ തന്നെ കുറ്റിയടിച്ച് നില്ക്കണൊ എന്ന അങ്കലാപ്പില്‍ ഒരു കാലകത്തും മറുകാല്‍ പുറത്തുമായി നിന്ന എന്‍റെയടുത്ത് ചേട്ടന്‍റെ ചൊറിയുന്ന ഡയലോഗ്...

“ഡാ... എന്താ ഇറങ്ങുന്നില്ലെ ?? പോകുന്ന വഴി ആ വാതിലും കൂടി അങ്ങ് ചാരിയേക്ക്...”

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായക്ക് മുറുമുറുപ്പൊ... എരിതീയില്‍ എണ്ണ ഒഴിക്കുന്ന തെണ്ടി ചേട്ടാ... !!!

ഞാന്‍ ചേട്ടനെ 'കൂലങ്കഷമായി' ഒന്ന് നോക്കി...
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാ... എങ്ങോട്ടാണെങ്കിലും ഇറങ്ങുക തന്നെ...

ഇറങ്ങുന്നതിനു മുന്നെ തിരിച്ചു കയറി മേശപ്പുറത്തിരുന്ന രണ്ട് നോട്ട് ബുക്കും, രണ്ടാം തരത്തിലെ പുസ്തകവും, കഴിഞ്ഞിവസം അമ്മ വാങ്ങി തന്ന പേനാ പെന്‍സിലും എടുത്ത് തോള്‍ സഞ്ചിയില്‍ ഇട്ടു (ദുരുദ്ദേശം : “എവിടെ പോയാലും പഠിച്ച് വലിയ ആളാകണം. എന്നിട്ട് തിരിച്ച് വന്ന് ചേട്ടന്‍റെ മുന്നില്‍ നെഞ്ചും വിരിച്ച് നില്ക്കണം”). കൂട്ടത്തില്‍ ഞാന്‍ സഞ്ചിയില്‍ തുണിക്കിടയില്‍ റേഡിയോയ്ക്ക് അരികില്‍ ഇരുന്ന യേശുദാസിന്‍റെ പടമുള്ള പാട്ട് പുസ്തകവും ചേട്ടന്‍ കാണ്‍കെ തിരുകി... (ദുരുദ്ദേശം : വെറുതെ ഒരു ജാഡയ്ക്ക്... അന്ന് പാട്ട് വായിക്കാന്‍ പോയിട്ട് നേരെ ചൊവ്വെ കൂട്ടി വായിക്കാന്‍ പോലും അറിയില്ലാ..)


തോളത്ത് സഞ്ചിയും തൂക്കി ധൈര്യപൂര്‍വ്വം ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി വച്ച് പിടിപ്പിച്ച എന്നെ അമ്മ അരക്കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു...

കിട്ടിയപാടെ എന്നെ പൊക്കിയെടുത്ത് രണ്ട് പൊട്ടിച്ച് വീട്ടിലോട്ട് ചുമക്കണ വഴി ഞാന്‍ കൈ കാലിട്ടടിച്ച് കാറിക്കൂവി അലമ്പാക്കുകയും ചെയ്തു...

അങ്ങനെ തിളങ്ങുന്ന സ്റ്റിക്കറും, അയല്‍പക്കകാരുടെ മുന്നില്‍ എന്‍റെ മാനവും ഗോവിന്ദാ.... !!!

അന്ന് കെട്ട നാണം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ സഹായിച്ചത് അയല്പക്കത്തെ തോമസ് കുട്ടിയാണ്...

നമ്മുടെ ഈ കഥയിലെ ഹീറോ...

കൃത്യം അടുത്ത വര്‍ഷം ഏതാണ്ട് ഇതേ സമയം. വെറുതേ ഇരുന്ന് ബോറടിച്ചിട്ടോ എന്തോ, അന്ന് എന്‍റെ പള്ളിക്കൂടത്തില്‍ തന്നെ ആറാം തരത്തില്‍ പഠിച്ച് വന്ന അയല്പക്കത്തെ തോമസ് കുട്ടിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് ബോംബേയ്ക്ക് ഒളിച്ചോടാന്‍ തീരുമാനിച്ചു (ദുരുദ്ദേശം : ബോംബേയില്‍ പോയി കുറെ കാശുണ്ടാക്കണം. എന്നിട്ട് ബെന്‍സ് കാറുമായി പാലായില്‍ തിരിച്ച് വരണം)

തോമസ് കുട്ടി തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാനുമായി, അത് വരെ നാഗമ്പടം പാലത്തില്‍ നിന്ന് മാത്രം തീവണ്ടി നേരില്‍ കണ്ടിട്ടുള്ള മൂവര്‍ സംഘം, തീവണ്ടിയില്‍ കയറി ബോംബേയ്ക്ക് പോകാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി.

റേയില്‍വേ സ്റ്റേഷന്‍ അന്ന് ആദ്യമായി കണ്ട തോമസുകുട്ടി, കഴിഞ്ഞ മാസം ജീവിതത്തില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സ്വയം ടിക്കറ്റെടുത്ത പരിചയത്തില്‍ റേയില്‍വേ കൗണ്ടറില്‍ ക്യൂ നിന്നു...

ഊഴമെത്തിയപ്പോള്‍ കൗണ്ടറിലെ ചേച്ചിയോട് ഒട്ടും തന്നെ ഗൗരവം വിടാതെ തോമസുകുട്ടി :

“ചേച്ചീ,,, മൂന്ന് ബോംബേ.... !!!”

ചേച്ചി അന്താളിച്ചു... ചേച്ചിയുടെ അമ്പരപ്പ് കണ്ട് അമ്പരന്ന തോമസുകുട്ടി പന്തികേട് മണത്ത് കയ്യിലിരുന്ന ബാഗും കൊണ്ട് ഓടി...

നാട്ടുകാര്‍ ഓടിയ വഴി പിടികൂടി....

വിശദമായ ചോദ്യം ചെയ്യലില്‍ തോമസുകുട്ടിയുടെ മാസ്റ്റര്‍ പ്ളാന്‍ വെള്ളത്തിലായി....

മൂന്നു പേരെയും തൂക്കിയെടുത്ത് പോലീസ് വീട്ടിലും എത്തിച്ചു...

എന്നിട്ടോ.... പാലായില്‍ ഇന്ന് എന്‍റെ വീടിനടുത്ത് തൊമസുകുട്ടിമാരും, തൊമ്മന്മാരും, തോമസുകളും പലരുണ്ട്....

പക്ഷെ ‘ബോംബേ തോമാ’... അതൊരൊറ്റ ആളെ ഉള്ളു... !!!


അടിക്കുറിപ്പ് : “ഈ ലോകത്തിലാരും ബോംബേ തോമയായി ജനിക്കുന്നില്ല... ഈ സമൂഹമാണ് അവരെ ബോംബേ തോമകളാക്കി മാറ്റുന്നത്...”

Thursday, September 16, 2010

"യേ കിത്നാ ഹായ്...."

ചൈനീസ് കഴിഞ്ഞാല്‍ വശത്താക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണത്രെ... !!!
കാണ്‍പൂരിലേക്കുള്ള ട്രെയ്ന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ഹിന്ദിക്കാരന്‍ ചേട്ടനും ചേച്ചിയും അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഉള്ളില്‍ വല്ലാണ്ടൊരു അഭിമാനം തോന്നി...
തല ഉയര്‍ത്തിഞാന്‍ മലയാളി ആണെന്നുള്ളഅഹങ്കാരത്തില്‍ വലത് വശത്തിരുന്ന തരുണീമണിയുടെ നേരെ കണ്ണോടിച്ചതും ലവള്‍ടെ ഒടുക്കത്തെ ചോദ്യം...

"Exactly, how many alphabets are there in Malayalam...???"

പണി പാളി... അന്‍പത്തൊന്നൊ, അന്‍പത്തഞ്ചൊ, അന്‍പത്താറോ......
പശു ചാണകമിടുന്ന ഭാവത്തില്‍ ഞാന്‍ എതിര്‍ വശത്തിരുന്ന ഡെല്‍ഹിക്കാരന്‍ മള്ളു അങ്കിളിനെ നോക്കി....
"അതിപ്പൊ... ഞങ്ങള് പഠിച്ചകാലത്ത് പഴയ ലിപി ആയിരുന്നല്ലൊ... ( എന്തര് പുള്ളേ,, അതുകൊണ്ട്.. ??? ).. പുതിയ ലിപിയില്‍ എത്രയാണെന്ന് അങ്ങനെ കൃത്യമായി ചോദിച്ചാല്‍...... അത്... ഏതാണ്ട്.... റേഞ്ച് വന്നല്ലോ.... എന്‍റെ മോളു വിളിക്കുന്നുണ്ട് കെട്ടോ.. ഹലോ... ഹലോ.... !!!"

ഒവ്വേ... റേഞ്ച് വരും....!! മോളും വിളിക്കും..... !!!
അങ്കിള് അങ്ങനെ നൈസായി തടിയൂരി...

തുറിച്ച് നോക്കുന്ന ആറു ഹിന്ദിക്കണ്ണുകള്‍ക്കു മുന്നില്‍ നാണം കെടണ്ടാ എന്ന് കരുതി ഞാന്‍ തന്നെ ഇടത് കൈ വിരലില്‍ എണ്ണി തുടങ്ങി...

" ...."

മുഴുവിപ്പിക്കേണ്ടി വന്നില്ലാ...... അപ്പൊഴത്തേയ്ക്കും തന്നെ അവിടെ കൂട്ടച്ചിരിയായി.... !!!

എങ്കിലും അന്ന് ട്രെയ്നില്‍ നിന്നിറങ്ങി ഉത്തരേന്ത്യന്‍ മണ്ണില്‍ ആദ്യമായി കാല്‍വെച്ചപ്പോള്‍ മലയാളം പഠിച്ചെങ്കില്‍ ഹിന്ദിയൊക്കെ ഇനി ചീളു കേസ്,,, പട്ടിയെപ്പോലെ പഠിച്ചെടുക്കും എന്നൊരു ആത്മവിശ്വാസം ബാക്കിയുണ്ടായിരുന്നു...

കഴിഞ്ഞ രണ്ടു ദിവസത്തെ ഒണക്ക ട്രെയ്ന്‍ ഭക്ഷണത്തിന്‍റെഅന്തര്‍ധാരയുടെകെട്ടിറക്കാന്‍ റെയില്‍വേ ടൊയലറ്റില്‍ കയറി " യേ കിത്നാ ഹായ്...??? " എന്ന് ചോദിച്ചപ്പോഴും,,, കെട്ടിറക്കിക്കൊണ്ടിരുന്ന വഴി എന്‍റെ നിസ്സഹായതയും നിഷ്കളങ്കതയും ചൂഷണം ചെയ്ത് ഏതോ ഒരു ഡാഷുമോന്‍ പഴ്സിലുണ്ടായിരുന്ന അഞ്ഞൂറ് ഉലുവയും . ടി. എം. കാര്‍ഡും പോക്കറ്റടിച്ചപ്പോഴും ആത്മവിശ്വാസത്തിന് ലവലേശം കോട്ടം തട്ടിയില്ല താനും...

അത്കൊണ്ട് തന്നെ " യേ കിത്നാ ഹായ് " കൈ വിട്ടുമില്ലാ.. !!!

റോഡ് സൈഡിലെ ജ്യൂസ് കടയില്‍ നിരത്തി വച്ചിരുന്ന മൂസമ്പി ചൂണ്ടി കടക്കാരനോടും മൊഴിഞ്ഞു..
" ഭയ്യാ,,, യേ കിത്നാ ഹായ്....??? "

വാവട്ടമില്ലാത്ത നീളം കൂടിയ ചില്ല് ഗ്ലാസില്‍ നീട്ടിയ ഓറഞ്ച് നിറമുള്ള ജ്യൂസിനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു,,, ആദ്യ ദിവസം തന്നെ ഹിന്ദി പറഞ് ഫലിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... എന്നോടാ കളി... !!!

ഗ്ലാസ്സ് ഞാന്‍ വാങ്ങിയതും ഭയ്യ ഭവ്യതയോടെ എന്‍റെ മുഖത്ത് നോക്കി ഒരു ഡയലോഗ്.....

" നമക്.... ??? "

നമക്കൊ’... ?? അമ്മെ... ഇതിപ്പൊ ഇനി എന്തരാണാവൊ...
തലയില്‍ ട്യൂബ് ലൈറ്റ് ഉടന്‍ തന്നെ മിന്നി... " നമക്..??? ഇത് നമസ്കാരം തന്നെ..."
എത്ര സ്നേഹമുള്ള ഭയ്യാ... രണ്ടു കൈയ്യും കൂപ്പി തലകുനിച്ച് ഞാനും തിരിച്ച് വച്ച് കാച്ചി...

".... നമക്...." !!!!!!!!!

യെവന്‍ എവിടുന്ന് വന്നെടാ,,, രാവിലെ തന്നെ കുറ്റിയും പറിച്ച് ഓരോന്ന് എഴുന്നള്ളിക്കോളും എന്ന പുച്ഛ ഭാവത്തില്‍ ഭയ്യചമച്’ (സ്പൂണ്‍) നീട്ടിക്കൊണ്ട് പറഞ്ഞു...

"സാള്‍ട്ട്...."

ഓഹോ... സാള്‍ട്ട് എന്ന് പറയാന്‍ അറിഞ്ഞിരുന്നിട്ടാണോടൊ ജാഡ തെണ്ടി ഭയ്യാ.... അവന്‍റെ ഒരു നമക്....

നാണക്കേടായല്ലൊ ഈശ്വരാ.... വിചാരിച്ച പോലല്ലാ... ഹിന്ദി പുലിയാണ് കെട്ടാ.... !!!

അടുത്ത അങ്കത്തിന് ഊഴം ഹോസ്റ്റല്‍ ക്യാന്‍റ്റീനിലായിരുന്നു....
അങ്ങനിപ്പൊ മോശക്കാരനാകണ്ടല്ലൊ എന്ന് കരുതി കൂടെയുണ്ടായിരുന്ന ഹിന്ദിക്കാരന്‍ സഹപാഠിയെ പിന്നില്‍ നിര്‍ത്തി ഞാന്‍ തന്നെ ക്യാന്‍റ്റീന്‍ ഭയ്യയോട് ഓഡര്‍ ചെയ്തു....

"ഭയ്യാ... ഏക് ദോ ചായ്.... "
(ഭയ്യ ഒരു രണ്ടു ചായ എന്നു പറയുകയായിരുന്നു ഉദ്ദെശം....)

ഠിം..... !!!!

വന്നിട്ടിപ്പൊ മാസം ഒന്നര കഴിഞ്ഞു...
ഞാനിപ്പോഴുംയേ കിത്നാ ഹായ്’- ഇല്‍ തന്നെ നില്ക്കുന്നു... കൂട്ടത്തില്‍ ആംഗ്യ ഭാഷയിലും പ്രാവിണ്യം നേടി വരുന്നു...
പക്‍ഷേ ക്യാന്‍റീന്‍ ഭയ്യ വല്ലാണ്ടങ്ങു പുരോഗമിച്ചു....
"ഭയ്യാ... കടുപ്പം കൂട്ടി ഒരു രണ്ട് ചായ..." എന്ന് പറഞ്ഞാല്‍ പുള്ളിക്കിപ്പൊ കാര്യം പിടി കിട്ടും...

ആരെടാ പറഞ്ഞത് മലയാളമാണ് പഠിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ എന്ന്.... !!!!

Saturday, August 21, 2010

ഉപേക്ഷിക്കപെട്ടവന്‍റെ ഉന്മാദം.....

ഇന്നത്തെ മഴയെന്നെ ഈയാംപാറ്റകള്‍ വിളിച്ചറിയിച്ചിരുന്നില്ല.
അതുകൊണ്ടു തന്നെയൊ എന്തൊ,, മണ്ണിന്‍റെ ഗന്ധം ഞാനിന്ന് കൂടുതല്‍ ആസ്വദിച്ചു...

എന്തിനാണവിടെയും ഒരു അനാവശ്യ സംശയത്തിന്‍റെ നിഴല്‍,, അതുകൊണ്ടു തന്നെ...
പുതു മഴയ്ക്കെന്നും ഒരേ ഗന്ധം തന്നെയല്ലെ.. അതെ...
പക്ഷെ ഇന്നത്തെ മഴയ്ക്ക് ’അപ്രതീക്ഷിത’ത്തില്‍ ചാലിച്ച കടുപ്പമേറിയ ഉണര്‍വേകുന്ന ഗന്ധം ആയിരുന്നു... !!!

ചില ദിവസങ്ങള്‍ അങ്ങനെയാണ്... പ്രതീക്ഷിക്കാതെ കിട്ടുന്ന സന്തോഷം,, അത് മാനസികാവസ്ഥയില്‍ വരുത്തി വയ്ക്കുന്ന മാറ്റം....

നിര്‍വികാരതയായിരുന്നു അത് വരെ... മനസ്സ് മുരടിച്ചവന്‍റെ ഒരു തരം മരവിപ്പ്... എന്നും വരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന മരണത്തോട് പോലും എന്തെന്നില്ലാത്ത വിരക്തി...

വഴിയിലുട നീളം ഞാനെന്‍റെ കാല് വെയ്പ്പുളെ മാത്രം നിസ്സംഗതയോടെ നോക്കി നടന്നു...
തലയുയര്‍ത്തി മുന്നോട്ട് നോക്കുവാന്‍ പേടിയായിരുന്നു... ദുരൂഹതയാല്‍ ഗ്രഹണപ്പെട്ട ഇടവഴികള്‍ ഒന്നൊന്നായി വന്ന് ചേര്‍ന്നുകൊണ്ടിരുന്നു...

വഴിയിലിരുവശവും നിന്നെന്നെ നോക്കി പുഞ്ചിരിച്ച സഹതാപത്തിന്‍റെ സന്തതികളുടെ നിഴലില്‍ പുച്ഛത്തിന്‍റെ ചെകിടിപ്പിക്കുന്ന മധുരം മാത്രമാണ് ഞാന്‍ കണ്ടെത്തിയത്....

ആ നിഴലുകള്‍ എന്‍റെ കാലുകളെ വല്ലാതെ കറുപ്പിച്ചിരുന്നു...
പിന്നീടാ കറുപ്പ് എന്‍റെ മേലാകെ പടര്‍ന്നു...

പടര്‍ന്ന് പടര്‍ന്ന് പടര്‍ന്ന് പടര്‍ന്ന് പന്തലിച്ചു....

ആ പന്തലില്‍ വെച്ച് നാളെ കുറുക്കന്‍റേം കോഴീടേം കല്ല്യാണം... :p

എല്ലാരും വരണം.... ഇനി ക്ഷണിച്ചില്ലാ എന്ന് പറയരുത്.…
അവിടെ കുറച്ച് ’കിളികളെ’ ആവശ്യമുണ്ട്.... :p